പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അഞ്ജന ജയപ്രകാശ്. ഫഹദിന്റെ നായികയായ ഹംസധ്വനി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
മമ്മൂട്ടിയും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ടർബോയിൽ നായികയായി എത്തുന്നത് അഞ്ജനയാണ്. മിഥുൻ മാനുവൽ തോമസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ കന്നഡ താരം രാജ് ബി. ഷെട്ടിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് അഞ്ജന. ആളുകൾ ഇപ്പോഴും ആ കഥാപാത്രത്തെ കുറിച്ച് സംസാരിക്കാറുണ്ടെന്നും പലരും തന്നെ ഹംസധ്വനിയെന്നാണ് വിളിക്കാറെന്നും അഞ്ജന പറയുന്നു.
കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുകയെന്നത് ഭാഗ്യമാണെന്നും കരിയറിന്റെ ആശങ്കയിൽ നിൽക്കുമ്പോഴാണ് കഥാപാത്രം തന്നെ തേടി വന്നതെന്നും അഞ്ജന പറഞ്ഞു. വനിത മാഗസിനോട് സംസാരിക്കുകയായിരുന്നു അഞ്ജന ജയപ്രകാശ്.
‘പാച്ചുവും അത്ഭുതവിളക്കും സിനിമയിലെ ഹംസ ധ്വനിയെക്കുറിച്ച് ഇപ്പോഴും പലരും പറയുന്നതു കൊണ്ട് ഒട്ടും മിസ് ചെയ്യുന്നില്ല. എൻ്റെ യഥാർഥ പേര് പലർക്കും അറിയില്ല. ഹംസധ്വനിയെന്നാണ് വിളിക്കുന്നത്. കഥാപാത്രത്തിൻ്റെ പേരിൽ അറിയപ്പെടുകയെന്ന ഭാഗ്യം മലയാള സിനിമയിൽ കിട്ടാവുന്ന മികച്ച വരവേൽപ്പല്ലേ. സത്യത്തിൽ അതിന്റെ ക്രെഡിറ്റ് സംവിധായകൻ അഖിൽ സത്യനാണ്.
എന്നോടു കൂടുതൽ ചേർന്നു നിൽക്കുന്ന കഥാപാത്രം ഹംസധ്വനിയാണ്. മാത്രമല്ല,കരിയറിനെക്കുറിച്ചു ചെറിയ ആശങ്കകൾ തലപൊക്കിത്തുടങ്ങിയ സമയത്താണ് ഒരുപാടു പ്രതീക്ഷകൾ നൽകി ഹംസധ്വനി എന്നെ തേടി വന്നതും. അതുകൊണ്ടു തന്നെ ധ്വനി എനിക്കെന്നും ഏറെ പ്രിയപ്പെട്ടവളാണ്,’അഞ്ജന ജയപ്രകാശ് പറയുന്നു.
അതേസമയം ടർബോ ബോക്സ് ഓഫീസിൽ അമ്പത് കോടി കളക്ഷനും കടന്ന് മുന്നേറുകയാണ്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ടർബോ.
Content Highlight: Anjana Jayaprakash Talk About Hamsa Dwani In Pachuvum Albhuthavillakum