കോഴിക്കോട്: ഇന്ത്യന്‍ ടെലിവിഷനിലെ വാര്‍ത്താചാനലുകള്‍ വേറെന്തോ തരം മൃഗങ്ങളാണെന്ന് മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അനിത പ്രതാപ്. വഴക്കും ബഹളവും മാത്രമാണ് അവിടെ നടക്കുന്നതെന്നും അവര്‍ പറഞ്ഞു. ഡ്യൂള്‍ന്യൂസിനായി അന്ന കീര്‍ത്തി ജോര്‍ജ് നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനിത പ്രതാപ്.
അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ് രീതിയും ഇന്ത്യന്‍ മാധ്യമങ്ങളുടെ രീതിയും എപ്പോഴെങ്കിലും താരതമ്യം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കവെയാണ് ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളുടെ മോശം രീതികളെക്കുറിച്ച് അവര്‍ സംസാരിച്ചത്.
‘ലോകത്തെ എല്ലായിടത്തും ഏറക്കുറെ ഒരേ ട്രെന്‍ഡിലാണ് മുന്നോട്ടുപോകുന്നത്. പക്ഷെ, ഇന്ത്യന്‍ ടെലിവിഷനെക്കുറിച്ച് ഒന്നും പറയേണ്ട. എന്തൊരു വഴക്കും ബഹളവുമാണവിടെ. എനിക്ക് മനസിലാകുന്നില്ല.
ആര്‍ക്കാണിതൊക്കെ കാണാന്‍ കഴിയുക. അവര്‍ വേറൊന്തോ തരം മൃഗങ്ങളാണ്. ബ്രിട്ടീഷിലെ ടാബ്ലോയിഡ് പത്രങ്ങളും ഇതിന്റെ മറ്റൊരു പതിപ്പാണ്. ഭയാനകരമാണ് അവരുടെ അവസ്ഥയും. അത് വേറെ തരത്തിലുള്ള മൃഗങ്ങളാണ്. വിഷമാണ് അവര്‍ പ്രചരിപ്പിക്കുന്നത്.
ന്യൂസ് പേപ്പര്‍ ഉള്‍പ്പെടെയുള്ള മറ്റ് റെഗുലര്‍ മീഡയകള്‍ എടുത്തു നോക്കുമ്പോള്‍ അനീമിയ വന്ന പോലെ ഒരു ഫീലുണ്ട്, എന്നാലും അതില്‍ നിന്ന് നല്ല വാര്‍ത്തകളും വരുന്നുണ്ട്,’ അനിത പ്രതാപ് പറഞ്ഞു.
അന്താരാഷ്ട്രതലത്തില്‍ നന്നായി ഇടപെടലുകള്‍ നടത്തുന്ന മാധ്യമങ്ങളെയും കാണാനാകുമെന്നും, എന്നാല്‍ പൊതുവായി മോശം അവസ്ഥയിലാണ് ജേര്‍ണലിസം മുന്നോട്ടുപോകുതെന്നും അവര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘ഇംഗ്ലണ്ടിലും അമേരിക്കയിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുണ്ട്. എന്നാല്‍ മൊത്തത്തിലുള്ള മുഖ്യധാര പ്രിന്റ് മാധ്യമങ്ങള്‍ മോശം അവസ്ഥയിലാണ്.
ഇതിനപവാദമുള്ളത് വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍ തുടങ്ങിയ മാധ്യമങ്ങളാണ്. അവര്‍ നന്നായി അവരുടെ പണിയെടുക്കുന്നുണ്ട്,’ അനിത പ്രതാപ് വ്യക്തമാക്കി.
ഓരോ രാജ്യത്തും ലോക്കല്‍ ന്യൂസ് പേപ്പറുകള്‍ക്കാണ് വലിയ റോളുള്ളതെന്നും എന്നാല്‍ അവരത് നിര്‍വഹിക്കുന്നില്ലെന്നും അനിത പറഞ്ഞു.