മറ്റൊരു ആര്‍ട്ടിസ്റ്റിന്റെ ഫോട്ടോഷൂട്ടിന് വന്ന പ്രൊഡക്ഷന്‍ കമ്പനി എന്നെ അവിചാരിതമായി കണ്ടു; ഒടുവില്‍ വിജയ്‌യുടെ നായികയായി തമിഴില്‍ എന്‍ട്രി
Film News
മറ്റൊരു ആര്‍ട്ടിസ്റ്റിന്റെ ഫോട്ടോഷൂട്ടിന് വന്ന പ്രൊഡക്ഷന്‍ കമ്പനി എന്നെ അവിചാരിതമായി കണ്ടു; ഒടുവില്‍ വിജയ്‌യുടെ നായികയായി തമിഴില്‍ എന്‍ട്രി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th February 2024, 8:01 am

1996ല്‍ വിക്രമന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പൂവേ ഉനക്കാക. ചിത്രത്തില്‍ വിജയ് ആയിരുന്നു നായകന്‍. വിജയ്‌യുടെ സിനിമാ കരിയറിലെ ആദ്യ ബ്ലോക്ക്ബസ്റ്ററും വലിയൊരു വഴിത്തിരിവുമായിരുന്നു പൂവേ ഉനക്കാക.

270 ദിവസത്തിലധികം തിയേറ്ററുകളില്‍ ഓടിയ ഈ ചിത്രത്തില്‍ മലയാളികളായ സംഗീതയും അഞ്ചു അരവിന്ദുമായിരുന്നു നായികമാരായെത്തിയത്. അഞ്ചു അരവിന്ദിന്റെ ആദ്യ തമിഴ് സിനിമയായിരുന്നു പൂവേ ഉനക്കാക.

ഈ സിനിമയിലൂടെ വിജയ്‌യുടെ നായികയായി തമിഴിലേക്ക് അരങ്ങേറ്റം കുറിച്ച കഥ പറയുകയാണ് അഞ്ചു അരവിന്ദ്. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഗുരുവായൂരില്‍ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ മറ്റൊരു ആര്‍ട്ടിസ്റ്റിന്റെ ഫോട്ടോഷൂട്ടിന് വേണ്ടി വന്ന സൂപ്പര്‍ഗുഡ് ഫിലിംസില്‍ നിന്നുള്ള ആളുകള്‍ അവിചാരിതമായി തന്നെ കാണുകയായിരുന്നുവെന്ന് അഞ്ചു അരവിന്ദ് പറഞ്ഞു.

‘എല്ലാം ദൈവാനുഗ്രഹമാണ്. ഗുരുവായൂരില്‍ പാര്‍വതി പരിണയം എന്ന സിനിമയുടെ ഷൂട്ടിങ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് വേറെ ഒരു ആര്‍ട്ടിസ്റ്റിന്റെ ഫോട്ടോഷൂട്ടിന് വേണ്ടി സൂപ്പര്‍ഗുഡ് ഫിലിംസില്‍ നിന്ന് ആളുകള്‍വന്നു.

അവിചാരിതമായി എന്നെ കണ്ടപ്പോള്‍ അവര്‍ എന്റെയും കൂടെ ഫോട്ടോയെടുത്തു. അങ്ങനെ ഞങ്ങള്‍ ഈ പാര്‍വതി പരിണയത്തിന്റെ പാട്ട് സീന്‍ ചെയ്യാന്‍ വേണ്ടി ചെന്നൈയില്‍ പോയപ്പോഴാണ് സൂപ്പര്‍ഗുഡ് ഫിലിംസില്‍ നിന്ന് എന്നെ വിളിച്ച് സെലക്ടണെന്ന് പറയുന്നത്. സംവിധായകന്‍ വിക്രമന്റെ പുതിയ പടത്തില്‍ നായികയാണെന്ന് പറഞ്ഞു.

അങ്ങനെ വിക്രമന്‍ സാറും അദ്ദേഹത്തിന്റെ അസോസിയേറ്റും കൂടെ എന്നെ കാണാന്‍ ലൊക്കേഷനിലെത്തി. എന്നിട്ട് കഥയൊക്കെ പറഞ്ഞു തന്നു. അങ്ങനെയാണ് എന്റെ ആദ്യത്തെ തമിഴ് സിനിമ വിജയ്‌യുടെ കൂടെ അദ്ദേഹത്തിന്റെ നായികയായിട്ട് നടക്കുന്നത്. പൂവേ ഉനക്കാക എന്ന സിനിമയായിരുന്നു അത്,’ അഞ്ചു അരവിന്ദ് പറഞ്ഞു.


Content Highlight: Anju Aravind Talks About Her First Tamil Movie