ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിക്കുന്ന പ്രകടനവുമായി അരങ്ങു തകര്‍ക്കുകയാണ് ഇന്ത്യയുടെ സ്വന്തം ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ്. സൂര്യകുമാര്‍ യാദവിന്റെ കളിമികവിനൊപ്പം ബാറ്റിങ് ഓര്‍ഡറിലെ താരത്തിന്റെ സ്ഥാനവും പെര്‍ഫോമന്‍സില്‍ നിര്‍ണായകമാകുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ താരം അഞ്ജും ചോപ്ര ചൂണ്ടിക്കാണിക്കുന്നത്.
മാത്രമല്ല ഈ ബാറ്റിങ്ങ് ഓര്‍ഡര്‍ ഇന്ത്യന്‍ ടീമിന് മൊത്തത്തില്‍ ഏറെ സഹായകരമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ചത്തെ മാച്ചിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘അവന്‍ മൂന്നാമനായാണ് ബാറ്റ് ചെയ്യാനെത്തിയത്. അതുകൊണ്ട് തന്നെ മികച്ച റണ്‍സ് നേടാന്‍ അവസരവും സമയവും ലഭിച്ചു. മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും കളിക്കാനിറങ്ങുന്നത് തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ബാറ്റ് ചെയ്യാന്‍ സമയം കൂടുതല്‍ കിട്ടുന്നത് അവനും ടീമിനും ഒരുപോലെ ഗുണം ചെയ്യും,’ അഞ്ജും ചോപ്ര പറയുന്നു.
ടി-20 ഫോര്‍മാറ്റിലെ ഇന്ത്യയുടെ കുന്തമുനയായ സൂര്യകുമാര്‍ യാദവ്, വിളിപ്പേരായ സ്‌കൈ പോലെ ആകാശം തൊടുന്ന പെര്‍ഫോമന്‍സായിരുന്നു കഴിഞ്ഞ ദിവസം കാഴ്ച വെച്ചത്. 51 പന്തില്‍ നിന്നും 217.65 സ്ട്രൈക്ക് റേറ്റിലായിരുന്നു താരം 111 റണ്‍സ് നേടിയത്. സ്‌കൈ തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും.
ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ ടി-20 മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ രണ്ടാം മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യം വെച്ചായിരുന്നു ഞായറാഴ്ച ഇരു ടീമും ബേ ഓവലില്‍ കളത്തിലിറങ്ങിയത്. ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് പറഞ്ഞയച്ചു.
എന്നാല്‍ സൂര്യകുമാര്‍ എന്ന മലവെള്ളപ്പാച്ചിലില്‍ കിവി പക്ഷികള്‍ ഒലിച്ചു പോവുകയായിരുന്നു. 51 പന്തില്‍ നിന്നും 111 റണ്‍സുമായി ഇന്നിങ്സിനെ മുന്നില്‍ നിന്നും നയിച്ച താരത്തിന്റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ന്യൂസിലാന്‍ഡ് നിരയില്‍ പന്തെറിഞ്ഞ താരങ്ങളെല്ലാം തന്നെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ തല്ല് വാങ്ങിക്കൂട്ടിയപ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 19ാം ഓവറില്‍ സ്‌കൈ തന്റെ മാജിക് മുഴുവന്‍ പുറത്തെടുത്തു.
19ാം ഓവറിലെ ആദ്യ പന്ത് ഫോറടിച്ചാണ് സൂര്യകുമാര്‍ യാദവ് തുടങ്ങിയത്. രണ്ടാം പന്തില്‍ റണ്‍സൊന്നും പിറന്നിരുന്നില്ല. അടുത്ത മൂന്ന് പന്തുകളില്‍ ബൗണ്ടറിയടിച്ച സൂര്യകുമാര്‍ ആറാം പന്ത് സിക്സറിന് തൂക്കിയാണ് ഓവര്‍ അവസാനിപ്പിച്ചത്.
അങ്ങനെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി.