വ്യാജ സര്‍ട്ടിഫിക്കറ്റ്: എ.ബി.വി.പി നേതാവ് ദല്‍ഹി സര്‍വകലാശാല പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
national news
വ്യാജ സര്‍ട്ടിഫിക്കറ്റ്: എ.ബി.വി.പി നേതാവ് ദല്‍ഹി സര്‍വകലാശാല പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th November 2018, 4:27 pm

ന്യൂദല്‍ഹി: വ്യാജ ഡിഗ്രി കേസില്‍ ഡി.യു.എസ്.യു പ്രസിഡന്റ് അങ്കിവ് ബൈസോയ രാജിവെച്ചു. അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ സംഘടനയുടെ എല്ലാ ചുമതലകളില്‍ നിന്നും പുറത്താക്കിയതായി എ.ബി.വി.പിയും പ്രസ്താവന ഇറക്കിയിട്ടുണ്ട്.

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അങ്കിതിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ആധികാരികത ഉറപ്പു വരുത്താന്‍ ദല്‍ഹി സര്‍വകലാശാലയ്ക്ക് ദല്‍ഹി ഹൈക്കോടതി സമയം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജി.

സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയോട് പരാജയപ്പെട്ട എന്‍.എസ്.യുവാണ് തിരുവള്ളൂര്‍ സര്‍വകലാശാലയുടെ പേരില്‍ അങ്കിത് സമര്‍പ്പിച്ച ബി.എ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പുറത്തുകൊണ്ടു വന്നിരുന്നത്.

തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ ഇങ്ങനെയൊരു വിദ്യാര്‍ത്ഥി പഠിച്ചിട്ടില്ല എന്ന് സര്‍വകലാശാലാ അധികൃതരും വ്യക്തമാക്കിയിരുന്നു. അങ്കിത് ഇപ്പോള്‍ ദല്‍ഹി സര്‍വകലാശാലയില്‍ എം.എ ബുദ്ധിസ്റ്റ് സ്റ്റഡീസ് വിദ്യാര്‍ത്ഥിയാണ്.

ലിങ്‌ദോ കമ്മിറ്റി നിര്‍ദേശങ്ങള്‍ പ്രകാരം വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടെ അയോഗ്യത രണ്ട് മാസത്തിനകം തെളിയിക്കപ്പെട്ടാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താമെന്നാണ്. എന്നാല്‍ ബൈസോയയുടെ കേസില്‍ നവംബര്‍ 12ന് 60 തികഞ്ഞിരുന്നു.