ഇവിടെ ഉള്ള സംഘടനകള്‍ മൊത്തം എനിക്ക് നേരെ തിരിഞ്ഞു, നേരിട്ട പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ജെന്ററാണെന്ന് മനസിലാക്കാന്‍ വൈകി: അഞ്ജലി മേനോന്‍
Entertainment news
ഇവിടെ ഉള്ള സംഘടനകള്‍ മൊത്തം എനിക്ക് നേരെ തിരിഞ്ഞു, നേരിട്ട പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ജെന്ററാണെന്ന് മനസിലാക്കാന്‍ വൈകി: അഞ്ജലി മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th November 2022, 4:53 pm

ഒരുപിടി മികച്ച സിനിമകള്‍ മലയാള സിനിമക്ക് സമ്മാനിച്ച സംവിധായകയാണ് അഞ്ജലി മേനോന്‍. സിനിമയിലേക്ക് വന്നപ്പോള്‍ ഒരു സ്ത്രീ ആയതിന്റെ പേരില്‍ താന്‍ നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും പറയുകയാണ് അഞ്ജലി.

ലിംഗപക്ഷപാതത്വത്തിന്റെ പേരിലാണ് തനിക്ക് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നതെന്ന് ആദ്യകാലത്ത് തനിക്ക് ബോധ്യമില്ലായിരുന്നുവെന്നും പിന്നീടാണ് ഇത്രയും ബുദ്ധിമുട്ടുകള്‍ വരാനുള്ള കാരണം ജെന്റര്‍ ആണെന്ന് മനസിലാക്കിയതെന്നും അഞ്ജലി പറഞ്ഞു.

തനിക്കെതിരെ പത്ര സമ്മേളനങ്ങള്‍ വിളിക്കുക, ജൂറിക്ക് എഴുതുക, സിനിമകള്‍ തഴയുക തുടങ്ങി നിരവധി കാര്യങ്ങള്‍ നടന്നിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സിനിമയിലേക്ക് വന്നപ്പോള്‍ ലിംഗപക്ഷപാതത്വത്തെക്കുറിച്ച് എനിക്ക് ബോധ്യമില്ലായിരുന്നു. പലപ്പോഴും പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ അത് എന്റെ ജെന്റര്‍ കാരണമാണെന്നത് എനിക്ക് ശരിക്കും മനസിലായില്ല. ഒരു സമയം കഴിഞ്ഞപ്പോഴാണ് ഞാന്‍ അത് മനസിലാക്കുന്നത്. ഒരിക്കലും ഒരു പുതിയ സംവിധായക ആയതുകൊണ്ടല്ല ഇത്തരം പ്രശ്‌നങ്ങളെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

എനിക്ക് മാത്രം എന്താണ് എപ്പോഴും ഇത്രയും പ്രശ്‌നങ്ങള്‍ എന്ന് ചിന്തിക്കുമായിരുന്നു. ഒരു വ്യക്തിയില്‍ നിന്ന് മാത്രമല്ല ഇവിടെ ഉള്ള സംഘടനകള്‍ മൊത്തം എനിക്ക് എതിരെ തിരിഞ്ഞിട്ടുണ്ട്. എനിക്ക് എതിരെ പത്രങ്ങളില്‍ കൊടുക്കുക, പത്ര സമ്മേളനങ്ങള്‍ വിളിക്കുക, ജൂറിക്ക് എഴുതുക, നമ്മുടെ സിനിമ തഴയുക തുടങ്ങിയവയെല്ലാം ഒരു സാഹചര്യത്തിലുണ്ടായിരുന്നു.

ഇതെല്ലാം അറിയുന്ന വ്യക്തികള്‍ പോലും ഒന്നും ചെയ്യില്ലെന്ന് പറഞ്ഞ് മിണ്ടാതെ ഇരുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് ആ സമയത്താണ് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത്. പിന്നീടാണ് അത്തരം ഒരു മൈന്‍ഡ് സെറ്റില്‍ നമ്മള്‍ ചിന്തിച്ച് തുടങ്ങുക.

നമ്മുടെ പുരോഗതി കണ്ട് സന്തോഷിക്കുന്ന രീതി അല്ല ഇവിടെ. നമ്മള്‍ അത്ര മുന്നോട്ട് പോവേണ്ടതില്ല എന്ന് ചിന്തിക്കുന്നവരുണ്ട്. നല്ല ആള്‍ക്കാരും ഉണ്ട് ഇവിടെ. അതായത് നമ്മള്‍ ഒരുപാട് മുന്നോട്ട് പോകണം എന്ന് കരുതി സപ്പോര്‍ട്ട് ചെയ്യുന്നവര്‍. പക്ഷേ അതല്ലാത്ത ഒരു വിഭാഗവും ഇവിടെ ഉണ്ട്,” അഞ്ജലി മേനോന്‍.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വണ്ടര്‍ വുമണ്‍. നിത്യ മേനെന്‍, നാദിയ മൊയ്തു, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പദ്മിനി, അമൃത സുഭാഷ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സോണി ലിവിലൂടെയാണ് വണ്ടര്‍ വുമണ്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. സിനിമ നവംബര്‍ 18നാണ് റിലീസ് ചെയ്യുന്നത്.

content highlight: anjali menon talked about the problems she faced for being a woman when she entered the cinema