ഫഹദ് ഫാസിൽ നായകനായ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് അഞ്ജന ജയപ്രകാശ്. അഞ്ജന അവതരിപ്പിച്ച ഹംസധ്വനി എന്ന കഥാപാത്രം നന്നായി സ്വീകരിക്കപ്പെട്ടു.
ഈ വർഷം ഇറങ്ങി വലിയ വിജയമായ മമ്മൂട്ടി ചിത്രം ടർബോയിലും നായികയായി എത്തിയത് അഞ്ജനയായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത സിനിമയിൽ കന്നഡ സൂപ്പർസ്റ്റാർ രാജ്.ബി.ഷെട്ടിയും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
പാച്ചുവും അത്ഭുതവിളക്കിനും മുമ്പ് മലയാളത്തിൽ പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ഓഡിഷനിൽ താരം പങ്കെടുത്തിരുന്നു. എന്നാൽ ചിത്രത്തിലേക്ക് സെലക്ട് ആവാതെ പോവുകയായിരുന്നു. പ്രേമം തിയേറ്ററിൽ നിന്ന് കണ്ടപ്പോൾ തനിക്ക് സങ്കടമായിരുന്നുവെന്നും തനിക്ക് ആ കഥാപാത്രം പുള്ളോഫ് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് സെലക്ട് ആവാതിരുന്നതെന്നും അഞ്ജന യെസ് എഡിറ്റോറിയലിനോട് പറഞ്ഞു.
‘പ്രേമത്തിനെ കുറിച്ച് പിന്നീട് ആലോചിച്ചിട്ടേയില്ല. ആ ഭാഗത്തേക്ക് നോക്കിയിട്ടേയില്ല. തിയേറ്ററിൽ ഒരു വട്ടം കണ്ടു. അന്ന് നല്ല സങ്കടം തോന്നി അത്രേയുള്ളൂ. അതിനെ പറ്റി പിന്നീടൊരു സംസാരവും ഉണ്ടായിട്ടില്ല. അവർ അതിന്റെ ഒരു അപ്പ്‌ഡേഷനും പിന്നെ തന്നിട്ടില്ല. പിന്നെ ടർബോയിൽ അഭിനയിക്കുമ്പോഴാണ് ശബരീഷിനെ( ശബരീഷ് വർമ) കാണുന്നത്.
പിന്നെ ആ സമയത്ത് എന്റെ ആദ്യത്തെ ഓഡിഷൻ ആയിരുന്നു. എനിക്ക് തന്നെ അറിയില്ല ഞാൻ എങ്ങനെയാണ് ചെയ്തതെന്നൊന്നും. ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെയാവും എനിക്ക് സെലക്ഷൻ കിട്ടാതെ പോയത്. എനിക്കത് പുള്ളോഫ് ചെയ്യാൻ പറ്റിയില്ല,’ അഞ്ജന ജയപ്രകാശ് പറയുന്നു.
മലയാളത്തിൽ ട്രെൻഡ് സ്റ്റാറായി മാറിയ പ്രേമം നിവിൻ പോളിയുടെ സ്റ്റാർഡം ഉയർത്താൻ സഹായിച്ച സിനിമ കൂടിയാണ്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ എന്നീ നടിമാർ അവരുടെ സിനിമ കരിയർ ആരംഭിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് റീമേക്കും പിന്നീട് ഇറങ്ങിയിരുന്നു.
Content Highlight: Anjana Jayaprakash About Casting Of Premam Movie