| Wednesday, 9th October 2024, 4:55 pm

ഒരുപാട് പ്രഷറില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ റിപ്പീറ്റടിച്ചു കാണുന്ന രണ്ട് രജിനികാന്ത് സീനുകള്‍ അതൊക്കെയാണ്: അനിരുദ്ധ് രവിചന്ദര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മുന്‍നിര സംഗീതസംവിധായകനാണ് അനിരുദ്ധ്. ധനുഷ് നായകനായ ത്രീയിലൂടെയാണ് അനിരുദ്ധ് സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. ആദ്യ ചിത്രത്തിലെ ‘വൈ ദിസ് കൊലവെറി’ എന്ന ഗാനം വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. പിന്നീട് കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ തമിഴ് സിനിമയുടെ മുന്‍നിരയിലേക്ക് അനിരുദ്ധ് ഓടിക്കയറുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. ഓരോ സിനിമക്ക് വേണ്ടി ചെയ്യുന്ന പാട്ടുകളും ചാര്‍ട്ട്ബസ്റ്റേഴ്‌സ് ആക്കുന്നതില്‍ അനിരുദ്ധ് തന്റെ സമകാലീനരെക്കാള്‍ ബഹുദൂരം മുന്നിലാണ്.

രജിനികാന്ത് നായകനാകുന്ന വേട്ടയ്യനിലും അനിരുദ്ധാണ് സംഗീതം. താന്‍ രജിനികാന്തിന്റെ വലിയ ആരാധകനാണെന്ന് അനിരുദ്ധ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എപ്പോഴെല്ലാം രജിനിക്ക് വേണ്ടി സംഗീതമൊരുക്കുന്നുവോ അപ്പോഴെല്ലാം തന്റെ കഴിവിന്റെ 1000 ശതമാനം ആ പാട്ടിന് വേണ്ടി ചെലവാക്കുമെന്ന് അനിരുദ്ധ് പറഞ്ഞിട്ടുണ്ട്. വേട്ടയ്യന്റെ ഓഡിയോ ലോഞ്ചില്‍ അനിരുദ്ധ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

താന്‍ പ്രഷറില്‍ നില്‍ക്കുന്ന സമയത്ത് സാധാരണഗതിയിലേക്കെത്താന്‍ വേണ്ടി രജിനികാന്തിന്റെ രണ്ട് സീനുകള്‍ റിപ്പീറ്റ് ചെയ്ത് കാണുമെന്ന് അനിരുദ്ധ് പറഞ്ഞു. അതില്‍ ആദ്യത്തേത് അണ്ണാമലൈയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ച ശേഷമുള്ള രജിനിയുടെ ഇന്‍ട്രോയും രണ്ടാമത് അതേ സിനിമയില്‍ തന്നെ ദൈവത്തിന്റെ കോടതിയുണ്ട് എന്ന രജിനി പറയുന്ന സീനുമാണെന്ന് അനിരുദ്ധ് കൂട്ടിച്ചേര്‍ത്തു. രജിനിക്ക് വേണ്ടി ഒരു ഫാന്‍ബോയ് എന്ന നിലയില്‍ ഈ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും അനിരുദ്ധ് പറഞ്ഞു.

‘ഞാന്‍ വര്‍ക്ക് ചെയ്യുന്ന 37ാമത്തെ സിനിമയാണിത്. അതില്‍ തന്നെ ഈ ഒരു ഓഡിയോ ലോഞ്ച് എന്നെ സംബന്ധിച്ച് വളരെയധികം സ്‌പെഷ്യലാണ്. ഇവിടെ തലൈവരെ കാണാന്‍ വന്ന ആയിരക്കണക്കിന് ആളുകളുടെ പ്രതിനിധിയായാണ് ഞാന്‍ ഈ വേദിയില്‍ നില്‍ക്കുന്നത്. തലൈവര്‍ എന്റെ ജീവിതത്തില്‍ എത്രമാത്രം സ്‌പെഷ്യലാണെന്ന് ചോദിച്ചാല്‍ അതിനൊരു ഉദാഹരണം പറയാം.

കഴിഞ്ഞയാഴ്ച വല്ലാതെ പ്രഷര്‍ അനുഭവിച്ച് നില്‍ക്കുന്ന സമയത്ത് ഞാന്‍ അണ്ണാമലൈയിലെ രണ്ട് സീനുകള്‍ കണ്ടു. എപ്പോഴെല്ലാം പ്രഷറില്‍ നില്‍ക്കുന്നോ അപ്പോഴെല്ലാം ഞാന്‍ ആ സീനുകളാണ് കാണാറുള്ളത്. ഒന്ന് ‘പ്രസിഡന്റ് ഇലക്ഷനില്‍ ഏറ്റവുമധികം വോട്ട് നേടി ജയിച്ചത് അണ്ണാമലൈ’ എന്ന് പറഞ്ഞ് തീരുമ്പോള്‍ തലൈവര്‍ വാതില്‍ തുറന്നുവരുന്നത്. രണ്ടാമത്തേത് അതേ സിനിമയില്‍ തന്നെ ദൈവത്തിന്റെ കോടതിയുണ്ട് എന്ന് പറയുന്നത്. ഈ രണ്ട് സീനും കാണുമ്പോള്‍ കിട്ടുന്ന പോസിറ്റീവ് എനര്‍ജി ഒന്ന് വേറെ തന്നെയാണ്,’ അനിരുദ്ധ് പറഞ്ഞു.

Content Highlight: Anirudh shares his favorite scene of Rajnikanth

We use cookies to give you the best possible experience. Learn more