35 പന്തില്‍ സെഞ്ച്വറി! ഐ.പി.എല്ലിന് വേണ്ടാത്തവന്‍ തിരുത്തിക്കുറിച്ചത് ടൂര്‍ണമെന്റിന്റെയല്ല ഫോര്‍മാറ്റിന്റെ തന്നെ ചരിത്രം
Sports News
35 പന്തില്‍ സെഞ്ച്വറി! ഐ.പി.എല്ലിന് വേണ്ടാത്തവന്‍ തിരുത്തിക്കുറിച്ചത് ടൂര്‍ണമെന്റിന്റെയല്ല ഫോര്‍മാറ്റിന്റെ തന്നെ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st December 2024, 4:53 pm

വിജയ് ഹസാരെ ട്രോഫിയില്‍ ചരിത്ര നേട്ടവുമായി പഞ്ചാബ് സൂപ്പര്‍ താരം അന്‍മോല്‍പ്രീത് സിങ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയുടെ റെക്കോഡ് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്താണ് താരം റെക്കോഡിട്ടത്.

ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് സി മത്സരത്തില്‍ അരുണാചല്‍ പ്രദേശിനെതിരെയാണ് സിങ് നൂറടിച്ചത്. നേരിട്ട 35ാം പന്തിലായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം. ഐ.പി.എല്‍ മെഗാ താരലേലത്തില്‍ ഒരു ഫ്രാഞ്ചൈസികളും സ്വന്തമാക്കാതിരുന്നതിന്റെ പ്രതികാരവും ഈ റെക്കോഡ് ബ്രേക്കിങ് സെഞ്ച്വറിയിലൂടെ താരം പൂര്‍ത്തിയാക്കി.

മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്‍ അഭിഷേക് ശര്‍മയുടെ തീരുമാനം ശരിവെച്ച് പഞ്ചാബ് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ അരുണാചല്‍ പ്രദേശ് വെറും 164 റണ്‍സിന് പുറത്തായി.

73 പന്തില്‍ 42 റണ്‍സ് നേടിയ ടെച്ചി നേരിയാണ് അരുണാചലിന്റെ ടോപ് സ്‌കോറര്‍. 52 പന്തില്‍ 38 റണ്‍സുമായി ഹര്‍ദിക് ഹിമാന്‍ഷു വര്‍മയും ചെറുത്തുനിന്നു.

പഞ്ചാബിനായി മായങ്ക് മാര്‍ക്കണ്ഡേയും അശ്വിനി കുമാറും മൂന്ന് വിക്കറ്റ് വീതം നേടി. ബല്‍തേജ് സിങ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ സന്‍വീര്‍ സിങ്ങും രഘു ശര്‍മയും ചേര്‍ന്ന് ശേഷിച്ച വിക്കറ്റുകളും പിഴുതെറിഞ്ഞു.

165 റണ്‍സെന്ന ചെറിയ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് തുടക്കത്തില്‍ തിരിച്ചടിയേറ്റു. ഏഴ് പന്തില്‍ പത്ത് റണ്‍സ് നേടിയ അപകടകാരിയായ അഭിഷേക് ശര്‍മയെ അരുണാചല്‍ മടക്കി. യാബ് നിയയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ശര്‍മ പുറത്തായത്.

വണ്‍ ഡൗണായി അന്‍മോല്‍പ്രീത് സിങ് കളത്തിലിറങ്ങിയതോടെ അരുണാചലിന്റെ വിധി തീരുമാനിക്കപ്പെട്ടു. ഒന്നിന് പിന്നാലെ ഒന്നായി ബൗണ്ടറികളടിച്ചുകൂട്ടിയ താരം 35ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി.

സിങ്ങിന്റെ ബലത്തില്‍ പഞ്ചാബ് 12.5 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. സിങ് 45 പന്തില്‍ 115 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 25 പന്തില്‍ 35 റണ്‍സുമായി പ്രഭ്‌സിമ്രാനും മികച്ച പിന്തുണ നല്‍കി.

2009-10 സീസണില്‍ 40 പന്തില്‍ സെഞ്ച്വറി നേടിയ യൂസുഫ് പത്താനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടാണ് വിജയ് ഹസാരെ ട്രോഫിയുടെ ചരിത്ര പുസ്തകത്തില്‍ സിങ് ഇരിപ്പുറപ്പിച്ചത്.

വിജയ് ഹസാരെ ട്രോഫിയില്‍ മാത്രമല്ല, ലിസ്റ്റ് എ ഫോര്‍മാറ്റിലും താരത്തിന്റെ ഈ സെഞ്ച്വറി അടയാളപ്പെടുത്തപ്പെട്ടു. ഏറ്റവും വേഗത്തില്‍ ലിസ്റ്റ് എ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും മൂന്നാമത് താരമെന്ന നേട്ടവുമാണ് ഇതോടെ പഞ്ചാബ് സൂപ്പര്‍ താരം സ്വന്തമാക്കിയത്.

ലിസ്റ്റ് എ ഫോര്‍മാറ്റിലെ വേഗമേറിയ സെഞ്ച്വറി

(താരം – ടീം – എതിരാളികള്‍ – സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ജേക് ഫ്രേസര്‍ മക്ഗൂര്‍ക് – സൗത്ത് ഓസ്‌ട്രേലിയ – ടാസ്മാനിയ – 29 – 2023

എ.ബി ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് – 31 – 2015

അന്‍മോല്‍പ്രീത് സിങ് – പഞ്ചാബ് – അരുണാചല്‍ പ്രദേശ് – 35 – 2024*

കോറി ആന്‍ഡേഴ്‌സണ്‍ – ന്യൂസിലാന്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് – 36 – 2014

ഗ്രഹാം റോസ് – സോമര്‍സെറ്റ് – ഡെവോണ്‍ – 36 – 1990

ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – ശ്രീലങ്ക – 37 – 1996

വിജയ് ഹസാരെയില്‍ തിങ്കളാഴ്ചയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. എ.ഡി.എസ്.എ റെയില്‍വെയ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ നാഗാലാന്‍ഡാണ് എതിരാളികള്‍.

 

Content highlight: Anmolpreet Singh created history by smashing fastest century in List A format by an Indian