ഒരു ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയതാരം ആന്‍ അഗസ്റ്റിന്‍ തിരിച്ചെത്തുന്ന ചിത്രമാണ് ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. സുരാജ് വെഞ്ഞാറമൂട് നായകനാക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് എഴുത്തുകാരന്‍ എം. മുകുന്ദനാണ്. ഇദ്ദേഹം ആദ്യമായി തിരക്കഥയൊരുക്കുന്ന മലയാളചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സുരാജും ആനും. സെറ്റിലെ വിശേഷങ്ങളും ഭക്ഷണത്തെ കുറിച്ചും താരങ്ങള്‍ അഭിമുഖത്തില്‍ രസകരമായി സംസാരിക്കുന്നുണ്ട്.
ഒരു ഇടവേളക്ക് ശേഷം സിനിമാ സെറ്റിലേക്ക് തിരിച്ചെത്തിയപ്പോള്‍ ആദ്യം ശ്രദ്ധിച്ച കാര്യമെന്തായിരുന്നു എന്ന് ആന്‍ അഗസ്റ്റിനോട് അവതാരക ചോദിച്ചപ്പോള്‍ ‘ഫുഡ്, ഫുഡ്’ എന്നാണ് സുരാജ് ഇടയ്ക്കുകയറി പറഞ്ഞ കമന്റ്.
പിന്നാലെ ആനും ഈ ചോദ്യത്തിന് മറുപടി നല്‍കുന്നുണ്ട്.
”ആദ്യം ചെന്നപ്പോള്‍ ഞാന്‍ എന്റെ ഡയലോഗ്‌സ് നോക്കി. അല്ലാതെ പ്രത്യേകിച്ചൊരു കാര്യം കണ്ട് ഞാന്‍ എക്‌സൈറ്റഡായിട്ടില്ല. ഷൂട്ടിന്റെ ഫസ്റ്റ് ഡേ എനിക്ക് നല്ല ടെന്‍ഷനും സ്ട്രെസുമായിരുന്നു. എങ്ങനെയായിരിക്കും ആദ്യത്തെ ഷോട്ട് എടുക്കുക, എന്ന ചിന്തയായിരുന്നു.
അതില്‍ തന്നെയായിരുന്നു ആദ്യത്തെ ദിവസം കോണ്‍സന്‍ട്രേറ്റ് ചെയ്തത്. അല്ലാതെ ഭക്ഷണത്തെ കുറിച്ചൊന്നും ആലോചിച്ചിട്ടില്ല, സുരാജേട്ടനായിരുന്നു ആ ചിന്ത (ചിരി).
സുരാജേട്ടന്റെ മുറിയില്‍ പോയി നോക്കിയാല്‍ അവിടെ സദ്യക്കുള്ളത്ര വിഭവങ്ങളുണ്ടാകും, അത്രയും സാധനങ്ങളുണ്ടായിരിക്കും. ഉച്ചയായാലും രാത്രിയായാലുമൊക്കെ കുറേ വിഭവങ്ങളുണ്ടാകും,” ആന്‍ പറഞ്ഞു.
ഇതിന് സുരാജ് രസകരമായ മറുപടിയും നല്‍കുന്നുണ്ട്. ”ഉണ്ടാകും. കാരണം നമ്മളെ നേരത്തെ വിളിച്ച്, ‘ചേട്ടാ എനിക്കിന്ന് ഈ ഫുഡ് കിട്ടുമോ, ഇവിടത്തെ വെറൈറ്റി ഫുഡ് ഏതാണ്,’ എന്നൊക്കെ പറയും. ആഹാരം കിട്ടാതെ കിടക്കുകയാണല്ലോ.
സത്യത്തില്‍ മാഹി പ്രദേശത്ത് നല്ല ടേസ്റ്റി ഫുഡ് കിട്ടും, അവിടത്തെ സീഫുഡൊക്കെ ഗംഭീരമാണ്,” സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
Content Highlight: Ann Augustine and Suraj Venjaramoodu talks about funny incidents in movie set