| Thursday, 10th January 2019, 10:09 pm

കേരളത്തിലെ പ്രൈംടൈം ചര്‍ച്ചകള്‍ മലയാളികള്‍ക്ക് മടുത്തു കഴിഞ്ഞു; മാറ്റം അനിവാര്യമാണ് : അനിത പ്രതാപ്

സൗമ്യ ആര്‍. കൃഷ്ണ

കോഴിക്കോട്: വടക്കെ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തിന്റെ അത്രയും മോശമല്ലെങ്കിലും കേരളത്തിലെ മാധ്യമപ്രവര്‍ത്തനം പ്രത്യേകിച്ച് പ്രൈംടൈം ചര്‍ച്ചകള്‍ അസഹ്യമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന്
പ്രശസ്ത മാധ്യമപ്രവര്‍ത്തക അനിത പ്രതാപ്. റേറ്റിങ്ങും ടി.വി ചാനലുകള്‍ തമ്മിലുള്ള മത്സരവും കാരണം കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുന്നുവെന്നും അവര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

പഴഞ്ചരായ എഡിറ്റര്‍മാര്‍ കരുതുന്ന പോലെ ഉച്ചത്തിലുള്ള സംസാരവും ആക്രോശങ്ങളും ടി.ആര്‍.പി റേറ്റിങ്ങ് കൂട്ടുകയില്ല. ഞാനിത്ര ആത്മവിശ്വാസത്തോടെ പറയാന്‍ കാരണം ഞാന്‍ ഒരുപാട് പേരോട് ഇതിനെ പറ്റി സംസാരിച്ചിട്ടുള്ളത് കൊണ്ടാണെന്നും അനിത പ്രതാപ് പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അനിത.

ആളുകള്‍ക്ക് ഇതാണ് ഇഷ്ടമെന്നത് തെറ്റിദ്ധാരണയാണ്. വ്യത്യസ്തമായൊരു ആശയം തുടങ്ങി വെച്ചാല്‍ മറ്റുള്ളവര്‍ അത് പിന്തുടരുമെന്നതില്‍ സംശയമില്ല. എന്നാല്‍ നിലവില്‍ എല്ലാവരും ഒരേ ചേരുവ തന്നെയാണ് പരീക്ഷിക്കുന്നത്.നല്ല മിടുക്കരായ മാധ്യമപ്രവര്‍ത്തകറുള്ള സംസ്ഥാനമാണ് കേരളം. നഷ്ടപ്പെട്ടുപോയ പ്രതാപമെല്ലാം തിരിച്ചു പിടിക്കാന്‍ എളുപ്പമാണ്. നിലവിലെ സാഹചര്യം അവര്‍ക്ക് ജോലി ചെയ്യാന്‍ പറ്റുന്ന തരത്തിലേക്ക് മാറ്റിയെടുത്താല്‍ മതിയെന്നും അവര്‍ പറഞ്ഞു.

Also Read:  ചാരക്കേസില്‍ കൂടുതല്‍ ജയിലില്‍ കിടന്നത് ഫൗസിയ ഹസന്‍, കേരളം സഹായിക്കണം: നമ്പി നാരായണന്‍

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മീ ടു ആരോപണങ്ങള്‍ മുഖ്യധാര മാധ്യമങ്ങള്‍ അവഗണിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമസ്ഥാപനങ്ങളുടെ മേധാവികളുടെ കൂട്ടത്തിലൊന്നും തന്നെ സ്ത്രീകളില്ല എന്നത് തന്നെയാണ് പ്രധാന പ്രശ്‌നമെന്ന് അവര്‍ പറഞ്ഞു.

“പുരുഷാധിപത്യം തന്നെയാണ് വിഷയം. നഷ്ടങ്ങളെ പറ്റി ഭയപ്പെടാതെ സ്ത്രീകള്‍ തുറന്നു സംസാരിച്ചു കൊണ്ടെയിരിക്കുക എന്നതാണ് നമുക്ക് മുമ്പിലുള്ള പോംവഴി. മാധ്യമപ്രവര്‍ത്തകരുടെ സംഘടനകളിലോ അത്തരം ഏതെങ്കിലും വേദികളിലുമോ പരാതി എത്തിക്കുകയും ചെയ്യണം. മാനേജ്‌മെന്റുകള്‍ക്കും ഇക്കാര്യത്തില്‍ ഒരു പ്രധാന പങ്കുണ്ട്. പല സ്ഥലങ്ങളിലും രാജി വെക്കുന്നതാണ് എല്ലാത്തിന്റെയും പരിഹാരമായി കാണുന്നത്. ഇതിന്റെ വാര്‍ത്ത നല്‍കുവാനൊ അത് ചര്‍ച്ചയാക്കുവാനൊ തെറ്റ് ചെയ്തവരെ തുറന്ന് കാണിക്കുവാനൊ മാനേജ്‌മെന്റ് തയ്യാറാവുന്നില്ല. ജോലിചെയ്യുന്നിടങ്ങളില്‍ സ്്ത്രീകള്‍ക്ക് നേരെ ആക്രണണമുണ്ടാവുന്നത് മൗലികാവകാശ ലംഘനമാണ്. അതിനോട് ഒരു തരിമ്പ് പോലും സഹിഷ്ണുത പാടില്ല.” അനിത പ്രതാപ് പറഞ്ഞു.

ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് അനിത പ്രതാപ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ആരെയും അനുവദിച്ചുകൂടാ. ഇന്ന് സംഘപരിവാറിന്റെ ആക്രമണങ്ങളെ അവഗണിച്ചാല്‍ നാളെ മറ്റാരെങ്കിലും നിങ്ങളെ തേടിയെത്തും. ആക്രമങ്ങള്‍ നടത്തുന്നത് ഭീരുക്കളാണ്. അവരെ ഒരിക്കല്‍ നിയമപരമായി നേരിട്ടാല്‍ പിന്നീട് അവരത് ചെയ്യില്ല. വൈകിയെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ അനിത അഭിനന്ദിച്ചു.

എ.എ.പി യുടെ നിലവിലുള്ള പ്രവര്‍ത്തനത്തില്‍ സംതൃപ്തയാണൊ എന്ന ചോദ്യത്തിന് 2014 ന് ശേഷം എ.എ.പി യെ നിരീക്ഷിക്കുന്നില്ല അതിനാല്‍ അതിനെകുറിച്ച് പറയാന്‍ കഴിയില്ല എന്നും അനിത പ്രതാപ് പറഞ്ഞു.

സൗമ്യ ആര്‍. കൃഷ്ണ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more