| Tuesday, 16th February 2021, 4:43 pm

ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തില്‍ പല അപമാന കഥകളും കേട്ട് തലകുനിച്ചിരിക്കുമ്പോഴാണ് പ്രജേഷ് കടന്നുവരുന്നത്; ക്യാപ്റ്റന്റെ മൂന്നാം വര്‍ഷത്തില്‍ സത്യന്റെ ഭാര്യ അനിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ ഫുട്‌ബോള്‍ താരമായിരുന്ന വി.പി സത്യന്റെ ജീവിത കഥ പറഞ്ഞ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍ എന്ന ചിത്രം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം തികയുകയാണ്. സത്യന്റെ ജീവിതത്തെ വെളളിത്തിരയിലെത്തിച്ചതിനെ കുറിച്ച് ഉള്ളുലയ്ക്കുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സത്യന്റെ ഭാര്യയായ അനിത സത്യന്‍.

ഈ സിനിമ വന്നാല്‍ ഞങ്ങളുടെ പേഴ്‌സണല്‍ ജീവിതം വെള്ളിത്തിരയില്‍ മറ്റുള്ളവര്‍ കാണുമ്പോള്‍ മോശമാവില്ലേ എന്ന ചോദ്യം പലരും ചോദിച്ചിരുന്നെന്നും ജയസൂര്യക്ക് സത്യേട്ടനാവാന്‍ കഴിയുമോ എന്ന മറ്റൊരു ചോദ്യവും ഉണ്ടായിരുന്നെന്നും എന്നാല്‍ ഇതൊന്നും തന്നെ ബാധിച്ചിരുന്നില്ലെന്നും അനിത പറയുന്നു.

പൊതുവായുണ്ടാക്കിയ തെറ്റിദ്ധാരണകള്‍ മാറ്റണമെന്നും ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ട താരമായ സത്യേട്ടന്‍ എന്നും ജനങ്ങളുടെ മനസ്സിലുണ്ടാവണമെന്നും മാത്രമെ മനസ്സില്‍ കണ്ടിരുന്നുള്ളൂവെന്നു അനിത ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

അനിതയുടെ വാക്കുകള്‍….

പോലീസ്‌കാരെയും ഫുട്‌ബോള്‍ കളിക്കാരെയും കാണുമ്പോള്‍ തെല്ലൊരു ഉള്‍ഭയത്തോടെ നോക്കിക്കണ്ടിരുന്ന ഒരു കാലത്താണ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഇന്ത്യന്‍ ഫുട്‌ബോളറുമായ സത്യേട്ടന്‍ എന്നെ കൈപിടിച്ച് ജീവിക്കാന്‍ കൂട്ടിക്കൊണ്ടുപോയത്.

ആ കൈ വിടാതെ വിജയനടക്കമുള്ള പല പ്രമുഖ കളിക്കാരെയും വുക്തികളേയും പല ഒഫീഷ്യല്‍സിനേയും പല ഫുട്‌ബോള്‍ ഗ്രൗണ്ടുകളേയും ജീവിത സൗഭാഗ്യങ്ങളുടെ വലിയ വലിയ നേര്‍ക്കാഴ്ചകളേയും സത്യേട്ടന്‍ എനിക്ക് കാട്ടിത്തന്നു. ഇതെല്ലാം എന്നെ സംബന്ധിച്ച് അല്‍ഭുത കാഴ്ചകളായിരുന്നു.

പെട്ടന്ന് ഇടിയും മിന്നലും പേമാരിയിലെന്നപോലെ ആ അല്‍ഭുത കാഴ്ചകള്‍ കണ്ണുകളില്‍ നിന്ന് വിശ്വസിക്കാനാവാത്തവിധം മാഞ്ഞു പോയി. കൂടെ സത്യേട്ടനും. നിരാശയോടെ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തില്‍ പല അപമാന കഥകളും കേട്ട് തലകുനിച്ചിരിക്കുമ്പോഴാണ് പ്രജേഷ് ഭായി കടന്നുവരുന്നത്.

പല കൂടിക്കാഴ്ചകള്‍ക്കൊടുവില്‍ ‘ക്യാപ്റ്റന്‍ ‘ എന്ന മലയാള സിനിമയുടെ പിറവിയുടെ ചര്‍ച്ചകള്‍ നടന്നു. ഈ സിനിമ വന്നാല്‍ ഞങ്ങളുടെ പേഴ്‌സണല്‍ ജീവിതം വെള്ളിത്തിരയില്‍ മറ്റുള്ളവര്‍ കാണുമ്പോള്‍ മോശമാവില്ലേ എന്ന ചോദ്യം പലരും ചോദിച്ചു. ജയസൂര്യക്ക് സത്യേട്ടനാവാന്‍ കഴിയുമോ എന്ന മറ്റൊരു ചോദ്യവും ഉണ്ടായിരുന്നു. ഇതൊന്നും എന്നെ ബാധിച്ചിരുന്നില്ല.

പൊതുവായുണ്ടാക്കിയ തെറ്റിദ്ധാരണകള്‍ മാറ്റണമെന്നും ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ട താരമായ സത്യേട്ടന്‍ എന്നും ജനങ്ങളുടെ മനസ്സിലുണ്ടാവണമെന്നും മാത്രമെ മനസ്സില്‍ കണ്ടിരുന്നുള്ളൂ. കാലത്തിന്റെ നിയോഗങ്ങള്‍ക്കനുസൃതമായി മനുഷ്യര്‍ പ്രവര്‍ത്തിക്കുന്നു. സത്യേട്ടനും ജയസൂര്യയും വ്യത്യാസമില്ലാത്ത ഒരു നടനം നമ്മള്‍ കണ്ടു. അനിതയായി അനു സിത്താര തിളങ്ങി. മമ്മൂക്കയുടെ സാന്നിദ്ധ്യം ആ സിനിമയെ അനുഗ്രഹീതമാക്കി. കോച്ച് ജാഫര്‍ ക്ക രഞ്ജി പണിക്കറില്‍ മനോഹരമായി. പാട്ടുകളും ഗംഭീരമായി. ഇതിലെ ഓരോ കഥാപാത്രങ്ങളും മികച്ചു നിന്നു.

അങ്ങനെ ഇന്ന് ‘ ക്യാപ്റ്റന്‍ ‘ എന്ന മലയാള സിനിമ പിറവി കൊണ്ടിട്ട് 3 വര്‍ഷം കഴിയുന്നു. മിനിസ്‌ക്രീനിലൂടെ സത്യേട്ടന്‍ വന്ന് ഇടയ്ക്കിടക്ക് ഓര്‍മ്മകള്‍ പുതുക്കുന്നു. ക്യാപ്റ്റനിലൂടെ നമുക്ക് നല്ലൊരു സംവിധായകനേയും ലഭിച്ചു. ക്യാപ്റ്റന്‍ ടീം വെള്ളം എന്ന മനോഹര സിനിമ കഴിഞ്ഞ് ‘മേരി ആവാസ് സുനോ ‘ എന്ന മൂന്നാമത്തെ സിനിമയില്‍ എത്തി നില്‍ക്കുന്നു. സത്യേട്ടന്‍ നല്‍കിയ സ്‌നേഹത്തിനൊപ്പമായില്ലെങ്കിലും കുറച്ചെങ്കിലും നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ക്യാപ്റ്റന്റെ ജന്മദിനാഘോഷ വേളയില്‍ ‘മേരി ആവാസ് സുനോ ‘ ക്ക് എല്ലാ വിധ ആശംസകളും നേരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Anitha Sathyan About Captain Movie

We use cookies to give you the best possible experience. Learn more