കെ.എസ്.യു പ്രതിനിധി മാഗസിന്‍ എഡിറ്ററായ “സീസണ്‍സ് 2015” എന്ന പേരില്‍ പുറത്തിറക്കിയ മാഗസിനില്‍ 105 ാം പേജില്‍ കാമ്പസ് നിഘണ്ടു എന്ന പേരിലുള്ള പേജില്‍ ആണ് സ്ത്രീ വിരുദ്ധ വാക്കുകള്‍ ഉള്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച് ഡൂള്‍ ന്യൂസ് നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നവ എന്ന് വിശേഷിപ്പിച്ച് കൊണ്ട് തയ്യാറാക്കിയ മാഗസിനിലെ “ക്യാമ്പസ് നിഘണ്ഡു” വിലാണ് ഐറ്റം, പീസ്, മൊതല്, ഉരുപ്പടി, ജാക്കി, ഡിക്കി തുടങ്ങിയ വാക്കുകള്‍ ചേര്‍ത്തിരിക്കുന്നത്. കോളജ് പ്രിന്‍സിപ്പാളും മറ്റ് അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡാണ് ഇത്തരമൊരു മാഗസിന്‍ തയ്യാറാക്കിയിരിക്കുന്നത്.
സെപ്റ്റംബര്‍ 20ന് സാഹിത്യകാരനായ ബിന്യാമിനാണ് മാഗസിന്‍ പ്രകാശനം ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് മാഗസിന്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തത്.
സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് മാഗസിനുകളിലെ വാക്കുകളെന്നും ഇത് അംഗീകരിക്കാന്‍ പറ്റില്ലെന്നും കോളജ് വിദ്യാര്‍ഥികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ മാഗസിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതോടെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തത്തെിയതോടെയാണ് മാനേജ്‌മെന്റ് യോഗം കൂടി മാഗസിന്‍ പിന്‍വലിക്കുന്നുവെന്ന് അറിയിച്ചത്.
അതേസമയം ഉത്തരവാദിത്തം മുഴുവന്‍ എഡിറ്ററുടെ തലയില്‍ കെട്ടിവെച്ച കോളജ് അധികൃതരുടെ നടപടിയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ചീഫ് എഡിറ്ററായ പ്രിന്‍സിപ്പലിനും എഡിറ്റോറിയല്‍ ബോര്‍ഡിലെ സ്റ്റാഫംഗങ്ങള്‍ക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞുമാറാനാവില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അവര്‍ അറിയാതെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ എങ്ങനെ കടന്നുകൂടിയെന്നും വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.