• ഒരു മലയാളി സ്ത്രീയുടെ ജാലക കാഴ്ചകള്‍ | അര്‍ച്ചന പി.എം
രണ്ട് ഭൂഖണ്ഡങ്ങള്‍. തീര്‍ത്തും വ്യത്യസ്ഥമായ സംസ്‌കാരങ്ങളില്‍ ജീവിച്ച രണ്ട് സ്ത്രീകള്‍. അവരുടെ സാമൂഹികമായ കാഴ്ചപ്പാടിലെ വൈരുദ്ധ്യങ്ങള്‍, അതായിരുന്നു എന്റെയും ഫിലിയുടേയും സംവാദങ്ങള്‍.
“ബോം ദിയ ഇര്‍മ” എന്ന അഭിവാദ്യവുമായി രാവിലെ ചിരിച്ചു കൊണ്ട് ഫിലി വരും. അങ്കോളയിലെ എന്റെ ദിനങ്ങളുടെ തുടക്കം ആണിത്. പിന്നെ അടുക്കളയെന്നാല്‍ ഞങ്ങളുടെ ലോകമാണ്. ഫിലി എന്നെ അവരുടെ ഭാഷയും ഞാന്‍ നമ്മുടെ പാചകവും പഠിപ്പിക്കണം എന്നാണ് ഞങ്ങളുടെ ഇടയിലെ കരാര്‍. നമ്മുടെ എരിവുള്ള ഭക്ഷണം കഴിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു ആദ്യം ഫിലിക്ക്. ഇത്രയും മുളകുപൊടിയെല്ലാം കറിയില്‍ ഉപയോഗിക്കുമ്പോള്‍ അത്ഭുതത്തോടെ നോക്കും. പതുക്കെ അവര്‍ അത് ഇഷ്ടപ്പെട്ടു തുടങ്ങി.നമ്മള്‍ ഉപയോഗിക്കുന്ന പല പച്ചക്കറികളും അവിടുത്തെ സ്ഥിരം ഭക്ഷ്യ വിഭവം അല്ല. അതുകൊണ്ട് തന്നെ ഫിലിക്ക് ചില കറികള്‍ എല്ലാം വളരെ പുതുമ നിറഞ്ഞതായിരുന്നു.
ഓരോ ആഴ്ചയും പാര്‍ലറില്‍ പോയി ഓരോ ഹെയര്‍ സ്റ്റെയിലുമായാകും വരവ്. ചിലപ്പോള്‍ മുടിയൊക്കെ ബീഡിംഗ് ചെയ്ത് നീളമുള്ളതാക്കും. അടുത്ത ആഴ്ച നീളം കുറഞ്ഞ വിഗ് വച്ച് വേറൊരു ലൂക്കില്‍ ആകും വരവ്. എനിക്കത് അന്ന് വലിയ കൗതുകമായിരുന്നു. നമ്മുടെ നീളമുള്ള സോഫ്റ്റ് ആയ മുടിയെ ക്കുറിച്ച് ആരാധനയോടെ അവര്‍ സംസാരിക്കുമ്പോള്‍ ഫിലിയുടെ ഈ വൈവിധ്യ സാധ്യതകളില്‍ എനിക്ക് അസൂയയായിരുന്നു.
ഹിന്ദി സിനിമകളുടെ ആരാധികയാണ് പല ആഫ്രിക്കന്‍ വംശജരെ പോലെ ഫിലിയും. അന്ന് അടുത്ത് കണ്ട സിനിമകള്‍ ഏതൊക്കെ എന്ന വിശദമായ വിവരണമൊക്കെ തരും. അത്തരം സിനിമകളില്‍ കാണുന്ന വസ്ത്രം മാത്രമാണ് ഇന്ത്യയില്‍ എല്ലാവരും ധരിക്കുക എന്നാണ് ഫിലിയുടെ ധാരണ. എന്റെ കയ്യിലെ നേര്യതും മുണ്ടും കണ്ടപ്പോള്‍ ഫിലി അത്ഭുതപ്പെട്ടു. പിന്നെ അത് എങ്ങെനെയാ ഉടുക്കുക എന്ന പഠനത്തിലായി ഫിലി. ഒരു ദിവസം എന്നെക്കാള്‍ നന്നായി അത് ധരിച്ച് വന്ന് എന്നെ ഞെട്ടിച്ച് കളഞ്ഞു. അതാണ് ഫിലിയെ കുറിച്ച് എന്നിലുള്ള ഏറ്റവും തെളിമയുള്ള ചിത്രം.
ഇന്ത്യയിലെ കുടുംബ വ്യവസ്ഥിതിയുടെ ആരാധിക കൂടിയായിരുന്നു ഫിലി. ഞങ്ങളുടെ ആണുങ്ങള്‍എപ്പോള്‍ വേണമെങ്കിലും ഇട്ടിട്ടുപോകും എന്ന് എന്നോട് പരാതി പറയും. കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ പോകുന്ന അവരെ ഫിലിക്ക് ഇഷ്ടമായിരുന്നില്ല. കൂട്ടുകാരുടെ അത്തരം അവസ്ഥയെ കുറിച്ചോര്‍ത്ത് അവര്‍ വിഷമിക്കും. എന്റെ ഭര്‍ത്താവ് അങ്ങിനെ ചെയ്താല്‍ ഞാന്‍ അവനെ ശരിപ്പെടുത്തും എന്നെന്നോട് പറയും. ആ വാക്കുകളിലെ അരക്ഷിതാവസ്ഥ എന്നെ അലോസരപ്പെടുത്തുമെങ്കിലും , ഇഷ്ടമില്ലാത്തവരുടെ കൂടെ ജീവിക്കാതിരിക്കുന്നതല്ലേ നല്ലത് എന്ന് ഞാന്‍ തിരിച്ച് ചോദിക്കും.
പക്ഷെ കുട്ടികള്‍ എങ്ങിനെയാണ് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വം ആകുന്നത് എന്ന അവളുടെ ചോദ്യത്തിന് മുന്‍പില്‍ എനിക്ക് ഉത്തരം മുട്ടും. കാരണം അവരുടെ പുരുഷന്മാര്‍ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുമ്പോള്‍ കുഞ്ഞുങ്ങളേയും സ്ത്രീകളോടൊപ്പം ഉപേക്ഷിക്കുമത്രെ. പിന്നെ കുഞ്ഞുങ്ങളെ പോറ്റേണ്ട ഭാരിച്ച ഉത്തരവാദിത്വം സ്ത്രീകളുടേത് മാത്രമായിത്തീരുന്നു.
ഹിന്ദി സിനിമകളിലെ ലോകം ആയിരുന്നു ഫിലിക്ക് ഇന്ത്യ. അതുകൊണ്ട് തന്നെ ഇന്ത്യയിലെ പുരുഷന്മാര്‍ എല്ലാവരും നല്ല കുടുംബസ്ഥരാണെന്നും ഭാര്യമാര്‍ക്ക് ജോലിയൊന്നുമില്ലെങ്കിലും അവരെ നന്നായി നോക്കുന്നവരാണെന്നും അവര്‍ വിശ്വസിച്ച്‌പോന്നു. ആണും പെണ്ണും ഒരുമിച്ച് പണിയെടുത്ത് , സ്‌നേഹമുണ്ടെങ്കില്‍ മാത്രം ഒരുമിച്ച് ജീവിക്കുന്ന നിങ്ങളുടെ ലോകമാണ് നല്ലത് എന്ന് ഞാന്‍ അവളെ തിരുത്തും. ഇങ്ങിനെ സംസ്‌കാരികമായും ആശയപരമായുമുള്ള സംവാദങ്ങളാല്‍ ഞങ്ങളുടെ ദിനങ്ങള്‍ തിരക്കുള്ളതായിരുന്നു. ഫിലി കണ്ടെത്തിയ ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങള്‍ അവരെ നമ്മുടെ നാടിന്റെ ആരാധികയാക്കിയപ്പോള്‍ അവിടെ സ്ത്രീകള്‍ ജീവിക്കുന്ന വ്യക്തിസ്വാതന്ത്ര്യങ്ങളുടെ ആരാധികയായി മാറുകയായിരുന്നു ഞാന്‍.
Voce e casado ou soliterio (വൊ സെ കസാദു ഔ സൊദേരു) ഇന്ത്യന്‍ സദാചാരത്തിനകത്ത് കുടുംബ വ്യവസ്ഥിതിയില്‍ ജീവിച്ച് തളര്‍ന്ന ഒരു ഗര്‍ഭിണിയായ സ്ത്രീ കേള്‍ക്കാന്‍ സാധ്യതയില്ലാത്ത വാക്കുകളായിരിക്കും ഇത്! നിങ്ങള്‍ വിവാഹിതയാണോ അല്ലയോ എന്നാണ് ചോദ്യം. എന്നെ വല്ലാതെ ആകര്‍ഷിച്ചു ഈ ചോദ്യം. ഔദ്യോഗികമായി വിവാഹിതയാണെങ്കില്‍ മാത്രം അവളുടെ ജീവിതത്തില്‍ പുരുഷന്റെ പേര് പ്രസക്തമായ ഒരു സമൂഹം. അല്ലെങ്കില്‍ ഗര്‍ഭം ധരിക്കുക എന്നത് അവളുടെ മാത്രം ഉത്തരവാദിത്വവും തെരഞ്ഞെടുപ്പുമാണ്.ഒരു അമ്മയാകുക എന്നത് തീര്‍ത്തും വൈയക്തികമായ തീരുമാനമാകുന്ന ആ ലോകം എന്നില്‍ ആദ്യം അത്ഭുതവും പിന്നീട് അസൂയയും ഉണര്‍ത്തി. ഒരു സ്ത്രീ എന്ന നിലയില്‍ എത്ര സ്വാതന്ത്ര്യത്തോടെയാണ് അവര്‍ ജീവിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
അങ്കോളയില്‍ എത്തി കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഗര്‍ഭിണിയാണെന്നും ഒരു ഗൈനക്കോളജിസ്റ്റിനെ കാണേണ്ടത് അനിവാര്യമാണെന്നും വന്നത്. ഭാഷ പോലും അന്യമായ , മെഡിക്കല്‍ ഫെസിലിറ്റികള്‍ കുറവായ ആ നാട്ടില്‍ ഒട്ടും സുഖകരമല്ലാത്ത മനോനിലയിലേക്ക് എന്നെ തള്ളിവിടാന്‍ പോന്ന അവസ്ഥ. അപ്പോഴും റിസപ്ഷനിസ്റ്റിന്റെ വൊ സെ എസ്ദ ഗ്രവീദ( Voce esta gravida) നിങ്ങള്‍ ഗര്‍ഭിണിയാണോ എന്ന ചോദ്യത്തിന് പിന്നാലെ വന്ന രണ്ടാമത്തെ ചോദ്യം സ്ത്രീ എന്ന നിലയില്‍ ഞാന്‍ കേട്ട ഏറ്റവും മനോഹരമായ ചോദ്യമായിരുന്നു.
ഇവിടെയായിരുന്നു എന്റേയും ഫിലിയുടേയും കാഴ്ചപ്പാടിലെ വ്യത്യസ്തതകള്‍! നില നില്‍ക്കുന്ന ജീവിത,സാമൂഹ്യ സാഹചര്യങ്ങളെ ചോദ്യം ചെയ്യാതെ സ്ത്രീകളുടെ ജീവിതം അപൂര്‍ണം ആണ് എന്നെനിക്ക് മനസിലായി. സാമൂഹ്യ നീതി നിയമങ്ങളുടെ നിര്‍മിതി എന്നും എവിടേയും പുരുഷന്മാര്‍ നിശ്ചയിക്കുന്ന കാലത്തോളം അതില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ സാധ്യതയും ഇല്ല.
അങ്കോളയില്‍ ഞാന്‍ നേരിട്ട ആശുപത്രി അനുഭവങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. ഒരു പോര്‍ച്ചുഗീസ് ഡോക്ടറെ ആയിരുന്നു ഞാന്‍ കണ്ടത്. വളരെ സൗഹൃദത്തോടെ അവര്‍ എന്നോട് പെരുമാറി. ഭാഷ തടസമായിരുന്നതിനാല്‍ ഒരു ദ്വിഭാഷിയുടെ സഹായത്തോടെയായിരുന്നു ഞങ്ങളുടെ ആശയവിനിമയം. പേടിക്കാന്‍ഒന്നുമില്ലെന്ന് അവര്‍ എന്നെ ആശ്വസിപ്പിച്ചു.
ഒട്ടൊരു സമാധാനത്തോടെയാണ് ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയത്. പക്ഷെ രണ്ടാഴ്ചക്കുള്ളില്‍ കനത്ത രക്തസ്രാവവുമായി ഞാന്‍ അവരുടെ മുന്നില്‍ വീണ്ടും ഇരുന്നു. എന്നെ കണ്ടതും അവരെന്നെ മുറുക്കി കെട്ടിപ്പിടിച്ചു.
ഒരു സ്ത്രീ ആയത് കൊണ്ട് അവര്‍ക്കെന്റെ മാനസികാവസ്ഥ നന്നായി മനസ്സിലായെതുപോലെ തോന്നി. കാണാന്‍ വരുന്നവരോട് ഏറ്റവും സഹാനുഭൂതി പ്രകടിപ്പിക്കേണ്ട നിമിഷങ്ങളില്‍ അതിനു തയ്യാറാവാത്ത നമ്മുടെ നാട്ടിലെ ചില ഡോക്ടര്‍മാരെ ഓര്‍ത്തുപോയി. വളരെ പഴയ രീതിയിലുള്ള ഒരു സ്‌കാനിംഗ് യന്ത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. അതില്‍ വ്യക്തമായി രക്തസ്രാവത്തിനുള്ള കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ ഡോക്ടര്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല.
ചിലപ്പോള്‍ ഇതൊരു സാധാരണ അബോര്‍ഷന്‍ ആയേക്കാമെന്നും അല്ലെങ്കില്‍ എക്ടോപിക് പ്രെഗ്‌നന്‍സി ആകാം എന്നും അവര്‍ വിലയിരുത്തി. റ്റിയൂബില്‍ ആണെങ്കില്‍ എത്രയും പെട്ടെന്ന് ഓപെന്‍ സര്‍ജെറി വേണ്ടി വരും എന്നാണ് അവരെന്നോട് പറയുന്നത്. ഞാന്‍ താക്കോല്‍ ദ്വാര സര്‍ജെറിയുടെ സാധ്യതകള്‍ ചോദിച്ചപ്പോള്‍ , ലുവാണ്ടയില്‍ ആരും അത് അതുവരെ ചെയ്തിട്ടില്ല എന്നും അതിനുള്ള ഫെസിലിറ്റികള്‍ ഈ രാജ്യത്ത് ഇല്ല എന്നും മറുപടി കിട്ടി.
സൗത്ത് ആഫ്രിക്കയില്‍ പോയാണ് പലരും കീഹോള്‍ സര്‍ജറി ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. നിങ്ങളുടെ കാര്യത്തില്‍ എത്രയുംപെട്ടെന്ന് സര്‍ജെറി വേണ്ടി വരുമെന്നും പുറത്തുള്ള ഒരു സ്‌കാനിംഗ് സെന്ററില്‍ പോയി കാരണം കണ്ടുപിടിച്ച് എത്രയുംപെട്ടെന്ന് തിരിച്ചു വരാനും പറഞ്ഞു. അപ്പോഴേക്കും രാത്രിയായിരുന്നു. ആ സ്‌കാനിംഗ് സെന്ററില്‍ പിറ്റേന്നെ പോകാന്‍ കഴിയുമായിരുന്നുള്ളു. ഞാന്‍ പിന്നിട്ട ഭീതിയുടെ 12 മണിക്കൂറുകളായിരുന്നു പിന്നീട്! പിറ്റേന്ന് സ്‌കാനിഗ് സെന്ററില്‍ ഒരു പൂരത്തിന്റെ തിരക്ക്. റിസള്‍ട്ട് കിട്ടുന്നത് ഉച്ചയോടെ! പേടിക്കാന്‍ ഒന്നുമില്ലെന്ന് പറയുന്നത് വരെയുള്ള നെഞ്ചിടിപ്പോടെയുള്ള കാത്തിരിപ്പ്! ഇതെല്ലാമായി വിചിത്രമെന്ന് തോന്നിപ്പിക്കുന്നതായിരുന്നു എന്റെ ആശുപത്രി അനുഭവങ്ങള്‍.
ഒരു മികച്ച ആശുപത്രിയിലെ അനുഭവമാണ് ഞാന്‍ പറഞ്ഞത്. അപ്പോള്‍ അവിടുത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകുന്ന സാധാരണക്കാരുടെ ജീവിതാവസ്ഥകള്‍ എന്താകും എന്നോര്‍ത്ത് ഞാന്‍ നടുങ്ങി.!നമ്മുടെ നാട്ടിലെ എല്ലാ നഗരത്തിലെയും ആശുപത്രികളില്‍ വളരെ സാധാരണമായി നടക്കുന്ന താക്കോല്‍ ദ്വാര ശസ്ത്രക്രിയ ചെയ്യാനാണ് അവിടെയുള്ള സമ്പന്നര്‍ തൊട്ടടുത്ത രാജ്യങ്ങളിലേക്ക് പോകുന്നത്.സമ്പന്നര്‍ക്ക് മാത്രം നേടിയെടുകാനാകുന്ന ആഡംബരം.
ആദ്യഭാഗം ഇവിടെ വായിക്കാം : അന്നസിംഗ-മഴുവേന്തിയ വനിത; അംഗാ യാ ആഫ്രിക്ക (ആഫ്രിക്കയുടെ ആകാശങ്ങള്‍)