സോഷ്യല്‍ മീഡിയയില്‍ സിനിമകളുമായി ബന്ധപ്പെട്ട് വരുന്ന എഴുത്തുകളും ചര്‍ച്ചകളും വായിക്കാന്‍ ഇഷ്ടമാണെന്ന് സംവിധായിക അഞ്ജലി മേനോന്‍. സിനിമാ നിരൂപണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ അതേ അഭിമുഖത്തില്‍ തന്നെയാണ് ഇക്കാര്യവും അഞ്ജലി പറയുന്നത്.
സിനിമയില്‍ ഒരു ഡയറക്ടര്‍ ഒളിപ്പിച്ചുവെക്കുന്ന പല കാര്യങ്ങളും ആളുകള്‍ക്ക് മനസിലായെന്ന് അറിയാന്‍ സാധിക്കുന്നത് സോഷ്യല്‍ മീഡിയ പേജുകളിലും ഗ്രൂപ്പുകളിലും വരുന്ന ചര്‍ച്ചയിലൂടെയാണെന്ന് അവര്‍ പറഞ്ഞു. ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണം അറിയാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും അഞ്ജലി മേനോന്‍ കൂട്ടിച്ചേര്‍ത്തു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് സിനിമാ ചര്‍ച്ചകളെ കുറിച്ച് സംവിധായിക വിശദമായി സംസാരിക്കുന്നത്.
‘കേരളത്തിലെ സിനിമ പാരഡിസോ ക്ലബ് പോലെ സിനിമയുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചാവേദികളുണ്ട്. വളരെ വാല്യുബിളായ ഡിസ്‌കഷന്‍സ് അവിടെ നടക്കാറുണ്ട്. ചിലര്‍ വളരെ നീണ്ട റിവ്യൂകളെ എഴുതിയിടാറുണ്ട്. അതൊക്കെ വായിക്കാന്‍ എനിക്ക് ഇഷ്ടമാണ്. ആളുകള്‍ക്ക് നമ്മള്‍ മനസില്‍ വിചാരിച്ചത് കിട്ടുന്നുണ്ടോ എന്നതൊക്കെ സോഷ്യല്‍ മീഡിയ വഴി തന്നെയാണ് അറിയാന്‍ കഴിയുന്നത്.
ഒരു ഫിലിം മേക്കറെന്ന നിലയില്‍ നമ്മള്‍ സിനിമയില്‍ ഒളിപ്പിച്ചുവെക്കുന്ന, പറയാതെ പറയുന്ന ചില കാര്യങ്ങളുണ്ടാവുമല്ലോ, അതൊക്കെ ആളുകള്‍ക്ക് കിട്ടിയിട്ടുണ്ടോ എന്നറിയാന്‍ വലിയ ആകാംക്ഷ തോന്നാറുണ്ട്. കാണുന്നവര്‍ക്ക് അത് കിട്ടുന്നുണ്ടെന്ന് മനസിലാകുമ്പോള്‍ നമുക്ക് സന്തോഷം തോന്നും. അങ്ങനെ ഒരു ഫീഡ്ബാക്ക് കിട്ടുന്നത് ലവ്‌ലി എക്സ്പീരിയന്‍സാണ്.
ഒ.ടി.ടി റിലീസ് ചിത്രങ്ങളില്‍ ഇത്തരം പ്രതികരണങ്ങളിലൂടെ മാത്രമേ പ്രേക്ഷക പ്രതികരണത്തെ കുറിച്ച് അറിയാനുള്ള മാര്‍ഗമുള്ളു. കാരണം ലൈവ് ഓഡിയന്‍സ് എങ്ങനെയാണ് ഈ ചിത്രത്തെ സ്വീകരിച്ചതെന്ന് അറിയാന്‍ എന്റെ മുമ്പില്‍ വഴികളൊന്നുമില്ല.
അങ്ങനെ നോക്കുമ്പോള്‍ ക്രിട്ടിക്സിന്റെ അഭിപ്രായത്തിന് വലിയ വിലയുണ്ട്. അതുകൊണ്ട് തന്നെ അവര്‍ ആ റെസ്പോണ്‍സിബിളിറ്റി മനസിലാക്കി പ്രവര്‍ത്തിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
ഫിലിം ക്രിട്ടിസിസം എങ്ങനെയാണ് ചെയ്യുന്നതെന്ന് പഠിച്ച് ചെയ്യുന്നത് വളരെ നല്ലതായിരിക്കും. അത് എല്ലാവര്‍ക്കും മൊത്തത്തില്‍ ഗുണമാവും. വളരെ നല്ല ക്രിട്ടിക്സ് നമുക്കുണ്ട്. അവര്‍ എങ്ങനെയാണ് എഴുതിയിരിക്കുന്നത് എന്ന് ഇപ്പോഴുള്ള റിവ്യുവേഴ്സ് നോക്കി മനസിലാക്കുന്നതും നല്ലതാണ്. സിനിമയെ അറിഞ്ഞിട്ട് വ്യാഖ്യാനിക്കുമ്പോള്‍ ക്വാളിറ്റിയുള്ള റിവ്യൂസ് നമുക്ക് കിട്ടും,’ അഞ്ജലി മേനോന്‍ പറഞ്ഞു.
സിനിമ മേക്ക് ചെയ്യുന്ന പ്രോസസിനെ കുറിച്ച് പഠിച്ചതിന് ശേഷമേ റിവ്യു ചെയ്യാന്‍ പാടുള്ളു എന്നാണ് ഈ അഭിമുഖത്തില്‍ അഞ്ജലി ആവര്‍ത്തിച്ചത്. ഒരു സിനിമ കണ്ട് മുഴുവനാക്കുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ചെയ്യുന്നതും എഡിറ്റിങ്ങിനെ കുറിച്ച് മനസിലാക്കാതെ ലാഗുണ്ട് എന്ന കമന്റുകള്‍ പറയുന്നതും ഏറെ നിരുത്തരവാദപരമായ പെരുമാറ്റമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഈ വാക്കുകള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ വഴിവെച്ചിരിക്കുന്നത്.
അതേസമയം മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‌സ്, കേരള കഫേയിലെ ഹാപ്പി ജേണി, കൂടെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്ടര്‍ വുമണ്‍ റിലീസിനൊരുങ്ങുകയാണ്. നവംബര്‍ 18ന് ഒ.ടി.ടിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പാര്‍വതി തിരുവോത്ത്, നിത്യ മേനെന്‍, നദിയ മൊയ്തു, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പദ്മിനി, അമൃത സുഭാഷ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
Content Highlight: Anjali Menon about social media reviews