മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അഞ്ജലി നായര്‍. 1994ല്‍ മാനത്തെ വെള്ളിത്തേര് എന്ന സിനിമയിലൂടെയാണ് ബാലതാരമായി നടി തന്റെ കരിയര്‍ ആരംഭിക്കുന്നത്. 2015ല്‍ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാര്‍ഡും അഞ്ജലി നേടിയിരുന്നു.
പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാലിന്റെ അമ്മയായും ഒപ്പം സിനിമയില്‍ അദ്ദേഹത്തിന്റെ സഹോദരിയായും അഭിനയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു. ആ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് അഞ്ജലി നായര്‍. പുലിമുരുകനില്‍ മുരുകന്റെ കുട്ടിക്കാലത്താണ് അമ്മ വേഷം വരുന്നതെങ്കിലും ആളുകള്‍ തന്നെ മോഹന്‍ലാലിന്റെ അമ്മയായാണ് കാണുന്നതെന്നാണ് നടി പറയുന്നത്.
ഒപ്പം സിനിമയില്‍ ഒരു സീനില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് ദക്ഷിണ കൊടുത്തശേഷം അനുഗ്രഹം വാങ്ങാതെ തിരിച്ചു നടക്കുന്ന സീനുണ്ടെന്നും അതുകണ്ട് മൂന്നുമാസത്തോളം മിണ്ടാതിരുന്നവര്‍ വരെയുണ്ടെന്നും അഞ്ജലി പറഞ്ഞു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘പുലിമുരുകനില്‍ മുരുകന്റെ കുട്ടിക്കാലത്താണ് അമ്മ വേഷം വരുന്നതെങ്കിലും ആളുകള്‍ എന്നെ മനസിലേക്കെടുത്തത് ലാലേട്ടന്റെ അമ്മയായാണ്. ഒരു രസമുള്ള ഓര്‍മയുണ്ട്. പുലിമുരുകന്റെ 100ാം വിജയദിവസത്തിന് കേക്ക് കട്ട് ചെയ്യുന്നു എന്നു പറഞ്ഞു തലശ്ശേരിയില്‍ നിന്ന് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എന്നെ ഒരു ദിവസം വിളിച്ചു.
അത്രയും ദൂരം പറ്റില്ലെന്നു പറഞ്ഞപ്പോള്‍ അവരുടെ അപേക്ഷ ‘ലാലേട്ടന്റെ അമ്മയല്ലേ. വരില്ല എന്നു പറയരുത്’ എന്നായിരുന്നു. ഒപ്പം സിനിമയില്‍ ലാലേട്ടന്റെ അനിയത്തിയുടെ വേഷമാണ് ഞാന്‍ ചെയ്തത്. വിവാഹത്തിന് മുമ്പ് ചേട്ടന് ദക്ഷിണ കൊടുത്തശേഷം അനുഗ്രഹം വാങ്ങാതെ തിരിച്ചു നടക്കുന്നുണ്ട്. അതുകണ്ട് മൂന്നുമാസത്തോളം മിണ്ടാതിരുന്നവര്‍ വരെയുണ്ട്.
കമ്മട്ടിപ്പാടത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ അമ്മവേഷവും രസമായിരുന്നു. മക്കളായി അഭിനയിക്കുന്ന മുത്തുമണിയും ദുല്‍ഖറും അമ്മേ എന്നു വിളിച്ചു സംസാരിക്കുന്ന സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് 27 വയസേയുള്ളൂ,’ അഞ്ജലി നായര്‍ പറഞ്ഞു.
Content Highlight: Anjali Nair Talks About Oppam Movie And Mohanlal