സിനിമ ഇങ്ങനെയാണെന്ന തിരിച്ചറിവ് നൽകിയത് പ്രേമത്തിലെ ആ കഥാപാത്രമാണ്: അഞ്ജന ജയപ്രകാശ്
Entertainment
സിനിമ ഇങ്ങനെയാണെന്ന തിരിച്ചറിവ് നൽകിയത് പ്രേമത്തിലെ ആ കഥാപാത്രമാണ്: അഞ്ജന ജയപ്രകാശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th June 2024, 10:58 am

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അഞ്ജന ജയപ്രകാശ്. ഫഹദിന്റെ നായികയായ ഹംസധ്വനി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

മമ്മൂട്ടിയും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിച്ച പുതിയ ചിത്രം ടർബോയിൽ നായികയായി എത്തിയത് അഞ്ജനയാണ്. മിഥുൻ മാനുവൽ തോമസ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ കന്നഡ താരം രാജ് ബി. ഷെട്ടിയും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

പാച്ചുവും അത്ഭുതവിളക്കിനും മുമ്പ് മലയാളത്തിൽ പ്രേമം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ ഓഡിഷനിൽ അഞ്ജന ജയപ്രകാശ് പങ്കെടുത്തിരുന്നു. ഓഡിഷന് ശേഷം രണ്ട് ദിവസം തന്നെ വെച്ച് ഷൂട്ട് ചെയ്യുകയും എന്നാൽ കഥാപാത്രത്തിന് താൻ യോജിച്ചതല്ലെന്ന് പറഞ്ഞ് പിന്നീട് തന്നെ മാറ്റിയെന്നും അഞ്ജന പറയുന്നു.

എന്നാൽ സിനിമ ഇങ്ങനെയാണെന്ന തിരിച്ചറിവ് നൽകിയത് ആ അനുഭവമാണെന്നും അത് തുടക്കത്തിൽ തന്നെ അറിഞ്ഞെന്നും സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ അഞ്ജന പറഞ്ഞു.

‘പ്രേമം സിനിമയിൽ സെലിൻ എന്ന കഥാപാത്രത്തിലേക്ക് എന്നെ തെരഞ്ഞെടുത്തിരുന്നു. രണ്ടു ദിവസം ഷൂട്ട്‌ ചെയ്യുകയും ചെയ്തു. പിന്നീട് ആ കഥാപാത്രത്തിന് ഞാൻ യോജിച്ചതല്ല എന്ന് പറഞ്ഞ് എന്നെ മാറ്റി.

ആ സമയത്ത് കുറച്ച് വിഷമം തോന്നിയെങ്കിലും ഇതാണ് സിനിമ, ഇങ്ങനെയാണ് സിനിമ എന്ന തിരിച്ചറിവ് തുടക്കത്തിൽ തന്നെ നൽകാൻ ആ സംഭവം കൊണ്ട് സാധിച്ചു,’അഞ്ജന ജയപ്രകാശ് പറയുന്നു.

 

 

content  highlight: Anjana Jayaprakash  Talk About  Premam Movie