| Monday, 20th March 2023, 5:50 pm

ജയ ഹേയുടെ സംവിധായകന്‍ ഏപ്പോഴാണ് തല്ലുകയെന്ന് അറിയില്ല, അഹിംസയിലൂടെയാണ് നാം സ്വാതന്ത്ര്യം തന്നെ നേടിയത്: അഞ്ജന ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. വീടകങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളും അതിനെതിരായ തിരിച്ചടികളുമാണ് ചിത്രം ചര്‍ച്ച ചെയ്തത്. ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമാ നിരൂപകയും മാധ്യമപ്രവര്‍ത്തകയുമായ അഞ്ജന ജോര്‍ജ്.

ജയ ഹേ തനിക്ക് അംഗീകരിക്കാന്‍ പറ്റിയില്ലെന്നും അഹിംസയിലൂടെയാണ് നാം സ്വാതന്ത്ര്യം പോലും നേടിയെടുത്തതെന്നും അഞ്ജന പറഞ്ഞു. ആലപ്പുഴ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു അവരുടെ പരാര്‍ശങ്ങള്‍.

‘ജയ ജയ ജയ ജയ ഹേയിലെ സംവിധായകന്‍ എന്നെ എപ്പോഴാണ് വന്ന് തല്ലുക എന്ന് എനിക്ക് അറിയില്ല. ഏറ്റവും കൂടുതല്‍ ആള് കേറിയ ഒരു സിനിമ ആണത്. ഞാന്‍ എവിടെ പോയാലും ആ സിനിമയെ പറ്റി പറയും. എനിക്ക് അത് ആക്‌സപ്റ്റ് ചെയ്യാന്‍ പറ്റിയിട്ടില്ല. കാരണം, ആ സബ്ജെക്ട് എങ്ങനെയാണ് ട്രീറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരാളെ 21 തവണ അടിക്കുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ആ ഇമേജ് നമ്മുടെ ഉള്ളില്‍ ഉണ്ടാക്കുന്ന ഒരു ഇംപാക്ട് ഉണ്ട്. അത് റിഫള്ക്‌സ് ആക്ഷന്‍ പോലെയാണ്.

എന്തുകൊണ്ടാണ് ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് അപ്പുറത്തിരിക്കുന്ന ആളെ തല്ലുന്നത്. പുരുഷന്മാര്‍ക്കാണ് അതിനുള്ള ടെന്‍ഡന്‍സി കൂടുതല്‍. സ്ത്രീകള്‍ക്കാണെങ്കിലും തല്ലാന്‍ തോന്നുന്നത് എന്തുകൊണ്ടാണ്. നമ്മള്‍ വളര്‍ന്ന് വരുന്ന സാഹചര്യങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും വരുന്നതാണ് അത്. ആരെയാണെങ്കിലും തല്ലുമ്പോള്‍ നിയമം കയ്യിലെടുക്കുകയാണ്.

അഹിംസയെ പറ്റി പറഞ്ഞുകൊണ്ടാണ് നമ്മള്‍ സ്വാതന്ത്ര്യം തന്നെ നേടിയത്. ഇതൊക്കെയാണ് ഇപ്പോള്‍ സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്. ഇതിലൊരു സബ്‌ടെക്സ്റ്റ് ഉണ്ട്. നമ്മള്‍ കാണുന്നത് മാത്രമല്ല. അതിനിടക്കൊരു ലെയറുണ്ട്. ആ ലെയര്‍ ഡെയ്ഞ്ചറസാണ്,’ അഞ്ജന പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തെ വിമര്‍ശിച്ചും അഞ്ജന സംസാരിച്ചിരുന്നു. ‘നമ്മള്‍ ഒരുപാട് സെലിബ്രേറ്റ് ചെയ്ത സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം. ബസ് നിര്‍ത്തിയിട്ട് എല്ലാവരും പുറത്തിറങ്ങി നില്‍ക്കുന്ന ഒരു സീന്‍ അതിലുണ്ട്. നായകന്‍ എവിടെ പോയെന്ന് അവര്‍ക്ക് അറിയില്ല. അവിടെ പ്രായമായ സ്ത്രീ നില്‍ക്കുന്നുണ്ട്. എന്നെ ബലാല്‍കാരം ചെയ്യുമോ എന്നാണ് അവര്‍ ചോദിക്കുന്നത്. പിന്നെ അവിടുന്ന് പല പ്രായത്തിലുള്ള സ്ത്രീകളാണ് ബലാല്‍സംഗത്തെ പറ്റി സംസാരിക്കുന്നത്. നമ്മളെല്ലാം ആ സിനിമ ആസ്വദിച്ചതാണ്.

എനിക്ക് ഈ സിനിമ അത്ര ഇഷ്ടപ്പെട്ടില്ല. അത് പറയാന്‍ പോലും എനിക്ക് പറ്റില്ല. സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഇത് വേണോ വേണ്ടയോ എന്നൊക്കെ ഞാന്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ അത് വളരെ വളരെ സെക്സിസ്റ്റ് സീനായിട്ടാണ് എനിക്ക് തോന്നിയത്,’ അഞ്ജന പറഞ്ഞു.

Content Highlight: anjana george criticize jaya jaya jaya jaya hey

We use cookies to give you the best possible experience. Learn more