| Sunday, 9th January 2022, 11:44 pm

ഒരു സമൂഹമെന്ന നിലയ്ക്ക് അതിജീവിതക്ക് കൊടുക്കേണ്ട ബഹുമാനം കൊടുക്കുക: അഞ്ജലി മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു സമൂഹമെന്ന നിലയ്ക്ക് അതിജീവിതയ്ക്ക് കൊടുക്കണ്ട ബഹുമാനം നാം കൊടുക്കണമെന്ന് സംവിധായിക അഞ്ജലി മേനോന്‍. നമ്മുടെ നാട്ടില്‍ അതിജീവിതക്ക് കാര്യങ്ങള്‍ തുറന്ന് പറയാനാവാത്ത സാഹചര്യമാണുള്ളതെന്നും അവരെ എങ്ങനെ സമീപിക്കുന്നു എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണെന്നും അഞ്ജലി പറഞ്ഞു. മീഡിയ വണ്ണിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അഞ്ജലിയുടെ പ്രതികരണം

‘നമ്മുടെ നാട്ടില്‍ ഒരു അതിജീവിതയ്ക്ക് കാര്യങ്ങള്‍ തുറന്നുപറയാന്‍ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. പറഞ്ഞു കഴിഞ്ഞതിന് ശേഷം ചുറ്റുമുള്ളവരുടെ റിയാക്ഷന്‍ എങ്ങനെയാണ്. പരാതിപ്പെട്ടാല്‍ ഇവരെല്ലാം കൂടെ കാണുമോ. അവരുടെ കുടുംബവും സുഹൃത്തുക്കളും കൂടെ കാണുമോ? ഇതെല്ലാം ബാധിക്കുന്ന വിഷയങ്ങളാണ്. ഇതിനു ശേഷം എന്തൊക്കെ അനുഭവിക്കേണ്ടി വരും.

അതിജീവിച്ച ഏതൊരാളും ഒരു പരാതി കൊടുക്കുന്നതിന് മുന്‍പ് ചിന്തിക്കുന്ന കാര്യങ്ങളാണ് ഇത്. അവര് ഒരുപാട് ധൈര്യം സംഭരിച്ചിട്ടാണ് മുന്നോട്ട് വരുന്നത്. അതിജീവിച്ച ഏതൊരാളും കടന്നു പോകുന്ന ട്രോമ വളരെ വലുതായിരിക്കും. ഇവര്‍ ധൈര്യത്തോടെ മുന്നോട്ട് പോയി,’ അഞ്ജലി പറഞ്ഞു.

‘ഡബ്യൂ.സി.സി എന്നു പറയുന്നത് ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടി മാത്രം സംസാരിക്കുന്ന സംഘടനയല്ല. അവരുടെ യാത്രയില്‍ കഴിയുന്ന രീതിയില്‍ ഡബ്ല്യൂ. സി.സി പിന്തുണച്ചിട്ടുണ്ട്.

അതിജീവിതയുടെ തുടര്‍ന്നുള്ള യാത്ര എന്തായിരിക്കുമെന്ന് അവര്‍ തന്നെയാണ് തീരുമാനിക്കുന്നത്. അത് വേറെ ആര്‍ക്കും നയിക്കാന്‍ പറ്റില്ല. നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത്, അതിജീവിതയ്ക്ക് കൊടുക്കേണ്ട ബഹുമാനം കൊടുക്കുക. ഒരു സമൂഹമെന്ന് നിലക്ക് ആ യാത്രയില്‍ നമുക്ക്എന്താണ് ചെയ്യാന്‍ പറ്റുന്നത്, നമുക്കോരുരുത്തര്‍ക്കും അതിലൊരു റോളുണ്ട്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്നും എങ്ങനെ പുരോഗതി കൈവരിക്കാം. അതാണ് നമ്മള്‍ ആലോചിക്കേണ്ടത്. അതിജീവിതയെ എങ്ങനെ ട്രീറ്റ് ചെയ്യണമെന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. അത് പ്രതിഫലിപ്പിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ മൂല്യങ്ങളെയാണ്.

കേസിന്റെ കാര്യം ഇങ്ങനെ നടന്നുപോകും. പക്ഷേ ഈ അതിജീവിതക്ക് കൊടുക്കേണ്ട ഒരു ബഹുമാനം ഉണ്ട്. ഇങ്ങനെ ഒരു സംഭവമുണ്ടായതിന് ശേഷം നമ്മള്‍ അവരുടെ മുഖം കാണുന്നില്ല. അവരുടെ എന്താണ് അനുഭവിക്കുന്നത് എന്നറിയുന്നില്ല. അവരുടെ ശബ്ദം കേള്‍ക്കുന്നില്ല. ആ കഴിവുകളെല്ലാം എടുത്തു മാറ്റിയത് പോലെയാണ്,’ അഞ്ജലി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: anjali menon interview

We use cookies to give you the best possible experience. Learn more