| Monday, 27th May 2024, 12:21 pm

ആ സീനിൽ എന്റെ ഹൃദയമിടിപ്പെല്ലാം കൂടി, സെറ്റിലേക്ക് വന്ന അമ്മയും അച്ഛനും പേടിച്ചു: അഞ്ജന ജയപ്രകാശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അഞ്ജന ജയപ്രകാശ്. ഫഹദിന്റെ നായികയായ ഹംസധ്വനി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

മമ്മൂട്ടിയും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ടർബോയിൽ നായികയായി എത്തുന്നത് അഞ്ജനയാണ്. മിഥുൻ മാനുവൽ തോമസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ കന്നഡ താരം രാജ് ബി. ഷെട്ടിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിലെ ചേസിങ് സീനുകൾ ഷൂട്ട്‌ ചെയ്തതിനെ കുറിച്ച് പറയുകയാണ് അഞ്ജന. ആദ്യമായി അത് ഷൂട്ട്‌ ചെയ്ത ദിവസം തന്റെ ഹൃദയമിടിപ്പ് കൂടിയിരുന്നുവെന്നും നല്ല ടെൻഷൻ ആയിരുന്നുവെന്നും അഞ്ജന പറയുന്നു. ആ ഷോട്ട് എടുക്കുമ്പോൾ തന്റെ അച്ഛനും അമ്മയും സെറ്റിലേക്ക് വന്നിരുന്നുവെന്നും അവർ കണ്ട് പേടിച്ചെന്നും അഞ്ജന പറയുന്നു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം.

‘ഒരുപോലെയുള്ള രണ്ടു വണ്ടികൾ ഉണ്ടായിരുന്നു. എല്ലാ സുരക്ഷാ സംവിധാനങ്ങളും വണ്ടിയിൽ ക്രമീകരിച്ചിട്ടുണ്ട്. ആ സീക്വൻസ് ഷൂട്ട് ചെയ്ത‌തിന്റെ ആദ്യ ദിവസം ശരിക്കും ഹൃദയമിടിപ്പൊക്കെ കൂടി. ആ സമയത്താണ് സെറ്റിലേക്ക് അച്ഛനും അമ്മയും വന്നത്.

ചെറിയ സ്‌പീഡിൽ വണ്ടി പോകുന്ന ഷോട്ടുകൾ ചിത്രീകരിക്കുന്നതാണ് അവർ കണ്ടത്. എന്നിട്ടു തന്നെ അവർക്ക് ടെൻഷനായി. ഞാൻ പറഞ്ഞു, ഇതൊന്നും ഒന്നും അല്ല, കൂടിയ സാധനങ്ങളൊക്കെ നേരത്തേ കഴിഞ്ഞു എന്ന്,’അഞ്ജന ജയപ്രകാശ് പറയുന്നു.

ആക്ഷൻ രംഗങ്ങൾ തനിക്ക് പുതിയ അനുഭവമായിരുന്നുവെന്നും എന്നാൽ മമ്മൂട്ടി എന്തിനും റെഡിയായിരുന്നുവെന്നും അഞ്ജന പറഞ്ഞു.

‘എല്ലാ സ്റ്റ‌ണ്ടുകളും കൃത്യമായ സുരക്ഷാക്രമീകരണങ്ങൾ സ്വീകരിച്ചാണ് ചെയ്തത്. എങ്കിലും എല്ലാവർക്കും ചെറിയൊരു പേടിയുണ്ടായിരുന്നു. സ്റ്റണ്ടിന്റെ ഭാഗമായി ഹാർനെസ് ഉപയോഗിച്ച് എന്നെ പൊക്കുന്ന പരിപാടിയൊക്കെ ഉണ്ടായിരുന്നു. എനിക്ക് അതെല്ലാം പുതിയ കാര്യങ്ങളാണ്.

അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ കയറുമ്പോൾ തോന്നുന്ന താരം പിരുപിരുപ്പായിരുന്നു എനിക്ക്. മറുവശത്ത് മമ്മൂക്കയാണെങ്കിൽ എന്തിനും റെഡിയായി നിൽക്കുകയാണ്,’അഞ്ജന പറഞ്ഞു.

Content Highlight: Anjana Jayaprakash Talk About Chasing Seen In Turbo Movie

We use cookies to give you the best possible experience. Learn more