ബെംഗളൂരു: ബി.ജെ.പി.യില്‍ ചേര്‍ന്നിട്ടില്ലെന്ന് ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ്. കുടുംബസുഹൃത്തായ കേന്ദ്ര സഹമന്ത്രി വി മുരളീധരനെ കാണാന്‍ പോയതാണെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.
കര്‍ണാടക ബി.ജെ.പി ഘടകം സംഘടിപ്പിച്ച അംഗത്വ വിതരണ ക്യാംപയിന്‍ വേദിയില്‍ നില്‍ക്കുന്ന അഞ്ജു ബോബി ജോര്‍ജിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് അഞ്ജു ബി.ജെ.പിയില്‍ ചേര്‍ന്നെന്ന് വാര്‍ത്ത പ്രചരിച്ചത്.
‘മുരളീധരനെ കാണാന്‍ പോയപ്പോള്‍ പാര്‍ട്ടി പരിപാടി നടക്കുകയായിരുന്നു. പാര്‍ട്ടിക്കാര്‍ വേദിയിലേക്ക് ക്ഷണിച്ചു. ബി.ജെ.പിയുടെ അംഗത്വ വിതരണ ക്യാംപെയ്ന്‍ നടക്കുകയാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം തെറ്റാണ്’- അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.
അഞ്ജു ബോബി ജോര്‍ജ് തന്നെ കാണാനായാണ് ബെംഗളൂരുവിലെ ചടങ്ങിനെത്തിയതെന്നും അവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നും
മുരളീധരനും പറഞ്ഞു.
ബി.ജെ.പി.യുടെ പരിപാടിക്കെത്തിയപ്പോള്‍ ബി.ജെ.പിയുടെ പതാക പിടിച്ച് യെദ്യൂരപ്പയോടൊപ്പം ചിത്രമെടുക്കുക മാത്രമാണ് അഞ്ജു ബോബി ജോര്‍ജ് ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു.
അഞ്ജു ബോബി ജോര്‍ജ് ബി.ജെ.പി.യില്‍ ചേര്‍ന്നതായി എ.എന്‍.ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി അഞ്ജു ബോബി ജോര്‍ജും മുരളീധരനും രംഗത്തെത്തിയത്.