ന്യൂദല്‍ഹി: ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക്ക് പോളിസി ഡയറക്ടര്‍ ആംഖി ദാസ് കമ്പനിയില്‍ നിന്നും രാജിവെച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാടുകളുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ആംഖി ദാസിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആംഖി ദാസിന്റെ രാജി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്.
എന്നാല്‍ ഫേസ്ബുക്ക് വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് ആംഖി ദാസിന്റെ രാജിയിലേക്ക് നയിച്ചതെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഫേസ്ബുക്ക് മേധാവികള്‍ പറഞ്ഞത്.
പൊതുപ്രവര്‍ത്തന രംഗത്തേക്കിറങ്ങാന്‍ അവര്‍ സ്വമേധയാ രാജിവെയ്ക്കുകയായിരുന്നുവെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം.
‘പൊതുസേവനത്തിനായി ഫേസ്ബുക്കില്‍ നിന്നും ആംഖി ദാസ് രാജിവെച്ചു. ഇന്ത്യയിലെ ഞങ്ങളുടെ ആദ്യകാല ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ആംഖി. കഴിഞ്ഞ 9 വര്‍ഷമായി കമ്പനിയുടെയും സേവനങ്ങളുടെയും വളര്‍ച്ചയില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. കഴിഞ്ഞ 2 വര്‍ഷമായി അവര്‍ എന്റെ നേതൃത്വത്തിലുള്ള ടീമിന്റെ ഭാഗമാണ്. കമ്പനിയ്ക്കായി മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവരുടെ ഭാവിക്ക് ഏറ്റവും മികച്ചത് നേരുന്നു’- ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അജിത് മോഹന്‍ പറഞ്ഞു. ‘
ബി.ജെ.പി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഫേസ്ബുക്ക് ഇന്ത്യ മേധാവികള്‍ വീഴ്ച വരുത്തിയെന്ന വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
ബി.ജെ.പിയുടെ തെലങ്കാന എം.എല്‍.എയായ ടി. രാജാ സിങ് വിദ്വേഷപ്രചരണം നടത്തിയിട്ടും എം.എല്‍.എയ്‌ക്കെതിരെ ഫേസ്ബുക്ക് മാനദണ്ഡങ്ങള്‍ പ്രകാരം നടപടി സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല എന്നായിരുന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് രാജാ സിങിനെ അപകടകാരിയായ വ്യക്തിയായി ഫേസ്ബുക്ക് കണക്കാക്കിയെങ്കിലും അദ്ദേഹത്തിന് ഇപ്പോഴും വെരിഫൈഡ് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ വ്യക്തമാക്കിയിരുന്നു.
ഭരണകക്ഷിയായ ബി.ജെ.പി നേതാക്കളുടെ എതിര്‍പ്പിനിടയാക്കുന്ന തീരുമാനങ്ങള്‍ എടുത്താല്‍ കമ്പനിയുടെ ബിസിനസിനെ ഇത് ബാധിക്കുമെന്ന് കമ്പനിയിലെ ജീവനക്കാരോട് ആംഖി ദാസ് പറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Ankhi Das Quits From Facebook India