| Wednesday, 16th November 2022, 4:35 pm

സിനിമ കണ്ട് അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്; പ്രൊഫഷണല്‍ റിവ്യുകളെ കുറിച്ചാണ് അഭിമുഖത്തില്‍ സംസാരിച്ചത്: വിശദീകരണവുമായി അഞ്ജലി മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ നിരൂപണത്തെ കുറിച്ച് താന്‍ നടത്തിയ പ്രസ്താവനകളില്‍ വിശദീകരണവുമായി സംവിധായിക അഞ്ജലി മേനോന്‍. പ്രൊഫഷണല്‍ റിവ്യുവിനെ കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും പ്രേക്ഷകരുടെ അഭിപ്രായങ്ങളെയും റിവ്യുകളെയും താന്‍ ഏറെ ബഹുമാനിക്കുന്നുവെന്നുമാണ് അഞ്ജലി മേനോന്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു അഞ്ജലി വിശദീകരണ കുറിപ്പ് പങ്കുവെച്ചത്.

‘ഫിലിം മേക്കിങ്ങ് പ്രോസസിനെ കുറിച്ച് മനസിലാക്കുന്നതും പഠിക്കുന്നതും പ്രൊഫഷണല്‍ ഫിലിം റിവ്യൂവിങ്ങിനെ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ സഹായിക്കുമെന്നാണ് ഞാന്‍ ഈ അഭിമുഖത്തില്‍ പറഞ്ഞത്. ഫിലിം ജേണലിസ്റ്റായ ഉദയ താര നായര്‍ മാഡത്തിന്റെ റിവ്യൂവിങ് രീതിയുടെ ഉദാഹരണം നല്‍കികൊണ്ടാണ് ഞാന്‍ അതേകുറിച്ച് സംസാരിക്കുന്നത്.

പ്രേക്ഷകര്‍ തന്നെ വിശദമായ നിരൂപണങ്ങള്‍ എഴുതുന്ന ഈ കാലത്ത് നിരൂപകര്‍ കൂടുതല്‍ മികച്ച രീതിയില്‍ റിവ്യു ചെയ്യേണ്ടതുണ്ടെന്നാണ് ഞാന്‍ പറഞ്ഞത്.

പ്രേക്ഷരുടെ അഭിപ്രായങ്ങളെയും റിവ്യുകളെയും ഞാന്‍ എക്കാലത്തും ബഹുമാനിച്ചിട്ടുണ്ട്. ഒരു സിനിമ കണ്ട ശേഷം അതേ കുറിച്ച് നല്ലതായാലും മോശമായാലും ഇഷ്ടമുള്ള അഭിപ്രായം പറയാനുള്ള അവകാശം പ്രേക്ഷകര്‍ക്കുണ്ട്. അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

പ്രേക്ഷകരുടെ റിവ്യു അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാനെന്ന് ഈ അഭിമുഖത്തില്‍ തന്നെ പറയുന്നുണ്ട്.

ഈ അഭിമുഖത്തില്‍ എന്താണ് ഞാന്‍ സംസാരിക്കുന്നത് എന്നതിനെ കുറിച്ച് ആശയക്കുഴപ്പമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഇതെഴുതുന്നത്,’ അഞ്ജലി മേനോന്‍ വിശദമാക്കുന്നു.

ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിനിമാ റിവ്യുകളെ കുറിച്ചുള്ള തന്റെ അഭിപ്രായം സംവിധായിക പങ്കുവെച്ചിരുന്നത്. സിനിമ മേക്ക് ചെയ്യുന്ന പ്രോസസിനെ കുറിച്ച് പഠിച്ചതിന് ശേഷമാണ് റിവ്യു ചെയ്യേണ്ടത് എന്നായിരുന്നു അഞ്ജലി മേനോന്‍ പറഞ്ഞത്.

ഫിലിം മേക്കിങ്ങിന്റെ വിവിധ ഘട്ടങ്ങളും പ്രോസസുകളും മനസിലാക്കിയ ശേഷം റിവ്യു ചെയ്യുന്നത് എല്ലാവര്‍ക്കും ഗുണകരമാകുമെന്നും അഞ്ജലി മേനോന്‍ പറഞ്ഞു. ഒരു സിനിമ കണ്ട് മുഴുവനാക്കുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ പറയുന്നതും എഡിറ്റിങ്ങിനെ കുറിച്ച് മനസിലാക്കാതെ ലാഗുണ്ട് എന്ന കമന്റുകള്‍ പറയുന്നതും ഏറെ നിരുത്തരവാദപരമായ പെരുമാറ്റമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

അഞ്ജലി മേനോന്‍ അഭിമുഖത്തില്‍ സംസാരിച്ചത്:

ഒരു സിനിമ മുഴുവന്‍ കാണാതെ കമന്റ് പറയുന്നത് ഉത്തരവാദിത്തബോധമില്ലാത്ത പ്രവര്‍ത്തിയാണ്. ആദ്യ കുറച്ച് ഭാഗം കഴിയുമ്പോള്‍ ഒരു ട്വീറ്റ്, ഇന്റര്‍വെല്ലില്‍ ഒരു ട്വീറ്റ്, അവസാനം ഒരു ട്വീറ്റ് എന്നിങ്ങനെ കണ്ടിട്ടുണ്ട്. പലതും ഫാന്‍സുമായി ബന്ധപ്പെട്ടതാണെങ്കിലും ഇങ്ങനെ ചെയ്യുന്നത് ഉത്തരവാദിത്തമില്ലായ്മ തന്നെയാണ്. സിനിമ കാണാന്‍ പോയതല്ലേ അപ്പോള്‍ ആദ്യം സിനിമ മുഴുവനായി കാണൂ എന്നാണ് എനിക്ക് അവരോട് പറയാനുള്ളത്.

ഞാന്‍ ഈ വര്‍ഷം ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന്റെ സ്‌ക്രീന്‍ എന്ന സിനിമാ പേജിന്റെ എഡിറ്ററായിരുന്ന ഉദയ താര നായര്‍ എന്ന സ്ത്രീയെ കുറിച്ചായിരുന്നു അത്. അവരൊരു മലയാളിയാണ്.

അവര്‍ തന്റെ 15 വര്‍ഷത്തെ കരിയറില്‍ ഒരുപാട് പടങ്ങള്‍ റിവ്യു ചെയ്തിട്ടുണ്ട്. ഷോലെ ഇറങ്ങിയ സമയത്ത് എല്ലാവരും അതൊരു മോശം സിനിമയാണെന്ന് പറഞ്ഞപ്പോള്‍, ഇതൊരു കള്‍ട്ട് ക്ലാസിക് ആകുമെന്ന് പറഞ്ഞ സ്ത്രീയായിരുന്നു അവര്‍.

റിവ്യു ചെയ്യുന്നതിന് മുമ്പ് സിനിമ എങ്ങനെയാണ് ഉണ്ടാകുന്നതെന്നും എന്താണ് അതിന്റെ പ്രോസസ് എന്നും അറിഞ്ഞിരിക്കണമെന്നാണ് അവര്‍ പറഞ്ഞത്. അവര്‍ തന്റെ ആദ്യ റിവ്യു എഴുതുന്നതിന് നടത്തിയ തയ്യാറെടുപ്പിനെ കുറിച്ച് സംസാരിച്ചപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി.

അവരുടെ ബോസ് ഷൂട്ടിങ് മനസിലാക്കുന്നതിന് വേണ്ടി അവരെ രാജ് കപൂര്‍ സാറിന്റെ സെറ്റിലേക്ക് അയച്ചു. എഡിറ്റിങ്ങിനെ കുറിച്ച് മനസിലാക്കാന്‍ ഋഷികേശ് മുഖര്‍ജിയുടെ അടുത്തേക്ക് അയച്ചു. അങ്ങനെ പല ആളുകളുടെയും അടുത്ത് പോയി പഠിച്ചതിന് ശേഷമാണ് അവര്‍ തന്റെ ആദ്യ റിവ്യു ചെയ്യുന്നത്.

റിവ്യു ചെയ്യുന്നവര്‍ സിനിമയുടെ പ്രോസസിനെ കുറിച്ച് അറിഞ്ഞിരിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. പക്ഷെ, പലപ്പോഴും റിവ്യൂവേഴ്സിന് അങ്ങനെ ഒരു ബാക്ക്ഗ്രൗണ്ട് ഉണ്ടാകാറില്ല.

സിനിമക്ക് ലാഗുണ്ട് എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിയാണ് വരാറുള്ളത്. ഇത്തരം കമന്റുകള്‍ പറയുന്നതിന് മുമ്പ് എഡിറ്റിങ് എന്താണെന്ന് ആദ്യം കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. ഡയറക്ടര്‍ തന്റെ സിനിമക്ക് ഒരു പേസ് തീരുമാനിച്ചിട്ടുണ്ടാകുമല്ലോ. അതേക്കുറിച്ചും സിനിമയുടെ പ്രമേയത്തെ കുറിച്ചും മനസിലാക്കിയിരിക്കണം.

ടെക്നിക്കല്‍ ഏരിയകളിലെ കമന്റുകളെ സ്വാഗതം ചെയ്യുന്നയാളാണ് ഞാന്‍. ഫിലിം ക്രിട്ടിസിസം വളരെ പ്രധാനപ്പെട്ടതാണെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമാ നിരൂപകരുടെ റിവ്യൂ വായിക്കാന്‍ എനിക്ക് ഏറെ ഇഷ്ടവുമാണ്.

അതേസമയം റിവ്യു ചെയ്യുന്ന മാധ്യമത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്. സിനിമ എന്ന മാധ്യമത്തെ മനസിലാക്കിയ ശേഷം റിവ്യു ചെയ്യുന്നത് എല്ലാവര്‍ക്കും ഗുണകരമാകും. ആ രീതിയിലുള്ള ഒരു എജ്യുക്കേഷന്‍ വളരെ പ്രധാനപ്പെട്ടതാണ്.

കേരളത്തിലെ സിനിമ പാരഡിസോ ക്ലബ് പോലെ സിനിമയുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചാവേദികളുണ്ട്. വളരെ വാല്യുബിളായ ഡിസ്‌കഷന്‍സ് അവിടെ നടക്കാറുണ്ട്. ചിലര്‍ വളരെ നീണ്ട റിവ്യൂകളെ എഴുതിയിടാറുണ്ട്. അതൊക്കെ വായിക്കാന്‍ എനിക്ക് ഇഷ്ടമാണ്. ആളുകള്‍ക്ക് നമ്മള്‍ മനസില്‍ വിചാരിച്ചത് കിട്ടുന്നുണ്ടോ എന്നതൊക്കെ സോഷ്യല്‍ മീഡിയ വഴി തന്നെയാണ് അറിയാന്‍ കഴിയുന്നത്.

ഒരു ഫിലിം മേക്കറെന്ന നിലയില്‍ നമ്മള്‍ സിനിമയില്‍ ഒളിപ്പിച്ചുവെക്കുന്ന, പറയാതെ പറയുന്ന ചില കാര്യങ്ങളുണ്ടാവുമല്ലോ, അതൊക്കെ ആളുകള്‍ക്ക് കിട്ടിയിട്ടുണ്ടോ എന്നറിയാന്‍ വലിയ ആകാംക്ഷ തോന്നാറുണ്ട്. കാണുന്നവര്‍ക്ക് അത് കിട്ടുന്നുണ്ടെന്ന് മനസിലാകുമ്പോള്‍ നമുക്ക് സന്തോഷം തോന്നും. അങ്ങനെ ഒരു ഫീഡ്ബാക്ക് കിട്ടുന്നത് ലവ്ലി എക്‌സ്പീരിയന്‍സാണ്.

ഒ.ടി.ടി റിലീസ് ചിത്രങ്ങളില്‍ ഇത്തരം പ്രതികരണങ്ങളിലൂടെ മാത്രമേ പ്രേക്ഷക പ്രതികരണത്തെ കുറിച്ച് അറിയാനുള്ള മാര്‍ഗമുള്ളു. കാരണം ലൈവ് ഓഡിയന്‍സ് എങ്ങനെയാണ് ഈ ചിത്രത്തെ സ്വീകരിച്ചതെന്ന് അറിയാന്‍ എന്റെ മുമ്പില്‍ വഴികളൊന്നുമില്ല.

അങ്ങനെ നോക്കുമ്പോള്‍ ക്രിട്ടിക്‌സിന്റെ അഭിപ്രായത്തിന് വലിയ വിലയുണ്ട്. അതുകൊണ്ട് തന്നെ അവര്‍ ആ റെസ്‌പോണ്‍സിബിളിറ്റി മനസിലാക്കി പ്രവര്‍ത്തിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.

ഫിലിം ക്രിട്ടിസിസം എങ്ങനെയാണ് ചെയ്യുന്നതെന്ന് പഠിച്ച് ചെയ്യുന്നത് വളരെ നല്ലതായിരിക്കും. അത് എല്ലാവര്‍ക്കും മൊത്തത്തില്‍ ഗുണമാവും. വളരെ നല്ല ക്രിട്ടിക്‌സ് നമുക്കുണ്ട്. അവര്‍ എങ്ങനെയാണ് എഴുതിയിരിക്കുന്നത് എന്ന് ഇപ്പോഴുള്ള റിവ്യുവേഴ്‌സ് നോക്കി മനസിലാക്കുന്നതും നല്ലതാണ്. സിനിമയെ അറിഞ്ഞിട്ട് വ്യാഖ്യാനിക്കുമ്പോള്‍ ക്വാളിറ്റിയുള്ള റിവ്യൂസ് നമുക്ക് കിട്ടും,’ അഞ്ജലി മേനോന്‍ പറഞ്ഞു.

Content Highlight: Anjali Menon explains about her recent comment about film review which has become a huge discussion

We use cookies to give you the best possible experience. Learn more