ചെന്നൈ: മെഡിക്കല്‍ പ്രശേനം കിട്ടാത്തതിനെത്തുടര്‍ന്ന് ദളിത് സമരനായിക അനിത ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അനിതയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു. കേന്ദ്ര സര്‍ക്കാരാണ് തങ്ങളുടെ മകളുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പ്ലസ്ടുവില്‍ 98 ശതമാനം മാര്‍ക്കുണ്ടായിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തമിഴ്നാട് അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറെ സ്വദേശി ഷണ്‍മുഖന്റെ മകള്‍ അനിത കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ജന്മദേശമായ അരിയല്ലൂര്‍ ഉള്‍പ്പെടെ തമിഴ്നാടിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. അരിയല്ലൂര്‍, പെരമ്പൂര്‍ ജില്ലകളില്‍ ഒരു വിഭാഗം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.
നേരത്തെ പരീക്ഷക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തമിഴ് നാട്ടില്‍ പ്ലസ്ടു വരെ തമിഴില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ മനസിലാകാന്‍ ബുദ്ധിമുട്ടുണ്ടെന്നു കാണിച്ചായിരുന്നു അനിത സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ അനിതയുടെ ഹര്‍ജി കോടതി തള്ളുകയായിരുന്നു.
നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്നാടിന് ഒരു വര്‍ഷത്തെ ഇളവുതേടിക്കൊണ്ടുളള ഓര്‍ഡിനന്‍സിന്റെ കരട് സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു സംസ്ഥാനത്തിനു മാത്രമായി നീറ്റില്‍ നിന്ന് ഇളവു നല്‍കാനാവില്ലെന്ന നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പിനെത്തുടര്‍ന്ന് ഈ ഹര്‍ജി സുപ്രീം കോടതി തളളുകയായിരുന്നു.
Dont Miss: ‘പലതും പറയാനായിട്ടില്ല’; ഉദ്യോഗസ്ഥ പോര് തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമമുണ്ടായെന്ന് നളിനി നെറ്റോ
പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ ബി.ജെ.പി ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ തമിഴ്‌നാട് സന്ദര്‍ശനവും മാറ്റിവച്ചിട്ടുണ്ട്. ദേശീയ ഹരിതട്രൈബ്യൂണലിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ ചെന്നൈയില്‍ എത്താനിരുന്നതായിരുന്നു കേന്ദ്രമന്ത്രി. മറ്റ് തിരക്കുകള്‍ ഉള്ളതിനാല്‍ യാത്ര റദ്ദാക്കിയെന്നാണ് ഔദ്യോഗിക വിശദീകരണം.
അതിനിടെ അനിതയ്ക്കെതിരെ എ.ഐ.ഡി.എം.കെ നേതാവ് പ്രഭാകരന്‍ നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. പാവപ്പെട്ട വീട്ടിലെ കുട്ടിയായ അനിതയ്ക്ക് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ ആരാണ് പണം നല്‍കിയതെന്നായിരുന്നു പ്രഭാകരന്‍ ചോദിച്ചത്. പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രഖ്യാപിച്ചിട്ടുണ്ട്.