അനിതക്ക് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം കുടുംബം തിരിച്ചയച്ചു
Daily News
അനിതക്ക് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം കുടുംബം തിരിച്ചയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th September 2017, 5:07 pm

 

ചെന്നൈ: തമിഴ്നാട്ടില്‍ പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1176 മാര്‍ക്കുണ്ടായിരുന്നിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനിതയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏഴ് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അനിതയുടെ കുടുംബം തിരിച്ചയച്ചു. അനിതയുടെ മരണത്തിന് ശേഷം തമിഴ്‌നാട്ടില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

കേന്ദ്ര സര്‍ക്കാരാണ് തങ്ങളുടെ മകളുടെ മരണത്തിന് കാരണമെന്നാണ് അനിതയുടെ ബന്ധുക്കളുടെ ആരോപണം. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ ബി.ജെ.പി ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ തമിഴ്നാട് സന്ദര്‍ശനം മാറ്റിവെക്കുകയും ചെയ്തു.

പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1176 മാര്‍ക്കുണ്ടായിരുന്നിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്താണ് അനിത കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. തമിഴ്നാട്ടില്‍ മെഡിക്കല്‍ നീറ്റ് നടപ്പിലാക്കുന്നതിനെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു.


Also read റോഹിങ്ക്യന്‍ മുസ്‌ലിംങ്ങള്‍ക്കുള്ള യു.എന്‍ ഭക്ഷണ വിതരണം മ്യാന്‍മാര്‍ തടഞ്ഞു


നീറ്റ് നടപ്പാക്കുന്നത് സി.ബി.എസ്.ഇ പരീക്ഷ വിജയിച്ചവര്‍ക്ക് പ്രാമുഖ്യം ലഭിക്കാനിടയാക്കുമെന്നും ബോര്‍ഡ് പരീക്ഷയില്‍ മികച്ച മാര്‍ക്കുവാങ്ങിയ തന്നെപ്പോലുള്ളവര്‍ പിന്തള്ളപ്പെടാന്‍ ഇടയാകുമെന്നും കാട്ടിയാണ് അനിത കോടതിയെ സമീപിച്ചത്.

നീറ്റ് പരിഷ്‌കാരത്തില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാറും അറിയിച്ചിരുന്നു. എന്നാല്‍ നീറ്റ് യോഗ്യത ആധാരമാക്കി തന്നെ മെഡിക്കല്‍ പ്രവേശനം നടത്തണമെന്ന് ആഗസ്റ്റ് 22ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.

നീറ്റ് പരീക്ഷയില്‍ 700ല്‍ 86 മാര്‍ക്കാണ് അനിതയ്ക്കു ലഭിച്ചത്.ഇതോടെ മെഡിക്കല്‍ പ്രവേശനം എന്ന അനിതയുടെ സ്വപ്നം പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു. ഇതില്‍മനംനൊന്താണ് അനിത ആത്മഹത്യ ചെയ്തത്.