ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ 106 റണ്‍സിന് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സീസണിലെ തങ്ങളുടെ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയിരുന്നു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 17.2 ഓവറില്‍ 166 റണ്‍സിന് പുറത്താവുകയായിരുന്നു.
കൊല്‍ക്കത്തക്കായി അന്‍ക്രിഷ് രഖുവംശി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 27 പന്തില്‍ നിന്നും 54 റണ്‍സ് നേടികൊണ്ടായിരുന്നു രഖുവംശിയുടെ വെടിക്കെട്ട് ഇന്നിങ്‌സ്. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളും ആണ് താരം നേടിയത്. 200 പ്രഹര ശേഷിയിലായിരുന്നു രഖുവംശി ബാറ്റ് വീശിയത്.
ഇതിനുപിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് രഖുവംശി സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ആദ്യഅര്‍ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടമാണ് രഖുവംശി സ്വന്തമാക്കിയത്. 18 വയസും 303 ദിവസവും പ്രായമുള്ളപ്പോഴാണ് താരം കൊല്‍ക്കത്തക്കായി തന്റെ ആദ്യ ഐ.പി.എല്‍ അര്‍ധസെഞ്ച്വറി നേടിയത്.
ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് ശ്രീവാത്ത്‌സ് ഗോസ്വാമി ആയിരുന്നു. 19 വയസും ഒരു ദിവസവും പ്രായമുള്ളപ്പോള്‍ ആയിരുന്നു താരം ഈ നേട്ടം സ്വന്തമാക്കിയത്.
രഖുവംശിക്ക് പുറമെ 39 പന്തില്‍ 85 റണ്‍സ് നേടി സുനില്‍ നരേന്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഏഴു വീതം ഫോറുകളും സിക്‌സുകളും ആണ് വെസ്റ്റ് ഇന്‍ഡീസ് താരം അടിച്ചെടുത്തത്. ആന്ദ്രേ റസല്‍ 19 പന്തില്‍ 41 റണ്‍സും റിങ്കു സിങ് എട്ട് പന്തില്‍ 26 റണ്‍സും നേടി മിന്നിത്തിളങ്ങിയപ്പോള്‍ കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു.
കൊല്‍ക്കത്തയുടെ ബൗളിങ്ങില്‍ വൈഭവ് അരോര, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ മൂന്നു വീതം വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ക്യാപിറ്റല്‍സ് ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു.
ദല്‍ഹി ബാറ്റിങ്ങില്‍ നായകന്‍ റിഷബ് പന്ത് 25 പന്തി 55 റണ്‍സും ട്രിസ്റ്റണ്‍ സ്റ്റബ്‌സ് 32 പന്തില്‍ 54 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
ജയത്തോടെ മൂന്നു മത്സരങ്ങളും വിജയിച്ചു ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് കൊല്‍ക്കത്ത. ഏപ്രില്‍ എട്ടിന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. സൂപ്പര്‍ കിങ്സിന്റെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി.
Content Highlight: Ankit Raghuvanshi great performance against Delhi Capitals