സിനിമക്ക് ലാഗുണ്ട് എന്ന് പറയുന്നവര്‍ ആദ്യം എഡിറ്റിങ്ങിനെ കുറിച്ച് പഠിച്ചിരിക്കണം: അഞ്ജലി മേനോന്‍
Entertainment
സിനിമക്ക് ലാഗുണ്ട് എന്ന് പറയുന്നവര്‍ ആദ്യം എഡിറ്റിങ്ങിനെ കുറിച്ച് പഠിച്ചിരിക്കണം: അഞ്ജലി മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th November 2022, 9:18 am

സിനിമ മേക്ക് ചെയ്യുന്ന പ്രോസസിനെ കുറിച്ച് പഠിച്ചതിന് ശേഷമേ റിവ്യു ചെയ്യാന്‍ പാടുള്ളു എന്ന അഭിപ്രായവുമായി സംവിധായിക അഞ്ജലി മേനോന്‍. ഫിലിം മേക്കിങ്ങിന്റെ വിവിധ ഘട്ടങ്ങളും പ്രോസസുകളും മനസിലാക്കിയ ശേഷം റിവ്യു ചെയ്യുന്നത് എല്ലാവര്‍ക്കും ഗുണകരമാകുമെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.

ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് സിനിമാ നിരൂപണത്തെ കുറിച്ച് സംവിധായിക സംസാരിച്ചത്. ഒരു സിനിമ കണ്ട് മുഴുവനാക്കുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ പറയുന്നതും എഡിറ്റിങ്ങിനെ കുറിച്ച് മനസിലാക്കാതെ ലാഗുണ്ട് എന്ന കമന്റുകള്‍ പറയുന്നതും ഏറെ നിരുത്തരവാദപരമായ പെരുമാറ്റമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരു സിനിമ മുഴുവന്‍ കാണാതെ കമന്റ് പറയുന്നത് ഉത്തരവാദിത്തബോധമില്ലാത്ത പ്രവര്‍ത്തിയാണ്. ആദ്യ കുറച്ച് ഭാഗം കഴിയുമ്പോള്‍ ഒരു ട്വീറ്റ്, ഇന്റര്‍വെല്ലില്‍ ഒരു ട്വീറ്റ്, അവസാനം ഒരു ട്വീറ്റ് എന്നിങ്ങനെ കണ്ടിട്ടുണ്ട്. പലതും ഫാന്‍സുമായി ബന്ധപ്പെട്ടതാണെങ്കിലും ഇങ്ങനെ ചെയ്യുന്നത് ഉത്തരവാദിത്തമില്ലായ്മ തന്നെയാണ്. സിനിമ കാണാന്‍ പോയതല്ലേ അപ്പോള്‍ ആദ്യം സിനിമ മുഴുവനായി കാണൂ എന്നാണ് എനിക്ക് അവരോട് പറയാനുള്ളത്.

ഞാന്‍ ഈ വര്‍ഷം ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സ്‌ക്രീന്‍ എന്ന സിനിമാ പേജിന്റെ എഡിറ്ററായിരുന്ന ഉദയ താര നായര്‍ എന്ന സ്ത്രീയെ കുറിച്ചായിരുന്നു അത്. അവരൊരു മലയാളിയാണ്.

അവര്‍ തന്റെ 15 വര്‍ഷത്തെ കരിയറില്‍ ഒരുപാട് പടങ്ങള്‍ റിവ്യു ചെയ്തിട്ടുണ്ട്. ഷോലെ ഇറങ്ങിയ സമയത്ത് എല്ലാവരും അതൊരു മോശം സിനിമയാണെന്ന് പറഞ്ഞപ്പോള്‍, ഇതൊരു കള്‍ട്ട് ക്ലാസിക് ആകുമെന്ന് പറഞ്ഞ സ്ത്രീയായിരുന്നു അവര്‍.

റിവ്യു ചെയ്യുന്നതിന് മുമ്പ് സിനിമ എങ്ങനെയാണ് ഉണ്ടാകുന്നതെന്നും എന്താണ് അതിന്റെ പ്രോസസ് എന്നും അറിഞ്ഞിരിക്കണമെന്നാണ് അവര്‍ പറഞ്ഞത്. അവര്‍ തന്റെ ആദ്യ റിവ്യു എഴുതുന്നതിന് നടത്തിയ തയ്യാറെടുപ്പിനെ കുറിച്ച് സംസാരിച്ചപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി.

അവരുടെ ബോസ് ഷൂട്ടിങ് മനസിലാക്കുന്നതിന് വേണ്ടി അവരെ രാജ് കപൂര്‍ സാറിന്റെ സെറ്റിലേക്ക് അയച്ചു. എഡിറ്റിങ്ങിനെ കുറിച്ച് മനസിലാക്കാന്‍ ഋഷികേശ് മുഖര്‍ജിയുടെ അടുത്തേക്ക് അയച്ചു. അങ്ങനെ പല ആളുകളുടെയും അടുത്ത് പോയി പഠിച്ചതിന് ശേഷമാണ് അവര്‍ തന്റെ ആദ്യ റിവ്യു ചെയ്യുന്നത്.

റിവ്യു ചെയ്യുന്നവര്‍ സിനിമയുടെ പ്രോസസിനെ കുറിച്ച് അറിഞ്ഞിരിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. പക്ഷെ, പലപ്പോഴും റിവ്യൂവേഴ്‌സിന് അങ്ങനെ ഒരു ബാക്ക്ഗ്രൗണ്ട് ഉണ്ടാകാറില്ല.

സിനിമക്ക് ലാഗുണ്ട് എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിയാണ് വരാറുള്ളത്. ഇത്തരം കമന്റുകള്‍ പറയുന്നതിന് മുമ്പ് എഡിറ്റിങ് എന്താണെന്ന് ആദ്യം കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. ഡയറക്ടര്‍ തന്റെ സിനിമക്ക് ഒരു പേസ് തീരുമാനിച്ചിട്ടുണ്ടാകുമല്ലോ. അതേക്കുറിച്ചും സിനിമയുടെ പ്രമേയത്തെ കുറിച്ചും മനസിലാക്കിയിരിക്കണം.

ടെക്‌നിക്കല്‍ ഏരിയകളിലെ കമന്റുകളെ സ്വാഗതം ചെയ്യുന്നയാളാണ് ഞാന്‍. ഫിലിം ക്രിട്ടിസിസം വളരെ പ്രധാനപ്പെട്ടതാണെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമാ നിരൂപകരുടെ റിവ്യൂ വായിക്കാന്‍ എനിക്ക് ഏറെ ഇഷ്ടവുമാണ്.

അതേസമയം റിവ്യു ചെയ്യുന്ന മാധ്യമത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്. സിനിമ എന്ന മാധ്യമത്തെ മനസിലാക്കിയ ശേഷം റിവ്യു ചെയ്യുന്നത് എല്ലാവര്‍ക്കും ഗുണകരമാകും. ആ രീതിയിലുള്ള ഒരു എജ്യുക്കേഷന്‍ വളരെ പ്രധാനപ്പെട്ടതാണ്,’ അഞ്ജലി മേനോന്‍ പറഞ്ഞു.

വണ്ടര്‍ വുമണ്‍ എന്ന പുതിയ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്താന്‍ ഒരുങ്ങിയിരിക്കുകയാണ് അഞ്ജലി മേനോന്‍. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‌സ്, കേരള കഫേയിലെ ഹാപ്പി ജേണി, കൂടെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്ടര്‍ വുമണ്‍.

പാര്‍വതി തിരുവോത്ത്, നിത്യ മേനെന്‍, നദിയ മൊയ്തു, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പദ്മിനി, അമൃത സുഭാഷ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Anjali Menon about film reviews