'അജ്മല്‍ മാഷിനായി അഞ്ജലി'; അപകടത്തില്‍ മരിച്ച അധ്യാപകന്റെ പേര് വിളിച്ച് വൈകാരിക ഫിനിഷിങ്ങ്; വൈറല്‍ ചിത്രം
Kerala News
'അജ്മല്‍ മാഷിനായി അഞ്ജലി'; അപകടത്തില്‍ മരിച്ച അധ്യാപകന്റെ പേര് വിളിച്ച് വൈകാരിക ഫിനിഷിങ്ങ്; വൈറല്‍ ചിത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st September 2023, 5:03 pm

മലപ്പുറം: ‘തീവണ്ടി അപകടത്തില്‍ മരിച്ച അജ്മല്‍ മാഷിനായി അഞ്ജലി നേടിയ വിജയം’. ഒറ്റ വാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം തേഞ്ഞിപ്പലത്ത് നടക്കുന്ന മലപ്പുറം ജില്ലാ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നുള്ള ഒരു വൈറല്‍ ചിത്രത്തെ.

ആര്‍.എം.എച്ച്.എസ്.എസ് മേലാറ്റൂരിനെ പ്രതിനിധീകരിച്ചാണ് കെ. അഞ്ജലി ജില്ലാ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 18 വിഭാഗം പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടുന്നത്. ഈ വിജയം, കഴിഞ്ഞ ജൂണില്‍ അങ്ങാടിപ്പുറത്തുണ്ടായ തീവണ്ടി അപകടത്തില്‍ മരണപ്പെട്ട തന്റെ പ്രയപ്പെട്ട അധ്യാപകനായി സമര്‍പ്പിക്കുകയായിരുന്നു അഞ്ജലി. അജ്മലിന്റെ പേരുവിളിച്ച് കരഞ്ഞുകൊണ്ടാണ് അഞ്ജലി മത്സരം ഒന്നാമതായി ഫിനിഷ് ചെയ്തത്.

അജ്മല്‍

ഇതിന്റെ ചിത്രങ്ങള്‍ മാതൃഭൂമിയും മാധ്യമവും വാര്‍ത്താ ചിത്രങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു. ഇരു പത്രങ്ങളും അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇത് പങ്കുവെക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മാധ്യമത്തിനായി പി. അഭിജിത്തും മാതൃഭൂമിക്കായി കെ.ബി.സതീഷ് കുമാറുമാണ് ചിത്രങ്ങള്‍ എുത്തത്.

ചിത്രങ്ങൾ കടപ്പാട്- മാധ്യമം, മാതൃഭൂമി

 

നിലവില്‍ മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ് സ്‌കൂളില്‍ പ്ലസ് വണ്ണിലാണ് അഞ്ജലി പഠിക്കുന്നത്. മേലാറ്റൂര്‍ സ്വദേശികളായ കെ. ശശികുമാറിന്റെയും എം. ഷൈലജയുടെയും മകളാണ്.

 

സ്‌കൂളില്‍ കായികാധ്യാപകനായി അജ്മല്‍ വന്ന ശേഷമാണ് അഞ്ജലിയുടെ കായിക കരിയറില്‍ വഴിത്തിരിവുണ്ടാകുന്നത്. പത്താം ക്ലാസില്‍ ജില്ലാ മീറ്റില്‍ 400, 200 ഇനങ്ങളില്‍ വെള്ളി മെഡല്‍ ജേതാവാണ് അഞ്ജലി.

Content Highlight: Anjali’s victory for Ajmal Mash, who died in a train accident