1995ല്‍ അക്ഷരം എന്ന സിനിമയിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച താരമാണ് അഞ്ചു അരവിന്ദ്. തുടക്കത്തില്‍ മലയാള സിനിമയില്‍ അഭിനയിച്ചിരുന്ന താരം 1996ലാണ് വിജയ്‌യുടെ നായികയായി തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
വിക്രമന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പൂവേ ഉനക്കാക എന്ന ചിത്രമായിരുന്നു അത്. മലയാളത്തിനും തമിഴിനും പുറമെ കന്നഡ സിനിമകളിലും സീരിയലിലുകളിലും അഭിനയിക്കാന്‍ അഞ്ചു അരവിന്ദിന് സാധിച്ചു. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് താരം.
‘എല്ലാം ദൈവാനുഗ്രഹമാണ്. ഗുരുവായൂരില്‍ പാര്‍വതി പരിണയം എന്ന സിനിമയുടെ ഷൂട്ടിങ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് വേറെ ഒരു ആര്‍ട്ടിസ്റ്റിന്റെ ഫോട്ടോഷൂട്ടിന് വേണ്ടി സൂപ്പര്‍ഗുഡ് ഫിലിംസില്‍ നിന്ന് ആളുകള്‍വന്നു.
അവിചാരിതമായി എന്നെ കണ്ടപ്പോള്‍ അവര്‍ എന്റെയും കൂടെ ഫോട്ടോയെടുത്തു. അങ്ങനെ ഞങ്ങള്‍ ഈ പാര്‍വതി പരിണയത്തിന്റെ പാട്ട് സീന്‍ ചെയ്യാന്‍ വേണ്ടി ചെന്നൈയില്‍ പോയപ്പോഴാണ് സൂപ്പര്‍ഗുഡ് ഫിലിംസില്‍ നിന്ന് എന്നെ വിളിച്ച് സെലക്ടണെന്ന് പറയുന്നത്. സംവിധായകന്‍ വിക്രമന്റെ പുതിയ പടത്തില്‍ നായികയാണെന്ന് പറഞ്ഞു.
അങ്ങനെ വിക്രമന്‍ സാറും അദ്ദേഹത്തിന്റെ അസോസിയേറ്റും കൂടെ എന്നെ കാണാന്‍ ലൊക്കേഷനിലെത്തി. എന്നിട്ട് കഥയൊക്കെ പറഞ്ഞു തന്നു. അങ്ങനെയാണ് എന്റെ ആദ്യത്തെ തമിഴ് സിനിമ വിജയ്‌യുടെ കൂടെ അദ്ദേഹത്തിന്റെ നായികയായിട്ട് നടക്കുന്നത്. പൂവേ ഉനക്കാക എന്ന സിനിമയായിരുന്നു അത്.
മലയാളി പ്രേക്ഷകര്‍ക്ക് ആ സിനിമയെ കുറിച്ച് അറിയാമെന്ന് തോന്നുന്നു. കാരണം ഇതിനിടെ സുധാമണി സൂപ്പറാണ് എന്ന സീരിയലിന്റെ ഷൂട്ടിന് വേണ്ടി കോളേജില്‍ ഒരു സീന്‍ എടുക്കാന്‍ വേണ്ടി പോയിരുന്നു. ആ സമയത്ത് അവിടെ എല്ലാവരും ന്യൂജനറേഷനാണ്. ആര്‍ക്കും എന്നെ അറിയണമെന്നില്ല.
കാരണം ഞാന്‍ ഏഴെട്ട് കൊല്ലമായി സീരിയല്‍ ലോകത്ത് നിന്ന് തന്നെ പോയിട്ട്. ഏഴ് വര്‍ഷമായി ഞാന്‍ സീരിയല്‍ നിര്‍ത്തിയിട്ട്. അതുകൊണ്ട് ടി.വിയിലൂടെ പോലും അവര്‍ക്ക് എന്നെ കണ്ടുപരിചയമുണ്ടാകില്ല. ഒരു എട്ട് മണിയൊക്കെ ആയപ്പോഴാണ് ഞാന്‍ അവിടെ ലൊക്കേഷനിലെത്തിയത്.
അത് കഴിഞ്ഞ് ഒരു പത്ത് പത്തരയോട് കൂടി കുട്ടികള്‍ എന്റെയടുത്ത് വരുന്നു, ഫോട്ടോയെടുക്കുന്നു. ഇവര്‍ എന്റെ പേര് സെര്‍ച്ച് ചെയ്തിട്ട് വിജയ്‌യുടെ നായികയാണ് എന്ന് പറയാന്‍ തുടങ്ങി. ഇളയദളപതി വിജയ്‌യുടെ നായികയെന്ന് പറഞ്ഞ് ഫോട്ടോയെടുത്തു.
അവര്‍ സെര്‍ച്ച് ചെയ്ത് നോക്കുമ്പോഴേക്കും ആ സിനിമയിലെ പാട്ടുകളൊക്കെ കണ്ടു. വിജയ്‌യുടെ നായികയാണല്ലേ രജിനികാന്തിന്റെ സിസ്റ്റര്‍ ഒക്കെയായി അഭിനയിച്ചല്ലേ എന്ന് എന്നോട് ചോദിച്ചു. അതൊക്കെ എനിക്ക് പുതിയ അനുഭവമായിരുന്നു. ന്യൂജെന്‍ കുട്ടികള്‍ എന്റെ അടുത്തേക്ക് വന്ന് സംസാരിക്കുന്നത് ആദ്യമായിരുന്നു,’ അഞ്ചു അരവിന്ദ് പറഞ്ഞു.
Content Highlight: Anju Aravind Talks About Her Experience In A College