കോഴിക്കോട്: 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിനത്തിലെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ അനിത പ്രതാപ്. ആ ദിവസത്തില്‍ ആദ്യം ആക്രമിക്കപ്പെട്ടത് മാധ്യമപ്രവര്‍ത്തകരായിരുന്നു എന്നും കര്‍സേവകരുടെ ബാന്റ് തലയില്‍ കെട്ടിയത് കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടത് എന്നും അവര്‍ പറയുന്നു. സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അനിത പ്രതാപ്.
‘1992 ഡിസംബറില്‍ ബാബരി മസ്ജിദില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടാനുള്ള പദ്ധതി ഒരു തരംഗം പോലെ എല്ലായിടത്തുമുണ്ടായിരുന്നു. ഡിസബര്‍ 6ന് മൂന്ന് ദിവസം മുമ്പ് തന്നെ ഞാന്‍ അയോദ്ധ്യയിലേക്ക് പോയി. അവിടെ എല്ലായിടത്തും കര്‍സേവകരുടെ ടെന്റുകള്‍ ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍സേവകരായിരുന്നു ടെന്റുകളില്‍ ഉണ്ടായിരുന്നത്. എല്ലാ ടെന്റുകളിലും പോയി അവരെ ഇന്റര്‍വ്യൂ ചെയ്യുകയായിരുന്നു എന്റെ പ്രധാന പണി.
മഹാരാഷ്ട്രയില്‍ നിന്ന് വന്ന ശിവസേനക്കാര്‍ക്കായിരുന്നു അന്ന് ഏറ്റവും കൂടുതല്‍ ഊര്‍ജമുണ്ടായിരുന്നത്. എല്ലാവരും കരുതിയത് ഡിസംബര്‍ ആറിന് പ്രതീകാത്മകമായി എന്തെങ്കിലും സംഭവിക്കുമെന്ന് മാത്രമായിരുന്നു. എന്നാല്‍ ശിവസേനക്കാരുടെ പ്രകൃതം കണ്ടപ്പോള്‍ തന്നെ എന്തോ അപകടം സംഭവിക്കാന്‍ പോകുന്നതായി എനിക്ക് തോന്നി. അവരുടെ പ്രസംഗങ്ങളിലെല്ലാം ഒരു ആക്രമണ സ്വഭാവമുണ്ടായിരുന്നു.
ഡിസംബര്‍ ആറിന് ഉമാഭാരതിയുടെയും അദ്വാനിയുടെയും പ്രസംഗം കഴിഞ്ഞതിന് ശേഷം ഞാന്‍ കണ്ടത് കുറെ ആളുകള്‍ ബാബരി മസ്ജിദിന് ചുറ്റും നടക്കുന്നതാണ്. എന്തോ അപകടം നടക്കാന്‍ പോകുന്നു എന്ന് മനസ്സിലാക്കിയ ഞാന്‍ ബാബരി മസ്ജിദിന് നേരെ എതിര്‍ വശത്തുണ്ടായിരുന്ന ഒരു വലിയ കെട്ടിടത്തിന്റെ മുകളിലേക്ക് കയറി. മറ്റു ജേര്‍ണലിസ്റ്റുകളെല്ലാം താഴെ നില്‍ക്കുകയായിരുന്നു. ഞാന്‍ നില്‍ക്കുന്നിടത്ത് നിന്ന് നോക്കിയാല്‍ എല്ലാം കാണാനും കഴിയുമായിരുന്നു. അല്‍പം നേരം കഴിഞ്ഞപ്പോള്‍ തന്നെ വലിയ ബഹളം തുടങ്ങി.
ആദ്യം തന്നെ കര്‍സേവകര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ കാണുന്നത് കുറെ മാധ്യമപ്രവര്‍ത്തകര്‍ രക്തമൊലിപ്പിച്ച് നില്‍ക്കുന്നതാണ്. പിന്നീട് കര്‍സേവകര്‍ ബാബരി മസ്ജിദും തകര്‍ക്കാന്‍ തുടങ്ങി. പൊലീസും സംഭവ സ്ഥലത്തുണ്ടായിരുന്നു. പൊലീസ് ആക്രമികളെ തടയുകയായിരുന്നില്ല, പകരം ജേര്‍ണലിസ്റ്റുകളെ അവിടെ നിന്നും മാറ്റുകയാണുണ്ടായത്. പോലീസ് മുകളിലേക്കും വരാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ നോട്ട് ബുക്ക് ബാഗിനകത്ത് വെച്ച്, തൊട്ടടുത്തുണ്ടായിരുന്ന ഒരു കര്‍സേവകനില്‍ നിന്ന് അവര്‍ തലയില്‍ കെട്ടിയിരുന്ന കാവി കളറിലുള്ള ബാന്റ് വാങ്ങി തലയില്‍ കെട്ടി. നേരത്തെ മഹാരാഷ്ട്രയില്‍ നിന്നുള്ളവരുടെ ക്യാമ്പിലുണ്ടായിരുന്ന ഒരു കര്‍സേവകനായിരുന്നു അത്.
പൊലീസ് വന്ന് നോക്കിയപ്പോള്‍ ജേര്‍ണലിസ്റ്റുകളെ ആരെയും കണ്ടില്ല, ഞാനും കര്‍സേവകരുടെ കൂട്ടത്തിലുള്ളതാണെന്ന് തെറ്റിദ്ധരിച്ച് അവര്‍ പോകുകയും ചെയ്തു. മറ്റു മാധ്യമപ്രവര്‍ത്തകരെയെല്ലാം പോലീസ് അവിടെ നിന്ന് മാറ്റിയപ്പോഴും ഞാന്‍ മാത്രമേ മുഴുവന്‍ സമയവും അവിടെ ഉണ്ടായിരുന്നുള്ളൂ. രാത്രിയായപ്പോഴേക്കും ബാബരി മസ്ജിദ് അവര്‍ പൂര്‍ണമായും തകര്‍ത്തു. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഞാന്‍ നോക്കിയപ്പോള്‍ പുറത്ത് വിവിധയിടങ്ങളിലായി തീ പടരുന്നതും കണ്ടു. അപ്പോഴേക്കും അവിടെ കലാപം തുടങ്ങിയിരുന്നു,’ അനിത പ്രതാപ് പറഞ്ഞു.
CONTENT HIGHLIGHTS: Anita Pratap recalls Ayodhya experiences on the day Babri Masjid was demolished