അന്ന ബെന്‍, സൂരി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രമാണ് കൊട്ടുകാളി. ചിത്രത്തിന് വേണ്ടി തമിഴ് പഠിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് അന്ന ബെൻ. താൻ അഭിനയിക്കാൻ പോകുമ്പോൾ തന്നെ സംവിധായകൻ തനിക്ക് കുറച്ച് ഡയലോഗുകൾ മാത്രമേയുള്ളൂയെന്ന് പറഞ്ഞിരുന്നെന്നും അത് കേട്ടപ്പോൾ സമാധാനമായെന്നും അന്ന ബെൻ പറയുന്നുണ്ട്.
ലൊക്കേഷനിൽ എല്ലാവരും തമിഴ് അല്ലാതെ വേറെ ഒരു ഭാഷയും സംസാരിച്ചിരുന്നില്ലെന്നും അത് തനിക്ക് ഭാഷ പഠിക്കാൻ എളുപ്പമാക്കിയെന്നും അന്ന ബെൻ കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അന്ന.
‘ഭയങ്കര ഇന്ററസ്റ്റിങ് ആയിട്ടുള്ള കാര്യം എന്താണെന്ന് വെച്ചാൽ എനിക്ക് പടത്തിൽ കുറേ ഡയലോഗ്സ് ഒന്നുമില്ല. അതാണ് ആദ്യം എന്നോട് ഈ സിനിമയുടെ സംവിധായകൻ പറഞ്ഞത്. എനിക്ക് ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു,കാരണം ഇത് ഭയങ്കര ഡെപ്ത് ഉള്ള സിനിമയാണ്. അദ്ദേഹം സിനിമയുടെ കഥ പറഞ്ഞ സമയത്ത് ‘നീ വെറുതെ ടെൻഷൻ ആവണ്ട, നിനക്ക് ഒന്നുരണ്ട് ലൈൻസ് മാത്രമേ പറയാനുള്ളൂ’ എന്ന് പറഞ്ഞു. അപ്പോഴാണ് എനിക്ക് സമാധാനമായത്.
മറ്റൊരു രസകരമായ കാര്യം എന്താന്ന് വെച്ചാൽ ഞാൻ അവിടെ എത്തിയപ്പോൾ അവിടെയുള്ള ആരും തമിഴല്ലാതെ വേറൊരു ഭാഷയും സംസാരിക്കുന്നില്ല. ഇംഗ്ലീഷ്, മലയാളം ഒന്നുമില്ല. എല്ലാവരും തമിഴ് മാത്രമാണ് സംസാരിക്കുന്നത്. അപ്പോൾ ഞാൻ അറിയാതെ തന്നെ ആ ഭാഷ പഠിച്ചെടുത്തു.
അങ്ങനെ പെട്ടെന്ന് പഠിച്ചെടുക്കാൻ കഴിഞ്ഞു. എനിക്ക് കുറച്ചൊക്കെ തമിഴ് പറയാനറിയെങ്കിലും അവർ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നപോലെ പറയാനൊന്നും കഴിയില്ലായിരുന്നു. ഞാൻ ആ ഭാഷ നന്നായിട്ട് പഠിച്ചെടുത്തു. പിന്നീട് ഞാൻ അവിടെയുള്ള ആളുകളോടെല്ലാം തമിഴിൽ തന്നെയാണ് സംസാരിച്ചത്. എന്റെ ടീം പോലും തമിഴ് പഠിച്ചെടുത്തു. അവരും തമിഴ് വേഗം പഠിക്കുകയും ഞങ്ങൾ പിന്നീട് സംസാരിച്ചതൊക്കെ ആ ഭാഷയിൽ തന്നെയായിരുന്നു,’ അന്ന ബെൻ പറഞ്ഞു.
അന്ന ബെന്‍, സൂരി എന്നിവര്‍ കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ് ആണ് നിർമിക്കുന്നത്. പി.എസ്. വിനോദ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി ശക്തിവേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗണേഷ് ശിവയാണ് എഡിറ്റിങ്.
Content Highlight: Anna ben about how she learned tamil language