| Wednesday, 24th February 2021, 6:14 pm

കോണ്‍ഫിഡന്‍ഷ്യല്‍ ഭാഗങ്ങള്‍ ഒഴിവാക്കിയ സ്‌ക്രിപ്റ്റാണ് വായിച്ചത്, ദൃശ്യം 2 എന്താണെന്ന് മനസ്സിലായത് സിനിമ മുഴുവനും കണ്ടപ്പോഴാണ്; ദൃശ്യത്തിലെ സരിത പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി; ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 നെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും സിനിമാവിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് സരിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജലി. സിനിമ കണ്ടപ്പോഴാണ് ദൃശ്യം 2 എന്താണെന്ന് മനസ്സിലായതെന്നും അഞ്ജലി പറഞ്ഞു. ബിഹൈന്‍ഡ് ദി വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഞ്ജലി മനസ്സുതുറന്നത്.

‘നമ്മള്‍ ചെയ്യേണ്ട റിയാക്ഷന്‍സ് ഒക്കെ ജീത്തു ചേട്ടന്‍ വളരെ കൃത്യമായി പറഞ്ഞു തന്നിരുന്നു. ചില സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഓപ്പോസിറ്റ് ഫ്രെയിമില്‍ എന്താണ് ഷൂട്ട് ചെയ്തതെന്ന് പറയാറില്ല. അവിടെ എന്തോ സംഭവം നടക്കുന്നുണ്ട്. അപ്പോള്‍ നിങ്ങള്‍ ഇങ്ങനെയൊരു എക്‌സ്പ്രഷന്‍ കൊടുക്കണം എന്ന് പറഞ്ഞു തന്നിരുന്നു. ഞാനും സുമേഷേട്ടനും അപ്പോള്‍ പറയാറുണ്ട്. ശരിക്കും അവിടെ എന്താണ് നടക്കുന്നതെന്ന്. അപ്പുറത്ത് ചിത്രത്തിന്റെ ട്വിസ്റ്റുകളാണ് നടക്കുന്നത്. നമ്മളോട് അത് മുഴുവനായി പറയുന്നില്ലല്ലോ. കോണ്‍ഫിഡന്‍ഷ്യല്‍ ആയിട്ടുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയ സ്‌ക്രിപ്റ്റാണ് ഞാന്‍ വായിച്ചത്.  ഞങ്ങള്‍ സിനിമ കണ്ടപ്പോഴാണ് ദൃശ്യം 2 എന്താണെന്ന് മനസ്സിലായത്’, അഞ്ജലി പറഞ്ഞു.

ചിത്രത്തില്‍ നിരവധി പേര്‍ പ്രശംസിച്ച ഒരു രംഗമാണ് ലാലേട്ടന്‍ അവതരിപ്പിച്ച ജോര്‍ജൂട്ടി എന്ന കഥാപാത്രത്തിന്റെ കോടതിയിലെ എന്‍ട്രി. സത്യത്തില്‍ ആ രംഗം ഷൂട്ട് ചെയ്തതിനെപ്പറ്റിയും അഞ്ജലി മനസ്സു തുറന്നു.

‘ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു ആ സീനാണ് അവിടെ ഷൂട്ട് ചെയ്യുന്നത്. ഞങ്ങളോട് യൂണിഫോം ഇട്ട് അവിടെ നിര്‍ത്തിയ ശേഷം ലാലേട്ടനെ നോക്കി ആ എക്‌സ്പ്രഷന്‍ കൊടുക്കണമെന്നായിരുന്നു പറഞ്ഞത്. അപ്പുറത്ത് ഇതായിരുന്നു സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു’, അഞ്ജലി പറയുന്നു.

സ്റ്റേജ് മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ക്ക് ചിത്രത്തില്‍ മികച്ച വേഷം നല്‍കിയ സംവിധായകന്‍ ജീത്തു ജോസഫിനെപ്പറ്റിയും അഞ്ജലി വാചാലയായി. അത്തരം ഒരു കാര്യം ചെയ്തത് അദ്ദേഹത്തിന്റെ ഗ്രേറ്റ്‌നെസ്സ് ആണ് തെളിയിക്കുന്നതെന്നും അഞ്ജലി പറഞ്ഞു.

അജിത്ത് കൂത്താട്ടുകുളം, സുമേഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ചാനല്‍ റിയാലിറ്റി ഷോകളിലൂടെയും ഹിറ്റായ അജിത് കുത്താട്ടുകുളം, സുമേഷ് ചന്ദ്രന്‍, കൃഷ്ണ പ്രഭ എന്നിവരുടെ കഥാപാത്രങ്ങള്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജോസ് എന്ന കഥാപാത്രമായിട്ടാണ് അജിത് കുത്താട്ടുകുളം സിനിമയില്‍ എത്തുന്നത്. ജീവിതത്തിലെ പ്രയാസമേറിയ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ജോസിന്റെ റോള്‍ അജിത്തിന്റെ കൈവശം ഭദ്രമായിരുന്നു.

ജോസിന്റെ ഭാര്യയുടെ റോളിലാണ് കൃഷ്ണ പ്രഭ എത്തിയത്. തന്റെ സഹോദരനെ കൊലപ്പെടുത്തി ജയിലില്‍ പോയ ഭര്‍ത്താവ് തിരികെ എത്തുമ്പോള്‍ ഉള്ള കൃഷ്ണ പ്രഭയുടെ അഭിനയമെല്ലാം ഗംഭീരമായിരുന്നു.

ചാനല്‍ റിയാലിറ്റി ഷോയിലൂടെ ഹിറ്റായ സുമേഷ് നെഗറ്റീവ് ഷേഡുള്ള കുടിയന്‍ കഥാപാത്രമായി ദൃശ്യത്തില്‍ കൈയ്യടി നേടിയിരുന്നു. ഏറ്റവും വലിയ തമാശ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചാനല്‍ ഷോയില്‍ ദൃശ്യത്തിന്റെ സ്പൂഫ് വീഡിയോയില്‍ സുമേഷ് ചന്ദ്രനും അജിത്ത് കൂത്താട്ടുകുളവും അഭിനയിച്ചിരുന്നു എന്നതാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Anjali Nair Talks About Character In Drishyam 2

We use cookies to give you the best possible experience. Learn more