| Wednesday, 1st November 2023, 8:16 pm

സിനിമയിലേക്ക് വരുന്നവര്‍ ഈ സൂപ്പര്‍ സ്റ്റാര്‍സിനെ കണ്ടുപഠിക്കണം: അഞ്ജു അരവിന്ദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ പുതുതായി വരുന്നവര്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും രജനികാന്തിനെയും കണ്ട് പഠിക്കണമെന്ന് പറയുകയാണ് നടി അഞ്ജു അരവിന്ദ്. അവരോടൊപ്പമുള്ള അനുഭവങ്ങളെ കുറിച്ചും താരം പറയുന്നു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഞ്ജു അരവിന്ദ്.

‘ലാലേട്ടന്റെ കൂടെ നരന്‍ സിനിമയില്‍ മാത്രമാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. എങ്കിലും അമ്മയുടെ മീറ്റിങ്ങിനൊക്കെ പോയിട്ട് നേരിട്ട് കാണുമ്പോള്‍ കൂടെനിന്ന് ഒരു ഫോട്ടോയോ വീഡിയോയോ എടുത്തോട്ടെയെന്ന് ചോദിച്ചാല്‍ ലാലേട്ടന്‍ പെട്ടെന്ന് സമ്മതിക്കും. അദ്ദേഹം ഒന്നിനും നോ പറയില്ല. എന്ത് പറഞ്ഞാലും ഒരു പ്രശ്‌നവും ഇല്ലാതെ ചെയ്ത് തരും. അത്രയും നല്ല മനുഷ്യനാണ് അദ്ദേഹം.

മമ്മൂക്കയും അങ്ങനെയാണ്. അഴകിയ രാവണന്‍ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഞാനും വിനീതും (വിനീത് കുമാര്‍) ലൊക്കേഷനില്‍ ചെന്നാല്‍, ഞങ്ങള്‍ രണ്ടുപേരും മാത്രമായി മാറിയിരിക്കുമായിരുന്നു. ഒരുദിവസം ഞങ്ങള്‍ അങ്ങനെ മാറിയിരിക്കുന്നത് കണ്ടിട്ടാകണം മമ്മൂക്ക ഞങ്ങളുടെ നേരെ നോക്കി. പിന്നെ എഴുന്നേറ്റ് വന്ന് ഞങ്ങളുടെ അടുത്തിരുന്നു.

അത്രയും സിമ്പിളായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഇവരെയൊക്കെ കണ്ടാണ് സിനിമയില്‍ പുതുതായി വരുന്നവര്‍ പഠിക്കേണ്ടത്. ഇവിടെയൊക്കെ ആളുകള്‍ക്ക് ഒരു സിനിമ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ഭയങ്കര ജാഡയാകും. അവരൊക്കെ സൂപ്പര്‍ സ്റ്റാര്‍സിനെ കണ്ട് പഠിക്കണം.

അതുപോലെ തന്നെയാണ് രജനിസാറും. സാറിന്റെ ഒരു സിനിമയില്‍ എനിക്ക് ഓഫര്‍ വന്നിരുന്നു. എല്ലാവരും ദീപാവലിയുടെ സമയത്ത് സാറിനെ കണ്ട് അനുഗ്രഹം വാങ്ങാന്‍ പറഞ്ഞു. അങ്ങനെ അന്ന് സാറിനെ കാണാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ ഒരു സിംമ്പ്‌ളിസിറ്റി കാണണമായിരുന്നു.

വീട്ടില്‍ പോയ ഞങ്ങളെ നേരെ ഹാളിലേക്ക് കൊണ്ടുപോയി ഭാര്യയെയും ബാക്കിയുള്ളവരെയും പരിചയപെടുത്തി തന്നു. മുമ്പ് അഭിനയിച്ച സിനിമ കണ്ടിട്ടുണ്ടെന്നും നന്നായിട്ടുണ്ടെന്നും ഇതിലും നല്ല കഥാപാത്രമാണെന്നും പറഞ്ഞു. സാറിന്റെ സംസാരം അത്രയും സിമ്പിളാണ്,’ അഞ്ജു അരവിന്ദ് പറഞ്ഞു.


Content Highlight: Anju Aravind Talks About Mohanlal And Mammootty And Rajnikanth

We use cookies to give you the best possible experience. Learn more