മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്ന താരമാണ് അന്ന ബെന്‍. നാല് വര്‍ഷത്തെ കരിയറില്‍ വെറും എട്ട് ചിത്രങ്ങള്‍ മാത്രം ചെയ്ത അന്ന 2020ല്‍ പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. ഒട്ടനവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ കൈയടി നേടിയ കൂട്ടുകാലി എന്ന തമിഴ് ചിത്രത്തിലും അന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എ.ഡി എന്ന ചിത്രത്തിലെ അന്നയുടെ പ്രകടനവും വലിയ ശ്രദ്ധ നേടിയിരുന്നു. എന്തൊക്കെ ചെയ്താലും തന്റെ കഥാപാത്രം നന്നാവണമെന്നായിരുന്നു ചിന്തിച്ചിരുന്നതെന്ന് പറയുകയാണ് അന്ന ബെൻ.
അന്ന് ഒരുപാട് മണ്ടത്തരമൊക്കെ ചെയ്യുമായിരുന്നുവെന്നും വലിയ അഭിനേതാക്കളും ടെക്നീഷ്യൻമാരുമാണ് തനിക്ക് നിർദേശങ്ങളൊക്കെ തന്നതെന്നും നടൻ ലാലൊക്കെ നിമിഷ നേരം കൊണ്ടായിരുന്നു കഥാപാത്രമായി മാറിയിരുന്നതെന്നും അന്ന പറഞ്ഞു. ഒരു അഭിനേതാവെന്ന നിലയിൽ അങ്ങനെ മാറാനാണ് ഏറ്റവും പ്രയാസമെന്നും അന്ന ബെൻ ലീഫി സ്റ്റോറീസിനോട് പറഞ്ഞു.
‘ഹെലൻ എന്റെ രണ്ടാമത്തെ സിനിമ കപ്പേള എന്റെ മൂന്നാമത്തെ സിനിമ. ആ സമയത്ത് ഞാൻ പഠിച്ചു വരുന്നതേയുള്ളൂ. അന്ന് ഞാൻ മനസിൽ വിചാരിക്കുന്നത്, എന്തൊക്കെ ചെയ്താലും എന്റെ കഥാപാത്രം നല്ല രീതിയിൽ അവതരിപ്പിക്കണമെന്നാണ്.
ആ ഒരു വിചാരം മാത്രമേ അപ്പോഴുള്ളൂ. എന്ത് മണ്ടത്തരവും ആ സമയത്ത് ചെയ്യും, അങ്ങനെയായിരുന്നു. പക്ഷെ കുറെ മുന്നോട്ട് പോയപ്പോൾ ഒരുപാട് സീനിയർ ആക്ടേർസ് എനിക്ക് ഉപദേശം തന്നിട്ടുണ്ട്. അതുപോലെ ടെക്നീഷ്യൻസും. സത്യത്തിൽ അങ്ങനെ ചെയ്യേണ്ട ഒരു കാര്യവുമില്ല.
ഞാൻ കണ്ട് വന്നിട്ടുള്ള ഒരു സീനിയർ ആക്ടറാണ് ലാലങ്കിൾ. ഹെലനിൽ അദ്ദേഹം എന്റെ അച്ഛനായിരുന്നു. ലാലങ്കിളൊക്കെ നിമിഷം നേരം കൊണ്ടാണ് ഓണും ഓഫും ആവുന്നത്. പെട്ടെന്ന് കഥാപാത്രമായി മാറി പെർഫോം ചെയ്ത് അപ്പോൾ തന്നെ അദ്ദേഹം നോർമൽ ലൈഫിലേക്ക് തിരിച്ച് പോവും. ഒരു അഭിനേതാവ് എന്ന നിലയിൽ അങ്ങനെയൊക്കെ മാറാനാണ് ശരിക്കും ബുദ്ധിമുട്ട്,’അന്ന ബെൻ പറയുന്നു.