തമിഴ്, മലയാളം തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ച് സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ നടിയാണ് അഞ്ജലി നായര്‍. ഫാസില്‍ സംവിധാനം ചെയ്ത് 1994ല്‍ പുറത്തിറങ്ങിയ മാനത്തെ വെള്ളിത്തേര് എന്ന സിനിമയിലൂടെയാണ് ബാലതാരമായി നടി തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്.
2015ല്‍ ബെന്‍ എന്ന സിനിമയിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാര്‍ഡും അഞ്ജലി നേടിയിരുന്നു. നടിക്ക് ഏറെ ബ്രേക്ക് നല്‍കിയ ഒരു സിനിമയായിരുന്നു ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ എത്തിയ ദൃശ്യം 2. സിനിമയില്‍ സരിത എന്ന പൊലീസ് ഉദ്യോഗസ്ഥയായാണ് അഞ്ജലി നായര്‍ എത്തിയത്.
നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍, തന്റെ ഒരു ഭാഗ്യചിത്രമാണ് ദൃശ്യമെന്ന് പറയുകയാണ് നടി. ജീത്തു ജോസഫ്, മോഹന്‍ലാല്‍, മുരളിഗോപി തുടങ്ങിയവരൊക്കെ മലയാള സിനിമയില്‍ എല്ലാവരും ആരാധനയോടെ നോക്കിക്കാണുന്നവരാണെന്നും അവരോടൊപ്പം വര്‍ക്ക് ചെയ്യാനായത് വലിയ ഭാഗ്യമാണെന്നും അഞ്ജലി പറയുന്നു.
‘ദൃശ്യം എന്നെ സംബന്ധിച്ച് ഒരു ഭാഗ്യചിത്രമാണ്. ജീത്തു സാര്‍, മോഹന്‍ലാല്‍ സാര്‍, മുരളിഗോപി സാര്‍ തുടങ്ങിയവരൊക്കെ മലയാള സിനിമയില്‍ എല്ലാവരും ആരാധനയോടെ നോക്കിക്കാണുന്നവരാണ്. ദൃശ്യത്തിലൂടെ എനിക്ക് ഇവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു.
സിനിമയുടെ ഫസ്റ്റ് ഹാഫില്‍ ഒരു ലുക്കും സെക്കന്റ് ഹാഫില്‍ പൊലീസ് വേഷവുമായിരുന്നു എനിക്ക് ലഭിച്ചത്. തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു അത്. ദൃശ്യത്തിന്റെ ആദ്യ പകുതിയിലെ ഡള്‍ മേക്കപ്പ് ലുക്ക് എന്റെ പല സിനിമകളിലും ഉള്ളതാണ്.
പ്രേക്ഷകര്‍ എന്നെ അങ്ങനെ കണ്ടിട്ടുള്ളതു കൊണ്ട് സെക്കന്റ് ഹാഫിലെ ട്വിസ്റ്റ് എല്ലാവര്‍ക്കും സത്യത്തില്‍ ഞെട്ടലായിരുന്നു. ഇന്നും ആര് സംസാരിക്കുമ്പോഴും എന്നോട് ദൃശ്യത്തിലെ ആ വേഷത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. എനിക്കും സംതൃപ്തി നല്‍കിയ ഒരു കഥാപാത്രമായിരുന്നു അത്.
ക്രൈം ഫാമിലി ത്രില്ലര്‍ ഗണത്തിലെ മലയാളത്തിലെ ബെസ്റ്റ് മൂവിയാണ് ദൃശ്യമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിന്റെ രണ്ടാം ഭാഗത്തില്‍ ഒരു പ്രധാനവേഷം ചെയ്യാന്‍ കഴിഞ്ഞത് അനുഗൃഹീതമായ കാര്യം തന്നെയാണ്,’ അഞ്ജലി നായര്‍ പറഞ്ഞു.
Content Highlight: Anjali Nair Talks About Drishyam2