ഷേക്ക് ഹാൻഡിനായി കാത്തിരുന്ന എന്നെ മമ്മൂക്ക വന്ന് കെട്ടിപിടിച്ചു, ഞാനൊന്ന് ഞെട്ടി: അങ്കിത് മാധവ്
Entertainment
ഷേക്ക് ഹാൻഡിനായി കാത്തിരുന്ന എന്നെ മമ്മൂക്ക വന്ന് കെട്ടിപിടിച്ചു, ഞാനൊന്ന് ഞെട്ടി: അങ്കിത് മാധവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th December 2023, 8:19 am

മലയാളത്തിൽ ഈ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ്. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂർ സ്‌ക്വാഡെന്ന നാൽവർസംഘം ഇന്ത്യ മുഴുവൻ നടത്തുന്ന യാത്രയാണ് കാണിക്കുന്നത്.

പ്രമേയം കൊണ്ടും പ്രകടനങ്ങൾ കൊണ്ടും വലിയ രീതിയിൽ ശ്രദ്ധ നേടിയ ചിത്രത്തിൽ ചെറിയ വേഷങ്ങളിൽ വന്നുപോയവർ വരെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു.

അത്തരത്തിൽ ഒരു കഥാപാത്രമായിരുന്നു നടൻ അങ്കിത് മാധവ് അവതരിപ്പിച്ച കോൺസ്റ്റബിൾ യോഗേഷ് യാദവ്. കേസന്വേഷണത്തിന്റെ ഭാഗമായി ഉത്തർപ്രദേശിൽ എത്തുന്ന ജോർജ് മാർട്ടിനെയും (മമ്മൂട്ടി) സംഘത്തെയും സഹായിക്കുന്ന അയോധ്യ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ആണ് യോഗേഷ്. ചിത്രത്തിന്റെ ക്ലൈമാക്സിൽ അങ്കിത് മാധവ് മമ്മൂട്ടിക്ക് സല്യൂട്ട് കൊടുക്കുന്ന ഒരു രംഗമുണ്ട്.

ആ സല്യൂട്ട് മമ്മൂട്ടി എന്ന വ്യക്തിക്ക് തന്റെ ഹൃദയം കൊണ്ട് നൽകിയ സല്യൂട്ട് ആണെന്നാണ് അങ്കിത് മാധവ് പറയുന്നത്. മമ്മൂട്ടിയുടെ കാല് തൊട്ട് നമസ്കരിക്കുന്നതിനു തുല്യമായിരുന്നു ആ സല്യൂട്ട് എന്നും ചാനൽ കേരള ബോക്സ്‌ ഓഫീസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

‘ഞങ്ങളുടെ കൂടെ ഗൈഡ് ചെയ്യാനായി ശരിക്കുമൊരു പൊലീസ് കാരൻ ഉണ്ടായിരുന്നു. ഒരു പൊലീസുകാരൻ എങ്ങനെയാണ് സല്യൂട്ട് ചെയ്യേണ്ടത് എന്ന് പുള്ളിയാണ് പഠിപ്പിച്ചത്.

ഞാൻ മുഴുവനായിട്ടങ്ങ് അലിഞ്ഞുചേർന്ന സല്യൂട്ട് ആയിരുന്നു അത്. അത് ശരിക്കും മമ്മൂട്ടി സാറിന് നൽകിയ സല്യൂട്ട് ആണ്. മമ്മൂട്ടി സാറിന്റെ കാല് തൊട്ട് നമസ്കരിക്കുന്നതിന് തുല്യമായ സല്യൂട്ട് ആണ് ഞാൻ കൊടുത്തത്.

അത് ചെയ്ത് കഴിഞ്ഞപ്പോൾ മമ്മൂക്ക എന്റെ അടുത്തേക്ക് വന്നു. ഞാൻ ഷേക്ക്‌ ഹാൻഡിന് വേണ്ടി കാത്തിരിക്കുമ്പോൾ അദ്ദേഹം വന്നെനെ കെട്ടിപിടിച്ചു. ആദ്യം എനിക്കൊരു ഞെട്ടൽ ആയിരുന്നു. ഞാനും ഒന്ന് ഹഗ് ചെയ്തു. ആ ഭാഗം ഒരു ടേക്ക് കൂടെ പോയി.

അപ്പോൾ ഒന്നുകൂടി നന്നായി കെട്ടിപ്പിടിക്കാൻ പറ്റി.

ഭയങ്കര സന്തോഷമായിരുന്നു എനിക്ക്.ഹഗ് ചെയ്ത് കഴിഞ്ഞതിന് ശേഷം എന്റെ രണ്ട് കൂട്ടുകാരും മമ്മൂക്ക കെട്ടിപ്പിടിച്ചതല്ലേ എന്ന് പറഞ്ഞ് വന്ന് കെട്ടിപിടിച്ചു,’ അങ്കിത് മാധവ് പറയുന്നു.

Content Highlight: Ankith Madhav Talk About Experience With Mammooty In Kannur squad