ലാല്‍ ജോസ് ചിത്രം ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് ആന്‍ അഗസ്റ്റിന്‍. പിന്നീട് ആര്‍ടിസ്റ്റ്, ഫ്രൈഡേ, നീന, ഡാ തടിയാ, ഓര്‍ഡിനറി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ താരം പ്രേക്ഷകപ്രീതി നേടിയെടുത്തു.
സിനിമയില്‍ നിന്ന് ഇടയ്ക്കൊരു ബ്രേക്ക് എടുത്തെങ്കിലും വീണ്ടുമിപ്പോള്‍ മലയാളത്തില്‍ സജീവമാവുകയാണ് താരം.
സിനിമയില്‍ എത്തിയതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചും സമൂഹം സ്ത്രീകള്‍ക്ക് കല്‍പിച്ചുനല്‍കുന്ന നിയന്ത്രണങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ ആന്‍.
കല്യാണം, കുട്ടികള്‍, കുടുംബത്തോടൊപ്പമുള്ള ജീവിതം എന്നീ ചിന്തകളില്‍ നിന്നൊക്കെ പുറത്തുകടക്കാന്‍ ഒരു സ്ത്രീ ശ്രമിച്ചാല്‍ അതിനെ സമൂഹം ഇപ്പോഴും സംശയക്കണ്ണുകളോടെ മാത്രമേ നോക്കിക്കാണൂ എന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
”ഞാനുമൊരു പരിധി വരെ സമൂഹത്തിന്റെ ഈ ധാരണകളെയൊക്കെ നോക്കുന്നയാള്‍ തന്നെയാണ്. ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അതിന്റേതായ ചട്ടക്കൂടിലായിരിക്കും നമ്മളും മുന്നോട്ടുപോകുന്നത്.
എന്നുവെച്ച് എല്ലാവരെയും സന്തോഷിപ്പിക്കാന്‍ എപ്പോഴും പറ്റണമെന്നുമില്ല. നമ്മളെപ്പോഴും നമ്മുടെ മുന്‍ഗണനകളെ പരിഗണിക്കണം. അതായിരിക്കണം പ്രധാനം,” ആന്‍ അഗസ്റ്റിന്‍ പറഞ്ഞു.
ആദ്യ ചിത്രമായ എല്‍സമ്മയില്‍ അഭിനയിക്കാന്‍ വന്നതില്‍ നിന്ന് ഇന്നത്തെ വ്യക്തിയിലേക്കും നടിയിലേക്കുമുള്ള മാറ്റം എത്രത്തോളമാണ് എന്ന ചോദ്യത്തിനും ആന്‍ അഭിമുഖത്തില്‍ മറുപടി പറയുന്നുണ്ട്.
”സ്വാഭാവികമായും പ്രായവും ജീവിതത്തിലുണ്ടായ ഓരോ അനുഭവങ്ങളും നമ്മളെ മാറ്റും. ചെറുതും വലുതുമായ ഒരുപാട് അനുഭവങ്ങളാണ് നമ്മളെ രൂപപ്പെടുത്തുന്നത്. അതുകൊണ്ട് അങ്ങനെയുള്ള മാറ്റങ്ങളുണ്ടാവാം. കുറേക്കൂടി കരുത്തുറ്റവളായി ഞാന്‍ മാറി,” താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒരു ഇടവേളക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ഹരികുമാര്‍ സംവിധാനം ചെയ്ത ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’.
സുരാജ് വെഞ്ഞാറമൂട് നായകനായ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് എഴുത്തുകാരന്‍ എം. മുകുന്ദനാണ്. ഇദ്ദേഹം ആദ്യമായി തിരക്കഥയൊരുക്കുന്ന മലയാളചിത്രം കൂടിയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററില്‍ നിന്നും ലഭിച്ചിരുന്നത്.
Content Highlight: Ann Augustine talks about her life and movie career