| Thursday, 17th November 2022, 4:02 pm

നമുക്ക് കാലഹരണപ്പെട്ട മൂല്യങ്ങളാണെങ്കില്‍ സിനിമയിലും അത് കാണും, ജയ ജയ ജയ ജയ ഹേ വിജയിക്കുന്നുണ്ടെങ്കില്‍ ഓഡിയന്‍സിന്റെ വീക്ഷണം വളരെ ക്ലിയറാണ്: അഞ്ജലി മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ ഇന്‍ഡസ്ട്രിയേക്കുറിച്ച് സംസാരിക്കുകയാണ് അഞ്ജലി മേനോന്‍. ഇന്‍ഡസ്ട്രി മാറിയാലും ഇല്ലെങ്കിലും സമൂഹം മാറുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. ഇന്‍ഡസ്ട്രി ഒരുപാട് മുന്നിലേക്ക് വരേണ്ടതുണ്ടെന്നും സംവിധായകര്‍ക്ക് കാലഹരണപ്പെട്ട മൂല്യങ്ങളാണെങ്കില്‍ അത് സിനിമയിലും കാണപ്പെടുമെന്നും അഞ്ജലി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യം പറഞ്ഞത്.

”പ്രഗ്‌നന്‍സി പ്രൊമോഷന് ഞങ്ങള്‍ ഒക്കെ വിചാരിച്ചതിനും അപ്പുറത്തേക്കുള്ള റെസ്‌പോണ്‍സ് ആണ് ലഭിച്ചത്. അത് വളരെ മനോഹരമായിരുന്നു. അതിന്റെ അര്‍ത്ഥം മാറ്റം വന്നുകഴിഞ്ഞുവെന്നാണ്. എന്നാല്‍ ഓരോ പടി മുന്നിലേക്ക് വെക്കുമ്പോഴും പിന്നിലേക്കും വരുന്നുണ്ട്. പക്ഷേ ഒരു അവബോധം സൃഷ്ടിച്ച് കഴിഞ്ഞാല്‍ കാര്യങ്ങള്‍ മാറും.

ഇപ്പോഴത്തെ രസമുള്ള കാര്യമെന്തെന്നാല്‍ ഇന്‍ഡസ്ട്രി മാറിയാലും ഇല്ലെങ്കിലും സമൂഹം മാറുന്നുണ്ട്. എത്രകാലം ഈ വാല്യൂസ് പിടിച്ചിരിക്കും. ഇന്നത്തെ ഒരു ലോകത്തില്‍ അതിനെല്ലാം സ്ഥാനമുണ്ടോ. ഇനിയും ഒരുപാട് മുന്നിലേക്ക് വരാന്‍ സമയം ആയി കഴിഞ്ഞു.

നമ്മള്‍ എല്ലാം ക്രിയേറ്റേഴ്‌സാണ്. നമുക്ക് കാലഹരണപ്പെട്ട മൂല്യങ്ങളാണെങ്കില്‍ അത് നമ്മുടെ സിനിമയിലും കാണും. അത് പിന്നീട് പ്രശ്‌നമാവും. പിന്നെ അത്തരം സിനിമയുമായിട്ട് കണക്ട് ചെയ്യുകയും വേണം. അതുകൊണ്ട് ഫിലിം മേക്കേര്‍സ് എപ്പോഴും ഓഡിയന്‍സ് എന്ത് ചിന്തിക്കുന്നു എന്നതിലേക്ക് ശ്രദ്ധിച്ചിരിക്കേണ്ടി വരും.

ഓഡിയന്‍സ് നമ്മളേക്കാളും മുന്നിലേക്കാണ് നില്‍ക്കുന്നത്. അത് ബഹുമാനിച്ചു കൊണ്ട് വേണം നമ്മള്‍ പ്രവര്‍ത്തിക്കാന്‍. കണ്ടന്റിലും ആ മാറ്റം വരുന്നുണ്ടെങ്കില്‍ പതിയേ ഇന്‍ഡസ്ട്രിയിലും മാറ്റം വരും. ജയ ജയ ജയ ജയ ഹേ വിജയിക്കുന്നുണ്ടെങ്കില്‍ ഓഡിയന്‍സിന്റെ വീക്ഷണം വളരെ ക്ലിയറാണല്ലോ.

ഒരു അതിജീവിത തന്റെ മുഖവും പേരും എഴുതുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന പിന്തുണ വലുതാണ്. ഞാന്‍ പറയുന്നത് ഇന്‍ഡസ്ട്രിയിലെ ആളുകളുടെ കാര്യമല്ല. സാധാരണ ജനങ്ങളുടെ കാര്യമാണ് പറയുന്നത്. അവര്‍ തിരിച്ചറിയുന്നുണ്ട് എവിടെയാണ് ശരിയെന്നും ആരെ മാറ്റി നിര്‍ത്തണമെന്നും,” അഞ്ജലി മേനോന്‍ പറഞ്ഞു.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വണ്ടര്‍ വുമണ്‍. നിത്യ മേനെന്‍, നാദിയ മൊയ്തു, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പദ്മിനി, അമൃത സുഭാഷ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സോണി ലിവിലൂടെയാണ് വണ്ടര്‍ വുമണ്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. സിനിമ നവംബര്‍ 18നാണ് റിലീസ് ചെയ്യുന്നത്.

CONTENT HIGHLIGHT: anjali menon about movie industry

We use cookies to give you the best possible experience. Learn more