Advertisement
Entertainment
ഞാനും രാജ്.ബി. ഷെട്ടിയും സെറ്റില്‍ സംസാരിച്ചിരുന്നത് കണ്ട് മിഥുന്‍ ചേട്ടന്‍ ദേഷ്യപ്പെട്ടു: അഞ്ജന ജയപ്രകാശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 15, 07:58 am
Wednesday, 15th May 2024, 1:28 pm

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് അഞ്ജന ജയപ്രകാശ്. ചിത്രത്തിലെ ഹംസധ്വനി എന്ന കാഥാപാത്രമായി മികച്ച പ്രകടനമാണ് അഞ്ജന കാഴ്ചവെച്ചത്. മമ്മൂട്ടി നായകനായ ടര്‍ബോയാണ് അഞ്ജനയുടെ പുതിയ ചിത്രം. ശബരീഷ് വര്‍മയുടെ കാമുകിയായ ഇന്ദുലേഖയായാണ് താരം ടര്‍ബോയില്‍ എത്തുന്നത്.

സിനിമയുടെ ഷൂട്ടിന്റെ സമയത്ത് താനും സിനിമയിലെ വില്ലനെ അവതരിപ്പിക്കുന്ന രാജ്.ബി. ഷെട്ടിയും തമ്മില്‍ സംസാരിക്കുന്നത് കണ്ട് തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ് തന്നോട് ദേഷ്യപ്പെട്ടെന്ന് അഞ്ജന പറഞ്ഞു. ടര്‍ബോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദില്‍സേ എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

സിനിമയില്‍ രണ്ടുപേരും എതിരാളികളാണെന്നും ബ്രേക്കിന്റെ സമയത്ത് കളിച്ചു ചിരിച്ചു നിന്നാല്‍ ചിലപ്പോല്‍ അത് ടേക്ക് എടുക്കുമ്പോള്‍ ബാധിക്കുമെന്ന് വിചാരിച്ചാണ് അങ്ങനെ ചെയ്തതെന്ന് മിഥുന്‍ പിന്നീട് തന്നോട് പറഞ്ഞെന്നും അഞ്ജന കൂട്ടിച്ചേര്‍ത്തു.

‘സിനിമയുടെ സെറ്റില്‍ ഒരുപാട് മെമ്മറീസ് ഉണ്ടായിട്ടുണ്ട്. അതില്‍ മറക്കാന്‍ പറ്റാത്ത കാര്യം എന്താണെന്ന് ചോദിച്ചാല്‍, ഒരു ദിവസം ബ്രേക്കിന്റെ സമയത്ത് ഞാനും രാജ്.ബി. ഷെട്ടിയും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ട്രെയ്‌ലറില്‍ കണ്ടതുപോലെ പുള്ളി ശരിക്കും വില്ലനല്ല. ഫണ്ണി പേഴ്‌സണാണ്. ഞങ്ങള്‍ ഓരോന്ന് പറഞ്ഞ് ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

മിഥുന്‍ ചേട്ടന്‍ എല്ലാ ദിവസവും സെറ്റില്‍ വരാറില്ല. ഇടക്ക് വന്ന് തല കാണിച്ചിട്ട് പോകും. അങ്ങനെ പുള്ളി ഒരു ദിവസം സെറ്റിലേക്ക് വന്നപ്പോള്‍ കണ്ട കാഴ്ച, ഞങ്ങള്‍ രണ്ടുപേരും സംസാരിച്ചുകൊണ്ടിരിക്കുന്നതാണ്. മിഥുന്‍ ചേട്ടന് ദേഷ്യം വന്ന് എന്നോട് ചൂടായി. ‘ഈ ഇരിക്കുന്നത് നിന്റെ വില്ലനാണ്. ഇങ്ങനെ ചിരിച്ചു കളിച്ചിരുന്നാല്‍ ടേക്ക് എടുക്കുമ്പോള്‍ ശരിയാവില്ല’ എന്ന് പറഞ്ഞിട്ട് പുള്ളി പോയി.

ആ പറഞ്ഞത് ശരിയാണെന്ന് എനിക്ക് പിന്നീട് തോന്നി. കാരണം ടേക്ക് എടുത്തപ്പോള്‍ അതുവരെ എന്റെ കൂടെ ചിരിച്ച് നിന്ന രാജ്.ബി. ഷെട്ടി ആയിരുന്നില്ല. എന്റെ നേര്‍ക്ക് അലറിയപ്പോള്‍ ഞാന്‍ പെട്ടെന്ന് പേടിച്ചുപോയി. എന്തോ ഭാഗ്യത്തിന് ആ സീനിന് ആവശ്യമായിട്ടുള്ള റിയാക്ഷനായിരുന്നു ഞാന്‍ ഇട്ടത്,’ അഞ്ജന പറഞ്ഞു.

Content Highlight: Anjana Jayaprakash shares the shooting experience with Raj B Shetty