ഫാസില്‍ സംവിധാനം ചെയ്ത് 1994ല്‍ പുറത്തിറങ്ങിയ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ബാലതാരമായി തന്റെ സിനിമാകരിയര്‍ ആരംഭിച്ച നടിയാണ് അഞ്ജലി നായര്‍. മലയാളത്തിന് പുറമെ തമിഴിലും മികച്ച വേഷങ്ങള്‍ ചെയ്ത് സിനിമാപ്രേമികളുടെ ശ്രദ്ധ നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
2015ല്‍ ബെന്‍ എന്ന സിനിമയിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാര്‍ഡും അഞ്ജലി നേടിയിരുന്നു. അഞ്ജലിക്ക് ഏറെ ബ്രേക്ക് നല്‍കിയ ഒരു സിനിമയായിരുന്നു ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ എത്തിയ ദൃശ്യം 2. സിനിമയില്‍ സരിത എന്ന പൊലീസ് ഉദ്യോഗസ്ഥയായാണ് അഞ്ജലി നായര്‍ എത്തിയത്.
തമിഴില്‍ രജിനികാന്തിന്റെ അണ്ണാത്തൈയിലും നടി അഭിനയിച്ചിട്ടുണ്ട്. ആ സിനിമയില്‍ രജിനികാന്തിന്റെ ചെറുപ്പകാലത്തെ അമ്മയായിട്ടാണ് അഞ്ജലി അഭിനയിച്ചത്. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍, താന്‍ അണ്ണാത്തൈ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് അഞ്ജലി നായര്‍.
‘സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്റെയും ലാലേട്ടന്റെയും ചെറുപ്പകാലത്തിലെ അമ്മയായി അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതൊക്കെ ഒരുതരം ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രമായ പുലി മുരുകനിലാണ് ലാലേട്ടന്റെ ചെറുപ്പകാലത്തെ അമ്മയായി അഭിനയിച്ചത്.
വന്‍വിജയം നേടിയ പുലിമുരുകന്റെ ഭാഗമായി മാറാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. അണ്ണാത്തെയിലാണ് രജിനികാന്തിന്റെ ചെറുപ്പകാലത്തെ അമ്മയായി അഭിനയിച്ചത്. ദൃശ്യം 2വിലെ അഭിനയം കണ്ടിട്ടാണ് അണ്ണാത്തെയില്‍ അഭിനയിക്കാന്‍ സംവിധായകന്‍ ശിവ എന്നെ വിളിച്ചത്. ഞാന്‍ മാത്രമല്ല എന്റെ മോളും അണ്ണാത്തെയിലുണ്ട്.
രജിനി സാറിന്റെ സിനിമയില്‍ അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ അമ്മയായി അഭിനയിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി ഞാന്‍ കരുതുന്നു. ചെറിയ സീനാണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരുന്നു. ഡൗണ്‍ ടു എര്‍ത്ത് എന്നൊക്കെ പറയാറില്ലേ അതാണ് രജിനികാന്ത്,’ അഞ്ജലി നായര്‍ പറഞ്ഞു.
Content Highlight: Anjali Nair Talks About Rajinikanth’s Annaatthe Movie