|

അന്ന് ആ വിജയ് ചിത്രത്തെ കുറിച്ച് പറഞ്ഞ കമന്റ്‌ വിവാദമായി; ഒരു സംവിധായകന്‍ വിളിച്ച് ചൂടായി: അഞ്ജന അപ്പുക്കുട്ടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിയലിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അഞ്ജന അപ്പുക്കുട്ടന്‍. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ഡാര്‍വിന്റെ പരിണാമം, പ്രേതം, പാ.വ, ഒരു മുത്തശ്ശി ഗദ, ബെന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത നടിയാണ് അഞ്ജന.

മുമ്പ് കൈരളിയില്‍ ലൗഡ് സ്പീക്കര്‍ എന്ന പരിപാടിയിലും അഞ്ജന ഉണ്ടായിരുന്നു. സിനിമയിലെ ഗോസിപ്പുകളായിരുന്നു ആ പരിപാടിയില്‍ പറഞ്ഞിരുന്നത്. ലൗഡ് സ്പീക്കറില്‍ സംസാരിച്ച വിഷയങ്ങളെ സംബന്ധിച്ച് എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി.

പ്രശ്‌നങ്ങള്‍ നേരിട്ടുണ്ടെന്നാണ് അഞ്ജന പറയുന്നത്. ആ പരിപാടി സ്‌ക്രിപ്റ്റഡാണെന്നും വ്യക്തിപരമായി അറിയാവുന്ന പലരെയും കുറിച്ച് അതില്‍ സംസാരിക്കേണ്ടി വന്നിട്ടുണ്ടെന്നും നടി പറഞ്ഞു. വിജയ്‌യുടെ പുലി സിനിമയെപ്പറ്റി പറഞ്ഞ കമന്റ് വിവാദമായിട്ടുണ്ടെന്നും അഞ്ജന അപ്പുക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘പ്രശ്‌നങ്ങള്‍ നേരിട്ടുണ്ട്. ഒന്നാമത് ആ പരിപാടി സ്‌ക്രിപ്റ്റഡാണ്. നമ്മള്‍ വിചാരിക്കുന്ന കാര്യമല്ല അവിടെ സംസാരിക്കുന്നത്. നമ്മുടെ അഭിപ്രായവുമല്ല അവിടെ പറയുന്നത്. നമ്മള്‍ക്ക് വ്യക്തിപരമായി അറിയാവുന്ന പലരെയും കുറിച്ച് അതില്‍ സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അതൊക്കെ ഞാന്‍ നേരിട്ട ബുദ്ധിമുട്ടായിരുന്നു.

ഇതിന്റെ പേരില്‍ ഒരു സംവിധായകന്‍ വിളിച്ച് ചൂടായിട്ടുണ്ട്. പിന്നെ പരിപാടിയുടെ സ്വഭാവം പറഞ്ഞു മനസിലാക്കിയതിന് ശേഷമാണ് പ്രശ്നപരിഹാരമായത്. തമിഴില്‍ വിജയ്‌യുടെ പുലി എന്ന സിനിമയെപ്പറ്റി പറഞ്ഞ കമന്റ് വിവാദമായിട്ടുണ്ട്. നമ്മള്‍ ഇഷ്ടപ്പെടുന്ന ആളുകളെപ്പറ്റിപ്പോലും ഷോയില്‍ ഗോസിപ്പ് പറയാന്‍ ഇടവന്നിട്ടുണ്ട്.

പിന്നെ സ്ഥിരം എപ്പിസോഡുകള്‍ പോയിക്കൊണ്ടിരുന്ന ഒരു പരിപാടിയായിരുന്നു ലൗഡ് സ്പീക്കര്‍. സെറ്റ് ഞങ്ങള്‍ക്ക് കുടുംബം പോലെ ആയിരുന്നു. ഗോസിപ്പ് ആണ് പറയുന്നതെങ്കിലും എനിക്കത് നല്ലൊരു അനുഭവമായിരുന്നു. കൈരളി ടി.വി അത് നല്ലോണം നേടിയ ഒരു പ്രോഗ്രാം ആയിരുന്നു,’ അഞ്ജന അപ്പുക്കുട്ടന്‍ പറഞ്ഞു.

Content Highlight: Anjana Appukuttan Talks About Loudspeaker

Latest Stories