| Friday, 24th May 2024, 9:13 am

ഷൂട്ട് കാണാന്‍ വന്ന ഒരാളുടെ കോസ്റ്റ്യൂമൊക്കെ വാങ്ങിയാണ് മമ്മൂക്ക ആ ഗെറ്റപ്പിലായതെന്ന് എന്നോട് പറഞ്ഞിരുന്നു: അഞ്ജന ജയപ്രകാശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടര്‍ബോയുടെ ഷൂട്ടിങ് സെറ്റിലുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അഞ്ജന ജയപ്രകാശ്. ഷൂട്ട് തുടങ്ങി ആദ്യദിവസങ്ങളില്‍ മമ്മൂട്ടിയുമായി അധികം സംസാരിച്ചില്ലെന്നും ആക്ഷന്‍ സീനുകള്‍ ഷൂട്ട് ചെയ്ത സമയത്ത് ബ്രേക്ക് കിട്ടിയപ്പോഴാണ് ആദ്യമായി കമ്പനിയായതെന്നും അഞ്ജന പറഞ്ഞു. അതിന് മുമ്പ് ഷോട്ടൊക്കെ കഴിഞ്ഞ് ചെറുതായിട്ടൊക്കെയേ സംസാരിക്കാറുള്ളൂവെന്നും അഞ്ജന പറഞ്ഞു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

മൃഗയ എന്ന സിനിമയുടെ ഷൂട്ടിന്റെ സമയത്ത് അവിടെ ഷൂട്ടിങ് കാണാന്‍ വന്ന ഒരാളുടെ കോസ്റ്റ്യൂം  വാങ്ങിയിട്ടിട്ടാണ് ആ ഗെറ്റപ്പില്‍ വന്നതെന്നൊക്കെയുള്ള ഓര്‍മകള്‍ മമ്മൂക്ക പങ്കുവെച്ചെന്ന് അഞ്ജന പറഞ്ഞു. പഴയ കഥകളൊക്കെ കേട്ട് ബോറടിക്കുന്നുണ്ടോ എന്നൊക്കെ മമ്മൂട്ടി ചോദിച്ചുവെന്നും അഞ്ജന കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയുമായുള്ള കോമ്പിനേഷന്‍ സീനുകളില്‍ നമ്മുടെ ഭാഗം ക്ലിയറായാല്‍ ഒരു മൂളല്‍ മാത്രമേ ഉണ്ടാകുള്ളൂവെന്നും അഞ്ജന പറഞ്ഞു.

‘ടര്‍ബോയുടെ സെറ്റില്‍ മമ്മൂക്ക ജോയിന്‍ ചെയ്യുന്നത് ഒരാഴ്ചയൊക്കെ കഴിഞ്ഞാണ്. ആദ്യമൊക്കെ നല്ല ടെന്‍ഷനുണ്ടായിരുന്നു, എങ്ങനെയാണ് മമ്മൂക്കയുമായി കമ്പനിയാവുക എന്നൊക്കെ ആലോചിച്ചിട്ടായിരുന്നു അത്. കേരളത്തിലെ ഷെഡ്യൂള്‍ കഴിഞ്ഞ് ചെന്നൈയിലെത്തിയപ്പോഴാണ് പുള്ളിയുമായി കമ്പനിയായത്. കാര്‍ ചെയ്‌സ് സീനിന്റെ സമയത്ത് കുറേ സമയം ബ്രേക്ക് കിട്ടിയിരുന്നു. ക്യാമറയും ബാക്കി കാര്യങ്ങളും സെറ്റ് ചെയ്യാന്‍ ഒരുപാട് സമയം വേണമല്ലോ, ആ സമയത്ത് ഞാനും മമ്മൂക്കയും ചുമ്മാ ഇരിപ്പായിരുന്നു.

ആ സമയത്ത് മമ്മൂക്ക പഴയ ഓര്‍മകള്‍ ഷെയര്‍ ചെയ്തു,. ‘പണ്ടൊക്കെ പത്ത് ദിവസവും ഇരുപത് ദിവസവുമൊക്കെ കൊണ്ട് ഒരു സിനിമ തീര്‍ക്കുമായിരുന്നു’ എന്നൊക്കെ പറഞ്ഞു. പുള്ളി പഴയ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ കമ്പനിയാകാറായി എന്ന് മനസിലായി. മൃഗയ സിനിമയുടെ സെറ്റില്‍ നടന്ന കാര്യങ്ങളൊക്കെ അന്ന് മമ്മൂക്ക ഷെയര്‍ ചെയ്തു.

ഷൂട്ട് കാണാന്‍ വന്ന ഒരാളുടെ ഡ്രസ് വാങ്ങി അയാളുടെ ഗെറ്റപ്പിലാണ് മമ്മൂക്ക സിനിമയിലഭിനയിച്ചതെന്നൊക്കെ പറഞ്ഞു. ‘പഴയ കാര്യങ്ങളൊക്കെ കേട്ടിട്ട് ബോറടിക്കുന്നുണ്ടോ’ എന്നൊക്കെ ചോദിച്ചു. മമ്മൂക്കയുമായുള്ള കോമ്പിനേഷന്‍ സീനിലൊക്കെ നമ്മുടെ ഭാഗം ഓക്കെയായാല്‍ നന്നായി എന്നൊന്നും അങ്ങനെ പറയാറില്ല. ചുമ്മാ ഒന്ന് മൂളും. അപ്പോള്‍ മാത്രമാണ് നമുക്ക് ആശ്വാസമാകുന്നത്,’ അഞ്ജന പറഞ്ഞു.

Content Highlight: Anjana Jayaprakash shares the shooting experience with Mammootty

We use cookies to give you the best possible experience. Learn more