| Thursday, 3rd April 2025, 6:45 pm

കരിക്കില്‍ ആ വേഷം ചെയ്തത് ആസ്വദിച്ച്; എനിക്ക് ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ച കഥാപാത്രം: ആന്‍ സലീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ആന്‍ സലീം. മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിമിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് വന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലും ആന്‍ പങ്കെടുത്തിരുന്നു.

ഷോയില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ചതിനെ തുടര്‍ന്ന് ആന്‍ സലീമിന് ലാല്‍ ജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു.

പിന്നീട് വൈറസ്, പ്രണയമീനുകളുടെ കടല്‍, ഹൃദയം, തല്ലുമാല തുടങ്ങി മികച്ച സിനിമകളുടെ ഭാഗമാകുകയും ജിയോ ഹോട്ട്സ്റ്റാറില്‍ സംപ്രേഷണം ചെയ്ത ലവ് അണ്ടര്‍ കണ്‍സ്രക്ഷന്‍ എന്ന വെബ് സീരീസില്‍ അഭിനയിക്കുകയും ചെയ്തു.

ഒപ്പം ജനപ്രിയ യൂട്യൂബ് ചാനലായ കരിക്കിന്റെ ചില സീരീസുകളിലും ആന്‍ സലീം അഭിനയിച്ചിരുന്നു. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു പ്രിയപ്പെട്ടവന്‍ പിയൂഷ് എന്ന സീരീസിലെ വേഷം. ഇപ്പോള്‍ ആ സീരീസില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് ആന്‍.

‘സിനിമാകരിയര്‍ ശ്രമങ്ങള്‍ക്കിടയില്‍ ഞാന്‍ ഏറെ ആസ്വദിച്ചും സന്തോഷിച്ചും ചെയ്ത പ്രോജക്ട് ഏതാണെന്ന് ചോദിച്ചാല്‍, തീര്‍ച്ചയായും അത് കരിക്കിന്റെ പ്രിയപ്പെട്ടവന്‍ പിയൂഷ് ആണ്.

കരിക്ക് യുവാക്കള്‍ക്കിടയില്‍ എത്ര വലിയ സ്വാധീനം ചെലുത്തിയ ബ്രാന്‍ഡാണ്. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ശരിക്കും വലിയ അവസരമായിരുന്നു.

എനിക്ക് ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ച ഒരു പ്രോജക്ടായിരുന്നു അത്. ഒരു സിനിമ ചെയ്യുന്നതിലും വലിയ രീതിയില്‍ പ്രിയപ്പെട്ടവന്‍ പിയൂഷിലെ എന്റെ കഥാപാത്രത്തിന് ജനപിന്തുണ ലഭിച്ചു,’ ആന്‍ സലിം പറയുന്നു.

മറക്കാനാവാത്ത അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഏതാണെന്ന ചോദ്യത്തിന് വിശേഷം സിനിമയിലെ നഴ്‌സ് കഥാപാത്രത്തെ കുറിച്ചും ഹൃദയം സിനിമയിലെ കഥാപാത്രത്തെ കുറിച്ചുമാണ് ആന്‍ പറഞ്ഞത്.

പ്രിയപ്പെട്ടവന്‍ പിയൂഷിന് ശേഷം ജനങ്ങള്‍ എടുത്തു പറഞ്ഞ കഥാപാത്രങ്ങളാണ് അവയെന്നാണ് നടി പറയുന്നത്. ഹൃദയത്തിലെ വേഷത്തിലൂടെ അഭിനന്ദനങ്ങള്‍ എന്നതില്‍ ഉപരി വിമര്‍ശങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് ആന്‍ പറഞ്ഞു.

വിശേഷത്തിന് ശേഷം ആ കഥാപാത്രത്തെ അഭിനന്ദിച്ച് നിരവധി സോഷ്യല്‍ മീഡിയ പേജുകളില്‍ എഴുത്തുകള്‍ കണ്ടിരുന്നെന്നും നമുക്ക് വേണ്ടി അത്തരം പ്രശംസകള്‍ക്ക് വേണ്ടി ചുരുക്കമെങ്കിലും ആളുകള്‍ സമയം ചെലവഴിക്കുന്നു എന്നത് വലിയ കാര്യമാണെന്നും നടി പറയുന്നു.

Content Highlight: Ann Saleem Talks About Karikku’s Priyapettavan Piyush Series

We use cookies to give you the best possible experience. Learn more