| Wednesday, 22nd May 2024, 7:55 pm

മലയാള സിനിമയിലെ സ്ത്രീകളെവിടെ? പോസ്റ്റര്‍ പങ്കുവെച്ച് അഞ്ജലി മേനോന്‍; അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഇപ്പോള്‍ വലിയ വിജയമാകുന്ന ചിത്രങ്ങളിലൊന്നും സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമില്ലെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ മുമ്പേ തന്നെ ഉയര്‍ന്നിരുന്നു. വിഷയത്തില്‍ നിരവധി ആളുകള്‍ അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്.

ഇതേ വിഷയത്തെ സംബന്ധിച്ച് അഞ്ജലി മേനോന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്ററാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചായാകുന്നത്. ദ ഹിന്ദു ലൈഫ് സ്റ്റൈലിന്റെ പോസ്റ്റാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘മലയാള സിനിമയില്‍ സ്ത്രീകള്‍ എവിടെയാണ്?’ എന്ന ചോദ്യവുമായി മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, 2018 എന്നീ സിനിമകളുടെ പോസ്റ്ററുകള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റാണ് അഞ്ജലി മേനോന്‍ സ്‌റ്റോറിയിലൂടെ ഷെയര്‍ ചെയ്തത്. സ്‌റ്റോറിയില്‍ ‘ഈ ചോദ്യങ്ങള്‍ മാധ്യമങ്ങളില്‍ കാണുന്നതില്‍ സന്തോഷമുണ്ട്’ എന്ന ക്യാപ്ഷനുമുണ്ട്.

പിന്നാലെ അവരെ വിമര്‍ശിച്ചു കൊണ്ടും അനുകൂലിച്ചു കൊണ്ടും നിരവധിയാളുകള്‍ മുന്നോട്ട് വന്നു. പേരിലെ മേനോന്‍ മാറ്റിയിട്ട് നിലപാട് പറഞ്ഞാല്‍ മതിയെന്ന രീതിയിലുള്ള കമന്റുകള്‍ പോലും ഉയര്‍ന്നു വരുന്നുണ്ട്.

സ്ത്രീ കഥാപാത്രങ്ങള്‍ സിനിമകളില്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം പോരെയെന്നും വെറുതെ ഒരു സ്ത്രീ കഥാപാത്രത്തെ സൃഷ്ടിച്ച് നോക്കു കുത്തിയായി നിര്‍ത്തുന്നതിലും ഭേദമല്ലേ ഇല്ലാതിരിക്കുന്നതെന്നും ചോദ്യങ്ങളുണ്ട്.

തന്റെ സിനിമകളിലൂടെ അഞ്ജലി മേനോന്‍ സൃഷ്ടിച്ച ഇഷ്ടവും ബഹുമാനവും ഇത്തരം സ്റ്റേറ്റ്‌മെന്റുകളിലൂടെ അവര്‍ തന്നെ സ്വയം നഷ്ടപ്പെടുത്തുകയാണെന്നുമാണ് പലരും പറയുന്നത്. ഈ സിനിമകളിലൊക്കെ അമ്മ വേഷത്തില്‍ വന്നതും സ്ത്രീകള്‍ ആണെന്നും മുന്‍നിര നായികമാരില്ലെന്ന് കരുതി സ്ത്രീകളില്ലെന്ന് പറയരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ അഞ്ജലി മേനോന് എതിരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അവര്‍ തന്റെ അഭിപ്രായം പറഞ്ഞതല്ലേയെന്നും അതിന്റെ അതിന് പേരിലെ മേനോന്‍ മാറ്റിയിട്ട് നിലപാട് പറഞ്ഞാല്‍ മതിയെന്ന കമന്റ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.


Content Highlight: Anjali Menon Shared A Poster Asking Where Are The Women In Malayalam Cinema

Latest Stories

We use cookies to give you the best possible experience. Learn more