| Wednesday, 19th October 2022, 1:29 pm

'എന്തറിഞ്ഞിട്ടാ നീയിങ്ങനെ നോക്കി നില്‍ക്കുന്നത്', ലാലു അങ്കിള്‍ വന്ന് ഫുള്‍ തെറിയാണ്; എല്‍സമ്മയില്‍ മാത്രമല്ല നീനയിലും വഴക്ക് കേട്ടിട്ടുണ്ട്: ആന്‍ അഗസ്റ്റിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാല്‍ ജോസ് ചിത്രമായ ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ആന്‍ അഗസ്റ്റിന്‍. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തില്‍ നായകനായെത്തിയത്. പിന്നീട് ഓര്‍ഡിനറി, ത്രീ കിങ്‌സ് എന്നീ സിനിമകളിലും കുഞ്ചാക്കോ ബോബനും ആന്‍ അഗസ്റ്റിനും ഒരുമിച്ചിട്ടുണ്ട്. ലാല്‍ ജോസിന്റെ ‘നീന’യിലും ആന്‍ അഭിനയിച്ചിട്ടുണ്ട്.

ലാല്‍ ജോസുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ’യുടെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആന്‍.

ആദ്യ ചിത്രമായ എല്‍സമ്മയിലെ ചാക്കോച്ചന്റെ കഥാപാത്രമായ പാലുണ്ണി എന്ന പേരാണ് അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് എന്നും ആന്‍ പറയുന്നുണ്ട്.

”പാലുണ്ണി, ചാക്കോച്ചനെ കുറിച്ച് പറയുമ്പോള് ആദ്യം വരുന്നത് പാലുണ്ണി എന്നാണ്. ചാക്കോച്ചനുമായി എന്റെ ആദ്യത്തെ സിനിമ എല്‍സമ്മ മുതലുള്ള ബന്ധമാണ്.

എല്‍സമ്മയിലെ എന്റെ ആദ്യത്തെ ഷോട്ട് ഞാനും ചാക്കോച്ചനും വേണു അങ്കിളും (നെടുമുടി വേണു) കൂടിയുള്ളതായിരുന്നു. ദൈവമേ ആക്ഷനും ഡയലോഗുമൊക്കെ ഒരുമിച്ച് പറയണോ, എന്നൊക്കെ വിചാരിച്ച് ഞാന്‍ കണ്‍ഫ്യൂഷനടിച്ച് നില്‍ക്കുകയായിരിക്കും.

അപ്പൊ ലാലു അങ്കിള്‍ (ലാല്‍ ജോസ്) വന്നിട്ട്, നിനക്ക് എന്തറിഞ്ഞിട്ടാ നീയിങ്ങനെ നില്‍ക്കുന്നത്, എന്നൊക്കെ ഫുള്‍ തെറി വിളിക്കുകയായിരിക്കും. അപ്പൊ ചാക്കോച്ചന്‍ സൈഡില്‍ വന്നുനിന്ന് എന്നെ നോക്കി ചിരിക്കും. ലാലു അങ്കിള്‍ എന്നെ ചീത്ത വിളിക്കാന്‍ വരുന്നുണ്ടെന്ന് കണ്ടാല്‍ അപ്പൊ ചാക്കോച്ചന്‍ മാറിനിന്ന് എന്റെ മുഖത്ത് നോക്കി ചിരിക്കും.

ഇതുകണ്ട് ഞാനും അറിയാതെ ചിരിച്ചുപോയാല്‍ എനിക്കതിനും ചീത്ത കേള്‍ക്കും. അതാണ് ചാക്കോച്ചനെ കുറിച്ചുള്ള ഓര്‍മ.

എനിക്ക് വഴക്ക് കേട്ടിട്ടുള്ളത് ലാലു അങ്കിളിന്റെ അടുത്ത് നിന്ന് മാത്രമാണ്. ആദ്യത്തെ സിനിമയായ എല്‍സമ്മ കഴിഞ്ഞ് പിന്നെ എന്നെ നീനയിലും വഴക്ക് പറഞ്ഞിട്ടുണ്ട്.

ആ ഒരു ഫ്രീഡം എന്റെ കാര്യത്തില്‍ ലാലു അങ്കിളിനുണ്ടെന്നുള്ളത് കൊണ്ടാണെന്ന് തോന്നുന്നു. സിനിമയുടെ കാര്യത്തില്‍ മാത്രമല്ല, അല്ലാതെയും വഴക്ക് കേള്‍ക്കാറുണ്ട്,” ആന്‍ അഗസ്റ്റിന്‍ പറഞ്ഞു.

അതേസമയം, ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ, അഞ്ച് വര്‍ഷത്തിന് ശേഷം ആന്‍ അഗസ്റ്റിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ നായകന്‍.

എഴുത്തുകാരന്‍ എം. മുകുന്ദനാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുടെ തിരക്കഥ ഒരുക്കുന്നത്. കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക, നീന കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Ann Augustine shares her experience with director Lal Jose

We use cookies to give you the best possible experience. Learn more