ഡെറാഡൂണ്‍: ഋഷികേശില്‍ ബി.ജെ.പി നേതാവിന്റെ മകന്റെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വിചാരണ നടത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. കൊല്ലപ്പെട്ട പെണ്‍കുട്ടി അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് വിനോദ് ആര്യയെയും മറ്റൊരു മകനായ അങ്കിത് ആര്യയേയും ബി.ജെ.പിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ഉത്തരാഖണ്ഡ് മുന്‍ മന്ത്രിയും ബി.ജെ.പി ഒ.ബി.സി മോര്‍ച്ച ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന വിനോദ് ആര്യ, ഉത്തരാഖണ്ഡ് ഒ.ബി.സി. ക്ഷേമ കമ്മിഷന്റെ വൈസ് ചെയര്‍മാനുമായിരുന്നു.
മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നിര്‍ദേശപ്രകാരം റിസോര്‍ട്ട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസും സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിലും ശക്തമായ പ്രതിഷേധങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സെപ്റ്റംബര്‍ 18നാണ് പെണ്‍കുട്ടിയെ കാണാതായത്. ജോലിക്ക് പോയ പെണ്‍കുട്ടി മടങ്ങി വരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം 21ന് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കാണാതായ ദിവസം മുതല്‍ റിസോര്‍ട്ട് ഉടമയും മറ്റ് പ്രതികളും ഒളിവിലാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് 22ന് റിസോര്‍ട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.