കോട്ടയം: കോട്ടയത്ത് കോപ്പിയടിച്ചെന്ന ആരോപണത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മരണത്തിലാണ് എം.ജി സര്‍വകലാശാലയും പൊലീസും അന്വേഷണം ആരംഭിച്ചത്.
കോപ്പിയടിച്ചെന്ന പേരില്‍ അഞ്ജുവിനെ ഒരു മണിക്കൂര്‍ ക്ലാസിലിരുത്തിയ സാഹചര്യം ഗൗരവമായി പരിശോധിക്കുമെന്ന് ബി.വി.എം കോളേജിലെത്തിയ സിന്‍ഡിക്കേറ്റ് ഉപസമിതി അറിയിച്ചു. അഞ്ജുവിന്റെ കയ്യക്ഷരം അടക്കം പൊലീസ് പരിശോധിക്കും.
ഇതിനായി അഞ്ജുവിന്റെ പഴയ നോട്ട്ബുക്കുകള്‍ കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ നിന്നും പൊലീസ് ശേഖരിച്ചു.നോട്ട്ബുക്കും ഹാള്‍ടിക്കറ്റും തിരുവനന്തപുരത്തെ പൊലീസ് ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കും. രണ്ട് ദിവസത്തിനുള്ളില്‍ ഫലം ലഭിക്കുമെന്നാണ് കരുതുന്നത്. പരിശോധനാ ഫലം വരുന്നതോടെ ആരോപണത്തില്‍ വ്യക്തത വരുമെന്ന നിഗമനത്തിലാണ് പൊലീസ്.
സംഭവത്തില്‍ കോളെജിനെതിരെ മരിച്ച അഞ്ജുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഹാള്‍ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. കോളെജ് അധികൃതരുടെ മാനസിക പീഡനം കാരണമാണ് അഞ്ജു മരിച്ചതെന്നും അഞ്ജുവിന്റെ അച്ഛന്‍ ഷാജി ആരോപിച്ചിരുന്നു.