കോഴിക്കോട്: ഫേസ്ബുക്ക് ലൈവിനിടയില്‍ പൊട്ടിക്കരഞ്ഞ് ട്രാന്‍സ് ജെന്‍ഡറും നടിയുമായ അഞ്ജലി അമീര്‍. തനിക്കു നേരെ വധ ഭീഷണിയുണ്ടെന്നാണ് ഇവര്‍ പറയുന്നത്. തന്നോടൊപ്പം താമസിക്കുന്നയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നെന്നാണ് അഞ്ജലി അമീര്‍ ഫേസ്ബുക്കില്‍ ലൈവില്‍ പറയുന്നത്. ഒന്നരവര്‍ഷത്തോളം താന്‍ ഇയാളുടെ മാനസിക പീഡനത്തിനിരയായെന്നും ഇവര്‍ ആരോപിക്കുന്നു.
ഒന്നരവര്‍ഷത്തോളം കൂടെ താമസിക്കുന്ന ഇയാള്‍ താനെവിടെ പോയാലും നിരന്തരം പിന്തുടരുകയും തന്റെ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നെന്നും ജോലിയില്ലാത്ത ഇയാള്‍ തന്റെ കൈയ്യില്‍ നിന്ന് കാശ് വാങ്ങുന്നുണ്ടെന്നും നാലു ലക്ഷത്തോളം രൂപ തന്റെ കൈയ്യില്‍ നിന്നും വാങ്ങിയതായും അഞ്ജലി ആരോപിക്കുന്നു.
തനിക്ക് ഇഷ്ടമില്ലാത്ത ഇയാളെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഉപദ്രവം തുടരുകയായിരുന്നു. താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും അത്രമാത്രം തളര്‍ന്ന അവസ്ഥയിലാണ് താനെന്നും അഞ്ജലി അമീര്‍ പറയുന്നത്. ലൈവിനിടെ ഇവര്‍ പൊട്ടിക്കരയുന്നുമുണ്ട്. വ്യക്തിപരമായ കാര്യങ്ങള്‍ പരസ്യമായി പറയുന്നത് മോശമാണെന്ന് തനിക്കറിയാമെന്നും എന്നാല്‍ മറ്റാരോടും പറയാനില്ലാത്തതിനാലാണ് ലൈവില്‍ വന്നതെന്നും അജ്ഞലി പറയുന്നു.
കോഴിക്കോട് കൊടുവള്ളി സ്വദേശി അനസ് വി.സിക്കെതിരെയാണ് അഞ്ജലി അമീറിന്റെ ആരോപണം. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അഞ്ജലി വ്യക്തമാക്കി.