ഹരികുമാറിന്റെ സംവിധാനത്തില്‍ സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയരംഗത്തേക്ക് തിരിച്ചുവരികയാണ് നടി ആന്‍ അഗസ്റ്റിന്‍. എഴുത്തുകാരന്‍ എം. മുകുന്ദന്‍ ആദ്യമായി തിരക്കഥയൊരുക്കുന്ന മലയാളചിത്രം കൂടിയാണിത്.
ലാല്‍ ജോസ് സംവിധാനം ചെയത് എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ മലയാള സിനിമയിലെത്തുന്നത്. പിന്നീട് പന്ത്രണ്ട് ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു.
ആര്‍ട്ടിസ്റ്റ്, നീ-ന, റെബേക്ക ഉതുപ്പ് കിഴക്കേമല തുടങ്ങിയ സിനിമകളിലെ സീരിയസായ നായികവേഷങ്ങളും, മുഴുനീള കോമഡി ചിത്രമായിരുന്ന ത്രീ കിങ്‌സിലെ വേഷവുമെല്ലാം ഈ കുറഞ്ഞ കാലത്തിനുള്ളില്‍ നടി ചെയ്തിരുന്നു.
ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുകയാണ് ആന്‍ അഗസ്റ്റിന്‍ ഇപ്പോള്‍. അത്തരം വേഷങ്ങളില്‍ താന്‍ കംഫര്‍ട്ടബിളായിരിക്കുമെന്ന് കരുതുന്നില്ലെന്നാണ് നടി പറയുന്നത്.
ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ഗ്ലാമറസ് വേഷങ്ങളെ കുറിച്ച് ആന്‍ സംസാരിച്ചത്. ഗ്ലാമറസ് റോളില്‍ ആന്‍ ആഗസ്റ്റിനെ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി.
‘ഗ്ലാമറസ് വേഷങ്ങള്‍ ഞാന്‍ ചെയ്യുമെന്ന് തോന്നുന്നില്ല. എനിക്ക് ചേരുന്ന, എനിക്ക് കംഫര്‍ട്ടബിളായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് എനിക്ക് ആഗ്രഹം. ഞാന്‍ ഇതുവരെ അത്തരം വേഷങ്ങള്‍ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അത്തരം വേഷങ്ങള്‍ ചെയ്യുമെന്നും ഞാന്‍ കരുതുന്നില്ല,’ ആന്‍ അഗസ്റ്റിന്‍ പറഞ്ഞു.
ഓണ്‍ലൈനില്‍ തന്നെ കുറിച്ച് വരുന്ന പ്രധാന കമന്റുകളെ കുറിച്ചും അഭിമുഖത്തില്‍ ആന്‍ സംസാരിച്ചിരുന്നു. ഈ കുട്ടിക്ക് മലയാളം അറിയില്ലേ എന്നാണ് ആവര്‍ത്തിച്ചുവരുന്ന കമന്റുകളിലൊന്നെന്ന് നടി പറയുന്നു.
”ഈ കുട്ടിക്ക് മലയാളം അറിയില്ലേ’ എന്ന് ചോദിക്കുന്ന പല കമന്റുകളിലും ഞാന്‍ കണ്ടിട്ടുണ്ട്, പലരും എന്നോട് ചോദിക്കാറുമുണ്ട്.
എനിക്ക് നല്ല അസ്സലായി മലയാളം അറിയാം. പക്ഷെ പ്രശ്നമെന്താണെന്ന് വെച്ചാല്‍, ഞാന്‍ തനി കോഴിക്കോട്ടുകാരിയാണ്, അതുകൊണ്ട് ഞാന്‍ തനി കോഴിക്കോടന്‍ മലയാളമാണ് പറയാറുള്ളത്.
നമ്മള്‍ തിരിച്ച് എറണാകുളത്തൊക്കെ വരുമ്പോള്‍, അച്ചടി മലയാളത്തിലൊന്നും എനിക്ക് ഇന്റര്‍വ്യൂകളില്‍ സംസാരിക്കാന്‍ പറ്റില്ല. ഇക്കാര്യം നോര്‍മലൈസ് ചെയ്യാന്‍ നോക്കുമ്പോഴാണ് ‘ഇതെന്താണ് ഇവള്‍ ഇങ്ങനെ സംസാരിക്കുന്നത്’ എന്ന് ആളുകള്‍ക്ക് പലപ്പോഴും തോന്നുന്നത്.
അല്ലാതെ എനിക്ക് മലയാളം അറിയാഞ്ഞിട്ടല്ല. ഞാന്‍ മലയാളം പഠിച്ചിട്ടുണ്ട്, എനിക്ക് ആ ഭാഷ നന്നായി അറിയുകയും ചെയ്യാം. പക്ഷെ ഞാന്‍ സംസാരിക്കുന്നതിന്റെ ടോണ്‍ ഇങ്ങനെയായത് കൊണ്ടായിരിക്കാം ആളുകള്‍ക്കങ്ങനെ തോന്നുന്നത്.