മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്ന താരമാണ് അന്ന ബെന്‍. നാല് വര്‍ഷത്തെ കരിയറില്‍ വെറും എട്ട് ചിത്രങ്ങള്‍ മാത്രം ചെയ്ത അന്ന 2020ല്‍ പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. ഒട്ടനവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ കൈയടി നേടിയ കൂട്ടുകാലി എന്ന തമിഴ് ചിത്രത്തിലും അന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എ.ഡിയാണ് അന്നയുടെ പുതിയ ചിത്രം. പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപികാ പദുകോണ്‍ തുടങ്ങി വന്‍ താരനിര ഒന്നിച്ച ചിത്രത്തില്‍ അന്ന അവതരിപ്പിച്ച കൈറ എന്ന കഥാപാത്രം ഒരുപാട് കൈയടികള്‍ നേടി. ഡിസ്റ്റോപ്പിയന്‍ ലോകത്തെ യോദ്ധാവായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് അന്ന ബെന്‍.
താന്‍ ചെയ്ത രണ്ടാമത്തെ ആക്ഷന്‍ ചിത്രമാണ് കല്‍ക്കിയെന്നും ആദ്യത്തെ ആക്ഷന്‍ സിനിമ മലയാളത്തിലാണെന്നും എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ആ സിനിമ ഉപേക്ഷിക്കേണ്ടി വന്നെന്നും അന്ന ബെന്‍ പറഞ്ഞു. മുപ്പത് ദിവസത്തോളം ഷൂട്ട് ചെയ്ത ശേഷമാണ് ആ സിനിമ നിന്നുപോയതെന്നും ആ സിനിമയില്‍ ഫൈറ്റ് ചെയ്തത് കല്‍ക്കിയില്‍ ഗുണം ചെയ്‌തെന്നും അന്ന ബെന്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ ആദ്യമായി ആക്ഷന്‍ സീനുകള്‍ ചെയ്തത് കല്‍ക്കിയിലല്ല. കല്‍ക്കി എന്റെ കരിയറിലെ രണ്ടാമത്തെ ആക്ഷന്‍ സിനിമയാണ്. ആദ്യത്തേത് ഒരു മലയാളം സിനിമയായിരുന്നു. രഞ്ജന്‍ പ്രമോദ് സാറായിരുന്നു അതിന്റെ ഡയറക്ടര്‍. കപ്പേളക്ക് ശേഷം ഞാന്‍ ചെയ്ത സിനിമയായിരുന്നു അത്. ആ സിനിമക്ക് വേണ്ടി ഒരുപാട് ട്രെയിന്‍ ചെയ്തിരുന്നു. 60 ദിവസം കൊണ്ട് ചെയ്യാന്‍ പ്ലാനുള്ള സിനിമയായിരുന്നു അത്.
പക്ഷേ 30 ദിവസം ഷൂട്ട് ചെയ്ത ശേഷം ആ സിനിമ നിര്‍ത്തിവെച്ചു. എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ആ സിനിമ പിന്നീട് നടന്നില്ല. അതിന്റെ കാരണമെന്താണെന്ന് എനിക്ക് ഇതുവരെ അറിയില്ല. ആ സിനിമക്ക് വേണ്ടി ഞാന്‍ പഠിച്ച ഫൈറ്റെല്ലാം കല്‍ക്കിയില്‍ ഗുണം ചെയ്തു. ആദ്യമായിട്ട് ആക്ഷന്‍ സീനുകള്‍ ചെയ്യുന്നതിന്റെ നെര്‍വസ്‌നെസ്സ് ഉണ്ടായിരുന്നില്ല,’ അന്ന ബെന്‍ പറഞ്ഞു.
Content Highlight: Anna Ben about her dropped action movie in Malayalam